
കൊച്ചി: കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. നൻ പകൽ നേരത്ത് മയക്കം തന്നെയാണ് മികച്ച ചിത്രവും. സംസ്ഥാന അവാര്‍ഡുകളുടെ കാര്യത്തില്‍ മമ്മൂട്ടി ഇതോടെ റെക്കോഡ് നേട്ടത്തില്‍ എത്തി. അതേ സമയം മമ്മൂട്ടിയെയും മറ്റ് അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചു.
മമ്മൂട്ടിയെ എന്റെ ഇച്ചാക്ക എന്നാണ് മോഹൻലാൽ കുറിപ്പിൽ അഭിസംബോധന ചെയ്താണ് മോഹന്‍ലാലിന്‍റെ പോസ്റ്റ്.മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവരേയും പേരെടുത്ത് മോഹന്‍ലാല്‍ തന്‍റെ പോസ്റ്റിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
'കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾക്ക് അഭിനന്ദനങ്ങൾ. മമ്മൂട്ടി, എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്കും പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും.' - എന്നാണ് മോഹന്‍ലാലിന്‍റെ പോസ്റ്റ്. എന്നാല്‍ പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന് നന്ദി അറിയിച്ച് മമ്മൂട്ടി കമന്‍റ് ചെയ്തു. 'പ്രിയപ്പെട്ട ലാല്‍ ആശംസകള്‍ക്ക് നന്ദി എന്നാണ് മമ്മൂട്ടി കമന്‍റ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്ര അവാര്‍ഡില്‍ വിന്‍സി അലോഷ്യസ് ആണ് മികച്ച നടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. അറിയിപ്പ് ഒരുക്കിയ മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍. കുഞ്ചാക്കോ ബോബനും അലന്‍സിയറിനും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൌതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്.
മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ജൂറിയുടെ വിലയിരുത്തല്‍ ഇങ്ങനെ- "മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂര്‍വ്വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയമികവ്. ജെയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍, രണ്ട് ഭാഷകള്‍, രണ്ട് സംസ്കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭ", മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ജൂറി കുറിച്ചു.
മമ്മൂട്ടി കമ്പനി എന്ന പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം. ജനുവരിയിലായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്.
അമ്പതാം വയസില്‍ വീണ്ടും അച്ഛനായ സന്തോഷം; കുഞ്ഞുമായി ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് പ്രഭുദേവ
റിലീസ് ആയതിന് പിന്നാലെ നോളന്‍റെ "ഓപ്പൺഹൈമർ" ചിത്രത്തിന് ഇരുട്ടടിയായി ആ വാര്‍ത്ത.!