കുതിപ്പ് തുടര്‍ന്ന് 'പൊന്നിയിൻ സെല്‍വൻ', 300 കോടിയും പിന്നിട്ടു

Published : Oct 05, 2022, 09:47 PM IST
കുതിപ്പ് തുടര്‍ന്ന് 'പൊന്നിയിൻ സെല്‍വൻ', 300 കോടിയും പിന്നിട്ടു

Synopsis

'പൊന്നിയിൻ സെല്‍വന്റെ' പുതിയ കളക്ഷൻ റിപ്പോര്‍ട്ട്.  

തമിഴകത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വൻ' തിയറ്ററുകളില്‍ ആളെക്കൂട്ടി പ്രദര്‍ശനം തുടരുകയാണ്.  സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയിരിക്കുന്നത്. വൻ പ്രതികരണങ്ങളാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'പൊന്നിയിൻ സെല്‍വന്റെ' പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

'പൊന്നിയിൻ സെല്‍വൻ' ആഗോള ബോക്സ് ഓഫീസില്‍ 300 കോടി കടന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തിരിക്കുന്നത്. 'പൊന്നിയിൻ സെല്‍വൻ' ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങള്‍. എന്തായാലും മണിരത്നം ചിത്രം ചരിത്രം തിരുത്തിക്കുറിക്കുന്ന വൻ ഹിറ്റാകുമെന്നാണ് സൂചനകള്‍.

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More: ഇന്ദ്രജിത്തിന്റെ ക്ലിക്കില്‍ മോഹൻലാല്‍, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

PREV
click me!

Recommended Stories

'ഖത്തറിