അങ്ങനെ പോകില്ല മാമുക്കോയ; 'ഗഫൂർക്ക ദോസ്‍ത്' അടുത്തയാഴ്ച വീണ്ടും വരും!

By Nirmal SudhakaranFirst Published Apr 27, 2023, 5:15 PM IST
Highlights

ദുബൈയിൽ വച്ചായിരുന്നു ഷൂട്ട്. ഈ ചിത്രീകരണവും പിന്നീട് നാട്ടിൽ എത്തിയിട്ട് അതിനുവേണ്ടിയുള്ള ഡബ്ബിംഗും മാമുക്കോയ പൂർത്തിയാക്കിയിരുന്നു

കുറഞ്ഞ സ്ക്രീൻ ടൈമുകളിലെത്തി മലയാളികളെ ഇത്രയും ചിരിപ്പിച്ച മറ്റൊരു നടൻ ഉണ്ടാവില്ല, മാമുക്കോയയെപ്പോലെ. തഗ്ഗ് എന്ന പ്രയോഗം ജനകീയമാവും മുൻപ് തഗ്ഗടിച്ച് ചിരി നിറച്ച നിരവധി കഥാപാത്രങ്ങൾ. മാമുക്കോയയെക്കുറിച്ച് ഓർക്കുമ്പോൾ സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യമെത്തുന്ന കഥാപാത്രങ്ങളിലൊന്നായിരിക്കും നാടാടിക്കാറ്റിലെ ഗഫൂർക്ക. ഗൾഫിലേക്കെന്നും പറഞ്ഞ് ദാസനെയും വിജയനെയും മദ്രാസിലേക്ക് പോകുന്ന ഒരു ഉരുവിൽ കയറ്റിവിട്ട ഗഫൂർക്ക ദോസ്‍ത്. ഇപ്പോഴിതാ അവതരിപ്പിച്ച നടൻ ഓർമ്മയാവുമ്പോഴും അദ്ദേഹം അവതരിപ്പിച്ച ഗഫൂർക്ക ഒരു വരവ് കൂടി വരാൻ ഒരുങ്ങുകയാണ്. ഒരു അഭിനേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ ആദരമാകും അത്. പ്രേക്ഷകരിലേക്കുള്ള ഗഫൂർക്കയുടെ മടങ്ങിവരവ് അടുത്ത വാരം സംഭവിക്കും!

ടിൻറുമോൻ എന്ന കാർട്ടൂൺ കഥാപാത്രത്തിൻറെ സൃഷ്ടാക്കളായ ബിഎംജി അനിമേഷൻസ് ആണ് മാമുക്കോയയുടെ ഗഫൂർക്കയെയും പ്രേക്ഷകരിലേക്ക് തിരിച്ചെത്തിക്കുന്നത്. ടെലിവിഷനിൽ 2000 എപ്പിസോഡിന് മുകളിൽ ഓടിയ, യുട്യൂബിൽ 300 മില്യണിലധികം കാഴ്ചകൾ ലഭിച്ച ടിൻറുമോൻ എന്ന കഥാപാത്രത്തെ റീലോഞ്ച് ചെയ്യുകയാണ് ബിഎംജി. ആ ലോഞ്ച് വീഡിയോയിലാണ് 3ഡി യിൽ വരുന്ന ടിൻറുമോനോടൊപ്പം മാമുക്കോയയുടെ ഗഫൂർക്കയും വരുന്നത്. "പണ്ട് ദാസനെയും വിജയനെയും കയറ്റിവിട്ടത് ഗഫൂർക്കയാണല്ലോ. പഴയ തരികിടയൊക്കെ നിർത്തിയിട്ട് അത്യാവശ്യം ഡീസൻറ് ആയിരിക്കുകയാണ് ഇപ്പോൾ ഗഫൂർക്ക. അദ്ദേഹം ടിൻറുമോനെ ഗോൾഡൻ വിസയ്ക്കായി ദുബൈയിൽ കൊണ്ടുപോകുന്നതാണ് ലോഞ്ച് വീഡിയോയുടെ സ്റ്റോറി ലൈൻ", ബിഎംജി അനിമേഷൻസിൻറെ സാരഥി തൻവീർ ഗഫൂർ പറയുന്നു. മൺമറഞ്ഞ പ്രശസ്ത കാർട്ടൂണിസ്റ്റ് ബി എം ഗഫൂറിൻറെ മകനാണ് തൻവീർ. ബി എം ഗഫൂറും മാമുക്കോയയും അടുത്ത സുഹൃത്തുക്കളായിരുന്നു.

