സിനിമയില്‍ മാത്രമല്ല സ്‍ക്രീനിനു പുറത്തും വല്ല്യേട്ടൻ

By Web TeamFirst Published Sep 7, 2021, 6:46 AM IST
Highlights

വല്ലേട്ടൻ വാത്സല്യം അറിഞ്ഞോ അറിയാതെയോ മമ്മൂട്ടിക്ക് ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തിയത് മോഹൻലാല്‍ അടക്കമുള്ളവരാണ്.

വല്ല്യേട്ടൻ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന പേരുകളില്‍ ഒന്ന് മമ്മൂട്ടിയായിരിക്കും. മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങളില്‍ നേരിട്ടും അല്ലാതെയും വല്ല്യേട്ടന്റെ സ്‍നേഹം ആവോളം അനുഭവിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. വല്യേട്ടൻ എന്ന പേരില്‍ തന്നെ മമ്മൂട്ടി സിനിമ എത്തിയതും അതുകൊണ്ടാകും. സഹോദരങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന വല്യേട്ടൻ. സിനിമക്കകത്ത് മാത്രമല്ല സ്‍ക്രീനിനു പുറത്തും മമ്മൂട്ടിയിലെ വല്യേട്ടന്റെ സ്‍നേഹം അനുഭവിച്ച സഹപ്രവര്‍ത്തകരുമുണ്ട്.

മലയാളത്തില്‍ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ വാത്സല്യത്തിലാണ് വല്ല്യേട്ടന്റെ സ്‍നേഹം മമ്മൂട്ടി ഏറ്റവും കൂടുതല്‍ അനുഭവിപ്പിച്ചത്. കുടുംബത്തിന്റെ നെടുംതൂണാകുകയും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയും ചെയ്യുന്ന മേലേടത്ത് രാഘവൻ നായരായിട്ടാണ് മമ്മൂട്ടി വല്യേട്ടനായത്. സഹോദരങ്ങള്‍ക്ക് വാത്സല്യം ആവോളം പകര്‍ന്നു കൊടുക്കുന്ന വല്ല്യേട്ടനെ ചിത്രം കണ്ടുകഴിഞ്ഞും പ്രേക്ഷകര്‍ ഒപ്പം കൂട്ടിയിട്ടുണ്ടാകുമെന്നത് തീര്‍ച്ച. മലയാളി കുടുംബത്തിലെ വല്ല്യേട്ടൻ തന്നെയായി മാറി മേലേടത്തെ രാഘവൻ നായര്‍.

അറയ്ക്കൽ മാധവനുണ്ണിയാണ്  മമ്മൂട്ടി 'വല്ല്യേട്ട'നെന്ന ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. വല്ല്യേട്ടൻ എന്നപേരില്‍ തന്നെയെത്തിയ ചിത്രത്തില്‍ അനിയൻമാര്‍ക്ക് രക്ഷകനായി നില്‍ക്കുന്ന കഥാപാത്രമായിരുന്നു മമ്മൂട്ടി. എന്റെ കുട്ടികള്‍ എന്നാണ് മമ്മൂട്ടി അനിയൻമാരെ വിളിക്കുന്നതും. ധ്രുവം എന്ന സിനിമയില്‍ ഒറ്റൊരു അനിയൻ മാത്രമാണ് മാത്രമാണ് മമ്മൂട്ടിക്കുള്ളതെങ്കിലും ഏട്ടനായി നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. നരസിഹം മന്നാഡിയാരായി മമ്മൂട്ടി എത്തിയപ്പോള്‍ വീരസിംഹനെന്ന അനിയൻ കഥാപാത്രമായിട്ടായി ജയറാമാണ് എത്തിയത്. കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കഥയുള്ള ചിത്രമായ തനിയാവര്‍ത്തനത്തിലും ഏട്ടൻ ഭാവമായിരുന്നു മമ്മൂട്ടിക്ക്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഇളയ സഹോദരനായി മുകേഷ് അഭിനയിക്കുകയും ചെയ്‍തു.

ഹിറ്റ്‍ലര്‍ എന്നായിരുന്നു ഒരു ചിത്രത്തില്‍ മമ്മൂട്ടിയുടെ ഏട്ടൻ ഭാവത്തിന് പേര്. സഹോദരിമാരെ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന കഥാപാത്രമായ മാധവൻകുട്ടി ആയിട്ടാണ് ഹിറ്റ്‍ലര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. ആറ് സഹോദരിമാരുടെ ഏട്ടനായിട്ടായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. സഹോദരിമാര്‍ തള്ളിപ്പറയുമ്പോള്‍ ഉള്ളുലയുന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിക്ക്. പുറമേയുള്ള ആള്‍ക്കാര്‍ക്ക് ഭീകരനെന്ന് തോന്നുമെങ്കിലും സഹോദരിമാരെ പിരിഞ്ഞുള്ള ഒരു ജീവിതമില്ല ഈ ഏട്ടന് എന്ന് ക്ലൈമാക്സിലും അടിവരയിടുന്നു.

മമ്മൂട്ടി വല്യേട്ടൻ സ്‍നേഹംകാട്ടിയ ചിത്രങ്ങള്‍ ഇങ്ങനെ എണ്ണത്തില്‍ ഏറെയുണ്ട്. വെള്ളിത്തിരയില്‍ മാത്രമല്ല സ്‍ക്രീനിനു പുറത്തും വല്ലേട്ടൻ ഭാവം അറിഞ്ഞോ അറിയാതെയോ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് സഹപ്രവര്‍ത്തകരും. മമ്മൂട്ടിയെന്ന സഹപ്രവര്‍ത്തകനെ മോഹൻലാല്‍ വിളിക്കുന്നത് ഇച്ചാക്ക എന്നാണ്. മൂത്ത സഹോദരനെയെന്ന പോലെ. സഹോദരങ്ങള്‍ വിളിക്കുന്നതുപോലെയാണ് മോഹൻലാല്‍ തന്നെ വിളിക്കാറുള്ളതെന്ന് മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്.

മോഹൻലാലിനോട് മമ്മൂട്ടിക്കുള്ള കരുതല്‍ വെളിപ്പെടുന്ന സംഭവം പറഞ്ഞത് സംവിധായകൻ വൈശാഖായിരുന്നു. പുലിമുരുകൻ എന്ന സിനിമയില്‍ മോഹൻലാല്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷയെ കുറിച്ചായിരുന്നു മമ്മൂട്ടിക്ക് ആശങ്ക. മോഹൻലാലിന് സംഘട്ടന രംഗങ്ങളിലെ താല്‍പര്യം അറിയാവുന്ന മമ്മൂട്ടി അദ്ദേഹത്തിന്റെ സുരക്ഷ നോക്കണം എന്നാണ് പറയുന്നത്. മോഹൻലാല്‍ സംഘട്ടന രംഗങ്ങളില്‍ എല്ലാം ചെയ്യാം എന്ന് പറയും എങ്കിലും സുരക്ഷ ഉറപ്പുവരുത്തണമെന്ന് മമ്മൂട്ടി പറഞ്ഞയതായി വൈശാഖൻ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കാൻ പോകുമ്പോള്‍ വെറുതെ തല്ലുകൊള്ളാൻ പോകരുത് എന്നായിരുന്നു സുരേഷ് ഗോപിയോട് മമ്മൂട്ടി പറഞ്ഞത്. കാമ്പുള്ള കഥാപാത്രമാണെങ്കില്‍മാത്രം തമിഴ് ചിത്രത്തില്‍ അഭിനയിച്ചാല്‍ മതിയെന്നുമായിരുന്നു സുരേഷ് ഗോപിയോടുള്ള മമ്മൂട്ടിയുടെ ഉപദേശം.

മാലിക്കില്‍ പ്രായമുള്ള കഥാപാത്രമായി അഭിനയിപ്പിക്കാൻ ഫഹദിന്റെ തടികൂട്ടരുത് എന്നാണ് സംവിധായകൻ മഹേഷ് നാരായണനോട് മമ്മൂട്ടി പറയുന്നത്. തടി കൂടിയാല്‍ ഫഹദിന് അഭിനയത്തില്‍ ബാലൻസ് നഷ്‍ടപ്പെടും എന്നായിരുന്നു മമ്മൂട്ടി ചൂണ്ടിക്കാട്ടിയത്. അങ്ങനെ സഹപ്രവര്‍ത്തകരുടെ കാര്യത്തിലും കാട്ടുന്ന കരുതലുകളിലൂടെ മലയാളത്തിന്റെ വല്ല്യേട്ടനായി നിറഞ്ഞുനില്‍ക്കുകയാണ് എഴുപതിന്റെ നിറവില്‍  മമ്മൂട്ടി.

click me!