
'അച്ഛനെ ആരൊക്കെ കൈവിട്ടാലും വിടാത്ത ഒരാളുണ്ട്. കരയണത് കണ്ടാല്‍ സമാധാനിപ്പിക്കും. ചിരിക്കണത് കണ്ടാ കൂടെ ചിരിക്കും. കണ്ട വിളിക്കണത് കണ്ട.. സമാധാനിപ്പിക്കാനാണ്.. കരയണ്ടാന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ..' ഇങ്ങനെ തൊണ്ടയിടറി പറഞ്ഞ് അമരത്തിലെ അച്ചൂട്ടി കടലമ്മയുടെ മടിത്തട്ടിലേക്ക് പോകുമ്പോള്‍ കണ്ണുനിറഞ്ഞവരാണ് നമ്മള്‍. അച്ചുവിന്റെ മാത്രമല്ല, തനിയാവര്‍ത്തനത്തിലെ ബാലൻ മാഷിന്റെയും ഭൂതക്കണ്ണാടിയിലെ വിദ്യാധരന്റെയുമൊക്കെ ശബ്‍ദമിടറിയിപ്പോള്‍ ഒപ്പം സങ്കടപ്പെട്ട് മലയാളികളുടെയും കണ്ണുനിറഞ്ഞു. തിയറ്ററുകളിലെ ഇരുട്ടില്‍ വിങ്ങിപ്പൊട്ടി. തിയറ്റര്‍ വിട്ടിറങ്ങിയാലും, ആര്‍ത്തുപെയ്യുന്ന മഴ പോലെ ആ സങ്കടം കുറച്ചേറെ സമയമെങ്കിലും പലരുടെയും മനസില്‍ തോരാതെ നിന്നുണ്ടാകും. മമ്മൂട്ടിയുടെ ശബ്‍ദത്തിന്റെ വൈകാരികതയോട് ചേര്‍ന്നുനില്‍ക്കാതിരിക്കാൻ മലയാളിക്ക് ആവില്ല. എഴുപതിന്റെ നിറവില്‍ മമ്മൂട്ടിയെന്ന മഹാനടൻ എത്തിനില്‍ക്കുമ്പോള്‍ ചിലരുടെയെങ്കിലും ഓര്‍മകളില്‍ ആ സങ്കടപ്പെയ്‍ത്തുണ്ടാകും. സ്‍ക്രീനിലെ മമ്മൂട്ടിക്കൊപ്പം സ്വയംനീറി കരഞ്ഞുതീര്‍ത്ത് സമാധാനം കണ്ടെത്തിയതിന്റെ ഓര്‍മകള്‍. അല്ലെങ്കില്‍ കുറേയേറെ നാള്‍ മനസിനെ വേട്ടയാടിയ ആ മമ്മൂട്ടി കഥാപാത്രങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍.
കഥാപാത്രത്തിന്റെ സങ്കടം പ്രേക്ഷകരുടേതുമാക്കി മാറ്റുന്നതില്‍ സ്വന്തം ശബ്‍ദത്തെ ഉപയോഗപ്പെടുത്തിയ നടൻമാരില്‍ മമ്മൂട്ടിയോളം മറ്റൊരാളില്ല. മമ്മൂട്ടിയുടെ ശബ്‍ദത്തിന്റെ താളവും ഭാവസാന്ദ്രതയും ചേരുമ്പോള്‍ കഥാപാത്രത്തിന്റെ വൈകാരികാനുഭവം പ്രേക്ഷകരിലേക്ക് അതേതീവ്രതയില്‍ എത്തിയതിന് ഉദാഹരങ്ങള്‍ എണ്ണത്തില്‍ ഒരുപാടുണ്ട്. കടപ്പുറത്തുകാരുടെ കഥ പറഞ്ഞ അമരത്തിലെ അച്ചുവിന് വേണ്ടി മമ്മൂട്ടി ശരീരം കൊണ്ടുമാത്രമല്ല പരകായപ്രവേശം നടത്തിയത്. ശബ്‍ദത്തിന്റെ കൃത്യമായ വൈകാരികാനുഭവമാണ് മമ്മൂട്ടി അച്ചുവിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. മുരളിയോടും മാതുവുവോടുമൊക്കെയുള്ള സംഭാഷണങ്ങളില്‍ കഥാപാത്രത്തിന്റെ ഉള്‍ക്കാമ്പ് തുറന്നുകാട്ടാൻ മമ്മൂട്ടിക്ക് കഴിഞ്ഞത് അനുഗ്രഹീതമായ ശബ്‍ദവും കൊണ്ടായിരുന്നു. മലയാളത്തിന്റെയെന്നല്ല ഇന്ത്യൻ സിനിമയുടെ തന്നെ ഭാവാഭിനയ ചക്രവര്‍ത്തിയുടെ സിംഹാസനത്തില്‍ ഇരിപ്പുറപ്പിക്കാനും മമ്മൂട്ടിക്ക് കഴിഞ്ഞുവെന്നത് കേവലം വിശേഷണവാക്കല്ല.