മാമുക്കോയക്കൊപ്പം തന്‍വീര്‍ ഗഫൂര്‍

ദുബൈയിൽ വച്ചായിരുന്നു ലോഞ്ച് വീഡിയോയുടെ ഷൂട്ട്. ഈ ചിത്രീകരണവും പിന്നീട് നാട്ടിൽ എത്തിയിട്ട് അതിനുവേണ്ടിയുള്ള ഡബ്ബിംഗും മാമുക്കോയ പൂർത്തിയാക്കിയിരുന്നു. മാമുക്കോയ അവസാനം പങ്കെടുത്ത ചിത്രീകരണവും ഇതാണ്. അടുത്ത് പെരുമാറിയ സമയത്ത് അദ്ദേഹത്തിന് അവശതയൊന്നും തോന്നിയിരുന്നില്ലെന്ന് തൻവീർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. "മാമുക്കോയക്ക ഗഫൂർക്കയായി അറബിക്കുപ്പായത്തിൽ ടിൻറുമോനോടൊപ്പം വിസ ഓഫീസിൽ പോകുന്നതൊക്കെ ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. ബീച്ചിലൂടെ അദ്ദേഹവും ടിൻറുമോനും കൂടി നടക്കുന്ന വിഷ്വലും ഉണ്ട്. കുറേ തഗ്ഗുകൾ ഉണ്ട് അതിനകത്ത്. അതൊക്കെ പിന്നീട് അദ്ദേഹത്തിൻറെ വീട്ടിൽ പോയാണ് ഡബ്ബ് ചെയ്തത്. ദുബൈയിലെ ഞങ്ങളുടെ ഷൂട്ട് രാവിലെ 8.30 യ്ക്ക് ആരംഭിച്ചാൽ വൈകിട്ട് 3 വരെയാണ് ഉണ്ടാവുക. അതിനായി എത്ര ഷോട്ട് എടുക്കാനും അദ്ദേഹത്തിന് പ്രശ്നമുണ്ടായിരുന്നില്ല. ബുർജ് ഖലീഫ കാണിക്കാനായി അദ്ദേഹത്തെ കൊണ്ടുവന്നിട്ടുണ്ട്. ദുബൈ മാൾ ഒക്കെ മുഴുവൻ നടന്നു. അവശതയൊന്നും അദ്ദേഹത്തിന് തോന്നിയിരുന്നില്ല", തൻവീർ പറയുന്നു.

