മമ്മൂട്ടിയുടെ 'വണ്ണി'ന് പൂര്‍ത്തിയാക്കാനുള്ളത് ആള്‍ക്കൂട്ടമുള്ള ഒരു ഔട്ട്ഡോര്‍ സീക്വന്‍സ്

By Web TeamFirst Published Jun 30, 2020, 8:20 PM IST
Highlights

ടെയില്‍ എന്‍ഡിലേക്കു വേണ്ട ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് ചിത്രീകരണത്തില്‍ അവശേഷിക്കുന്നതെന്നും പക്ഷേ അത് ആള്‍ക്കൂട്ടം ആവശ്യമുള്ള, ഔട്ട്ഡോറില്‍ ചിത്രീകരിക്കേണ്ട സീക്വന്‍സ് ആണെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് 

കൊവിഡിന്‍റെ കടന്നുവരവ് സിനിമാമേഖലയെ ബാധിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയ ബിഗ് ബജറ്റ് സിനിമകള്‍ തീയേറ്ററുകളിലെത്തിക്കാനാവാത്ത സാഹചര്യം നിലവിലുള്ളപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാവാനുള്ള സിനിമകളുമുണ്ട്. ചിത്രീകരണം പകുതിക്കുവച്ചും അതിനുമുന്‍പുമൊക്കെ മുടങ്ങിയ സിനിമകള്‍ ഉള്ളപ്പോള്‍ ഷൂട്ടിംഗ് ഭൂരിഭാഗവും പൂര്‍ത്തീകരിച്ച സിനിമകളുമുണ്ട്. രണ്ടാമത് പറഞ്ഞവയുടെ ഗണത്തിലാണ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍. ചിത്രീകരണം ഭൂരിഭാഗവും നടന്ന വണ്ണിനായി സംവിധായകന് പൂര്‍ത്തിയാക്കാനുള്ളത് ടെയില്‍ എന്‍ഡിന്‍റെ ചില പാച്ച് വര്‍ക്കുകള്‍ ആണ്. പക്ഷേ അത് ആള്‍ക്കൂട്ടം ആവശ്യപ്പെടുന്ന രംഗമാണ് എന്നതാണ് അണിയറക്കാരെ പിന്നോട്ടുവലിക്കുന്നത്.

 

ടെയില്‍ എന്‍ഡിലേക്കു വേണ്ട ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് ചിത്രീകരണത്തില്‍ അവശേഷിക്കുന്നതെന്നും പക്ഷേ അത് ആള്‍ക്കൂട്ടം ആവശ്യമുള്ള, ഔട്ട്ഡോറില്‍ ചിത്രീകരിക്കേണ്ട സീക്വന്‍സ് ആണെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. "ജൂലൈ അവസാനം ആ രംഗങ്ങള്‍ ചിത്രീകരിക്കാനാണ് ഞങ്ങള്‍ പദ്ധതിയിട്ടത്. പക്ഷേ അപ്പോഴത്തെ അവസ്ഥ എന്തെന്ന് നോക്കിയിട്ടേ ഇത് നടക്കൂ. ഷൂട്ടിംഗ് ഇപ്പോള്‍ നടത്തേണ്ടിവന്നാല്‍ ഒരുപാട് വിട്ടുവീഴ്‍ചകള്‍ നടത്തേണ്ടിവരും. നിയന്ത്രണങ്ങള്‍ തുടരുന്നപക്ഷം ആ രംഗം വേണ്ടെന്ന തീരുമാനമാവും ഞങ്ങള്‍ സ്വീകരിക്കുക", സംവിധായകന്‍ പറയുന്നു. സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച സിനിമയുടെ സിജിഐയും സംഗീതവും ലോക്ക് ഡൗണില്‍ പൂര്‍ത്തിയാക്കിയെന്നും സന്തോഷ് പറയുന്നു.

ബോബി-സഞ്ജയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ റോളിലാണ് മമ്മൂട്ടി എത്തുന്നത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഏപ്രില്‍ തീയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവരുകയായിരുന്നു. 

click me!