വല്യേട്ടനായാലും ആത്മനൊമ്പരങ്ങളുടെ നെരിപ്പോടുകളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളായാലും മമ്മൂട്ടി എന്ന നടന്റെ, ഭാവം കൊണ്ടും ശബ്‍ദംകൊണ്ടും ഒരുപോലെയുള്ള വൈകാരികാഭിനയം അത്രമേല്‍ തീക്ഷണവുമാണെന്നത് സാക്ഷ്യംപറയുന്ന സിനിമകള്‍ ഒരുപാടുണ്ട്. തലമുറകളായി കൈമാറിക്കിട്ടിയ ഭ്രാന്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കാൻ വിഷം പുരട്ടിയ ചോറുരുള അമ്മ ഊട്ടുമ്പോള്‍ ബാലൻ മാഷിന്റെ കണ്ണ് നനഞ്ഞിരുന്നില്ല. പക്ഷേ 'തനിയാവര്‍ത്തന'ത്തില്‍ ബാലൻ മാഷ് ഉള്ളില്‍ കരയുകയായിരുന്നിരിക്കാം. അല്ലെങ്കില്‍ പേരിട്ടുവിളിക്കാനാകാത്ത ഏതോ വികാരത്താല്‍ പിടയുകയായിരുന്നിരിക്കാം. മമ്മൂട്ടിയുടെ ഭാവാഭിനയത്രീവതയിലെ നെരിപ്പോടില്‍ പ്രേക്ഷക മനസും വെന്തുനീറിയിട്ടുണ്ടാകും.
'വേഷങ്ങള്‍ ജന്മങ്ങള്‍' എന്ന പാട്ടുരംഗം നൊമ്പരത്തോടെയല്ലാതെ ആര്‍ക്കും കണ്ടുതീര്‍ക്കാനാകില്ല. 'വേഷങ്ങള്‍' എന്ന ചിത്രത്തില്‍ കുടുംബത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അപ്പു ജീവിതത്തില്‍ തകര്‍ന്നുപോകുന്ന രംഗങ്ങളില്‍ ഒന്നായിരുന്നു അത്. അപ്പുവെന്ന കഥാപാത്രത്തിന്റെ ജീവിത സംഘര്‍ഷങ്ങളിലെ കഠിനമായ സന്ദര്‍ഭങ്ങളില്‍ ഉള്ള ഗാനത്തിലെ, 'ആകാശം കരയുമ്പോള്‍' എന്ന വരികള്‍ പോലെയായിരുന്നു പ്രേക്ഷകാനുഭവവും.
കൗരവര്‍ എന്ന ചിത്രത്തില്‍ ജയിലില്‍ നിന്ന് പുറത്തുപോകാനിരിക്കെ ആന്റണി പറഞ്ഞ വാക്കുകള്‍ ഒരേസമയം പകയും സങ്കടവും ചേര്‍ത്തുള്ളതായിരുന്നു. 'ഞാൻ തിരിച്ചുവരും. ഒന്നും മറക്കാതിരിക്കാൻ.. മനസിലെ കനല്‍ കെട്ടുപോകാതിരിക്കാൻ.. കണക്കുകള്‍ ഒരുപാട് തീര്‍ക്കാനുണ്ട്.. എന്റെ സുജിയുടെ ജീവന്റെ വില.. എന്റെ മോളുടെ ജീവന്റെ വില.. പിന്നെ തകര്‍ത്തെറിഞ്ഞ മറ്റു ചില ജീവനുകളുടെയും വില.. അങ്ങനെ ഒരുപാട് കണക്കുകള്‍'- കൗരവരില്‍ മമ്മൂട്ടിയുടെ ആന്റണി ജയലിറോട് ഇങ്ങനെ പറയുമ്പോള്‍ പകയുടെ തീക്ഷ്‍ണതയുണ്ടെങ്കിലും കണ്ണുനിറയാതിരിക്കാൻ പാടുപെടുകയാണ്. ചിത്രത്തിനൊടുവില്‍ പകയുടെ കനല്‍ കെട്ട് സ്‍നേഹത്തിന്റെ വൈകാരികതയാണ് ആന്റണിയുടെ വാക്കുകളില്‍. ' കുട്ടികള്‍ക്ക് ഞാൻ മാത്രമേയുള്ളൂവെന്ന്, എന്റെ മക്കള്‍..' എന്ന് ആന്റണി മുരളിയോട് പറയുന്ന രംഗം അത്രമേല്‍ വൈകാരികമായിരുന്നു.
'കാഴ്‍ച'യില്‍ കൊച്ചുണ്ടാപ്രിയയെ നഷ്‍ടപ്പെടുമെന്ന് അറിയുമ്പോള്‍ മാധവൻ അനുഭവിക്കുന്ന സങ്കടം വൈകാരികപ്രകടനങ്ങളുടെ ആധിക്യത്താലല്ലാതെ ചില നോട്ടങ്ങളുടെയും സംഭാഷണത്തില്‍ ശബ്‍ദത്തിന്റെ ഏറ്റക്കുറച്ചലിലൂടെയുമാണ് മമ്മൂട്ടി അനുഭവിച്ചത്.
രാപ്പകലിലെ 'കൃഷ്‍ണൻ' കുടുംബ ഫോട്ടോയെടുപ്പില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ മമ്മൂട്ടിയുടെ മുഖത്ത് ചിരിയുടെ മങ്ങലിനൊപ്പം അടക്കിപ്പിടിച്ച സങ്കടവുമുണ്ട്. പളുങ്കില്‍ മകളെ നഷ്‍ടപ്പെട്ട ദു:ഖത്തില്‍ മഴയത്ത് പൊട്ടിക്കരയുകയാണ് മമ്മൂട്ടിക്കഥാപാത്രം. ചിലപ്പോള്‍ വാവിട്ടുകരഞ്ഞും, മറ്റ് ചിലപ്പോള്‍ നെഞ്ചകത്ത് സങ്കടങ്ങളുടെ കടല്‍ ഒളിപ്പിച്ചുമൊക്കെ മമ്മൂട്ടി എത്രയോ തവണ നമ്മെ കരയിപ്പിച്ചിരിക്കുന്നു. പ്രേക്ഷകന്റെ ഉള്ളുശുദ്ധീകരിക്കാനെന്ന പോലെ.