ലോഞ്ച് വീഡിയോയുടെ ഷൂട്ടിനിടെ സംവിധായകന്‍ മുഹമ്മദ് തല്‍ഹത്തിനൊപ്പം മാമുക്കോയ

മലയാളത്തിൽ ആദ്യമായാവും ഒരു കാർട്ടൂൺ 3ഡി ക്യാരക്റ്ററും യഥാർഥ അഭിനേതാവും ഒരുമിച്ച് വരുന്ന രംഗങ്ങൾ ഉണ്ടാവുന്നതെന്ന് പറയുന്നു തൻവീർ. "ഇവർ രണ്ടുപേരും തഗ്ഗിൻറെ ആൾക്കാരാണല്ലോ. ടിൻറുമോനും മാമുക്കോയക്കയും. ലോഞ്ച് വീഡിയോയ്ക്ക് ശേഷം ടിൻറുമോൻ നായകനാവുന്ന പുതിയ സിരീസിലും ഇടയ്ക്ക് ഗഫൂർക്ക എന്ന കഥാപാത്രത്തെ കൊണ്ടുവരാൻ ആലോചിച്ചിരുന്നു. പക്ഷേ..", തൻവീൻ പറയുന്നു. നേരത്തെ ഗഫൂർക്ക ദോസ്ത് എന്ന 1500 എപ്പിസോഡ് ഉള്ള അനിമേഷൻ സിരീസും ചെയ്തിട്ടുണ്ട് ബിഎംജി അനിമേഷൻസ്. മാമുക്കോയയെ വച്ച് നടക്കാതെ പോലെ ഒരു സിനിമാപ്രോജക്റ്റുമുണ്ട് തൻവീറിൻറെ ലിസ്റ്റിൽ. സൂപ്പർഹീറോ കഥാപാത്രം സൂപ്പർ മാമുവായി മാമുക്കോയ വരുന്ന സിനിമയായിരുന്നു അത്.

യു എ ഖാദര്‍, ബി എം ഗഫൂര്‍ തുടങ്ങിയവര്‍ക്കൊപ്പം മാമുക്കോയ

"മാമുക്കോയക്കയെ സൂപ്പർഹീറോ ആക്കി ഒരു സിനിമ തന്നെ ആലോചിച്ചതായിരുന്നു. അതിൻറെ തിരക്കഥ ഒക്കെ ആയതായിരുന്നു. കൊറോണ സമയത്ത് അദ്ദേഹത്തിന് തൊണ്ടയ്ക്ക് കാൻസർ വന്നിരുന്നല്ലോ. അത് നടക്കാതെപോയി. സൂപ്പർമാനെപ്പോലെ ഒരു പറക്കും കഥാപാത്രമായിരുന്നു അത്. ബാറ്റ്മാൻ, സ്പൈഡർമാൻ, സൂപ്പർമാൻ ഒക്കെ അംഗങ്ങളായ അമേരിക്കയിലെ സൂപ്പർഹീറോ ക്ലബ്ബിൽ നിന്ന് പ്രായാധിക്യം മൂലം പുറത്താക്കപ്പെടുന്ന ആളാണ് സൂപ്പർ മാമു. സിനിമയുടെ ഫസ്റ്റ് ഷോട്ട് ആലോചിച്ചത് അങ്ങനെ ആയിരുന്നു. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ മുകളിൽ ഇവരെല്ലാം കൂടി ഇരിക്കുന്നു. അവരോട് യാത്ര ചോദിച്ച് മടങ്ങുന്ന സൂപ്പർ മാമു. അങ്ങനെ നാട്ടിൽ വരുന്നതും ചെറിയ സൂപ്പർഹീറോ പരിപാടികളൊക്കെ ചെയ്യുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം", തൻവീർ പറയുന്നു. അതേസമയം ടിൻറുമോനോടൊപ്പമുള്ള ഗഫൂർക്കയുടെ മടങ്ങിവരവ് അടുത്തയാഴ്ച തന്നെ നടക്കും. മുഹമ്മദ് തൽഹത്ത് ആണ് ലോഞ്ച് വീഡിയോയുടെ സംവിധായകൻ. അനിമേഷൻ, പരസ്യചിത്ര വിഭാഗങ്ങളിൽ ഏഴ് ഭാഷകളിലായി 60,000ൽ അധികം ഉള്ളടക്കങ്ങളുടെ സൃഷ്ടാക്കളാണ് ബിഎംജി അനിമേഷന്‍സ്.

ALSO READ : തിയറ്ററുകള്‍ വീണ്ടും നിറയുമോ? ബിഗ് റിലീസുകള്‍ നാളെ

click me!