
അസമില്‍ നിന്ന് കേരളത്തിലെത്തി ഇന്ന് സെലിബ്രിറ്റി മേക്ക് അപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് ജാന്‍മണി ദാസ്. മലയാളം സിനിമാരംഗത്തും വിനോദമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജാന്‍മണിക്ക് സാധിച്ചിട്ടുണ്ട്. മുൻനിര അഭിനേതാക്കളടക്കം പലരെയും ജാൻമണി മേക്കപ്പ് ചെയ്തിട്ടുമുണ്ട്. തനിക്കെതിരെ വരുന്ന ട്രോളുകളോട് പ്രതികരിച്ചു കൊണ്ടുള്ള ജാൻമണിയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. സുഹൃത്തും ബിഗ് ബോസിൽ ജാൻമണിയുടെ സഹതാരവുമായിരുന്ന അഭിഷേകും ഒപ്പമുണ്ടായിരുന്നു.
തന്നെ കൊച്ചപ്രേമൻ എന്നു വിളിക്കുന്നവർ തന്നെയല്ല, അദ്ദേഹത്തെയാണ് അപമാനിക്കുന്നതെന്ന് ജാൻമണിദാസ് പറയുന്നു. ''പൂതന എന്നൊക്കെ എന്നെ വിളിക്കാറുണ്ട്. എനിക്ക് ഇതൊന്നും കണ്ടിട്ട് വിഷമം തോന്നാറില്ല. മൈൻഡ് ചെയ്യാറുമില്ല. ട്രോളുകൾ കാണുമ്പോൾ ചിരിയാണ് വരാറ്. അവരുടെയൊക്കെ നിലവാരം അത്രയേ ഉള്ളൂ. കൊച്ചുപ്രേമൻ എന്നു വിളിച്ച് എന്നെ പരിഹസിക്കാം എന്നാണ് ചിലർ കരുതുന്നത്.
പക്ഷേ, അവർ എന്നെയല്ല, അദ്ദേഹത്തെയാണ് കളിയാക്കുന്നത്. അദ്ദേഹം ഒരു നല്ല കലാകാരനാണ്. ഒരു പണിയുമില്ലാതെ 24 മണിക്കൂറും ഫോണും കയ്യിൽ പിടിച്ചിരിക്കുന്നവരാണ് ഇത്തരത്തിലുള്ള കമന്റുകളിടുന്നത്. ഈ പറയുന്നവരാരും എനിക്ക് ചെലവിനുള്ള പണം നൽകുന്നില്ല'', ജാൻമണി ദാസ് പറഞ്ഞു.
ഒരു ദിവസം രാത്രി കമന്റുകൾ കണ്ട് തന്നെ വിളിച്ച് ജാൻമണി ഭയങ്കര ചിരിയായിരുന്നു എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം. ''ഒരു ദിവസം കോഴിക്കോടു നിന്നും കൊച്ചിയിലേക്ക് വരുന്ന വഴിയും ഇതു തന്നെയായിരുന്നു. കൊച്ചി എത്തുന്നതു വരെ കമന്റുകൾ വായിച്ച് ചിരിയോ ചിരി. അടുത്തിരിക്കുന്നയാളുടെ ദേഹത്ത് അടിച്ചായിരിക്കും ചിരിക്കുന്നത്. ജാനുവിന് മലയാളം വായിക്കാൻ അറിയില്ല. ആരെങ്കിലും വായിക്കും. ജാനു ഇതുകേട്ട് ഭയങ്കര ചിരിയായിരിക്കും'', അഭിഷേക് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക