
മലയാളി സിനിമാപ്രേമികള്‍ ഏറ്റവും സ്നേഹിക്കുന്ന രണ്ട് ചലച്ചിത്ര താരങ്ങള്‍ ആരൊക്കെയെന്ന ചോദ്യത്തിന് ഉത്തരം ഇതേയുള്ളൂ- മോഹന്‍ലാലും മമ്മൂട്ടിയും. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ചവന്‍ എന്ന തര്‍ക്കം ഇരുവരുടെയും ആരാധകര്‍ക്കിടയില്‍ എപ്പോഴും നിലനില്‍ക്കുന്ന ഒന്നാണെങ്കിലും അവരുടെ ഇഴയടുപ്പമുള്ള ബന്ധത്തെ അതൊന്നും ബാധിക്കാറില്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറവും അത് ഊഷ്മളമായി നിലനിന്നുപോരുന്നുണ്ട്. ഇരുവരുടെയും എല്ലാ പിറന്നാളുകള്‍ക്കും മറ്റെയാള്‍ സമൂഹമാധ്യമത്തിലൂടെ ആശംസകള്‍ നേരാറുണ്ട്. ഇപ്പോഴിതാ ആ പതിവിന് മാറ്റമൊന്നും ഇല്ലാതെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.
പിറന്നാള്‍ ആശംസകള്‍ പ്രിയ ലാല്‍, എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 45,000 ല്‍ അധികം ലൈക്കുകളാണ് ഫേസ്ബുക്കില്‍ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളില്‍ ഏറ്റവും ലൈക്ക് നേടിയ പോസ്റ്റും ഇതുതന്നെ ആവും. ആരുടെയൊക്കെ ആശംസകൾ കിട്ടിയാലും മമ്മൂക്കയുടെ പിറന്നാൾ ആശംസകൾ കിട്ടിയാൽ മാത്രമേ ലാലേട്ടന്റെ ജന്മദിന ആഘോഷം പൂർണ്ണമാകൂ, എന്നാണ് താഴെയുള്ള നിരവധി കമന്‍റുകളില്‍ ഒന്ന്.
അതേസമയം കരിയറിലെ വലിയ വിജയ ഘട്ടത്തില്‍ നില്‍ക്കുകയാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ഇടവേളയ്ക്ക് ശേഷം ഒരു ഇന്‍ഡസ്ട്രി ഹിറ്റ് ലഭിച്ചു എന്ന് മാത്രമല്ല, തുടര്‍ച്ചയായി എത്തിയ രണ്ട് ചിത്രങ്ങള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 500 കോടിക്ക് അടുത്ത് കളക്റ്റ് ചെയ്യുകയുമുണ്ടായി. എമ്പുരാന്‍, തുടരും എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. മാര്‍ച്ച് 27 നാണ് എമ്പുരാന്‍ റിലീസ് ആയത്. തുടരും ഏപ്രില്‍ 25 നും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി എമ്പുരാന്‍ മാറിയപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ സിനിമയായി തുടരും മാറി.
അതേസമയം പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമോ എന്ന കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകര്‍. കൃഷാന്ദിന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം തൻറെ നിർമ്മാണത്തിൽ പ്ലാനിംഗിൽ ഉണ്ടെന്ന് മണിയൻപിള്ള രാജു പറഞ്ഞിരുന്നു. വിപിൻ ദാസിൻറെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രം, അമൽ നീരദ്, ബ്ലെസി, ജിത്തു മാധവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിവയും മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ദൃശ്യം 3, ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ അസ്രായേൽ എന്നിവ വരുമെന്ന് ഉറപ്പാണ്. തെലുങ്ക് ചിത്രം കണ്ണപ്പ, ജയിലർ 2 എന്നിവയിലെ അതിഥി വേഷം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലെ വേഷം, പാൻ ഇന്ത്യൻ ചിത്രം വൃഷഭ എന്നിവയും മോഹൻലാലിൻറേതായി വരാനുണ്ട്. ദിലീപ് നായകനാവുന്ന ഭഭബ എന്ന ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.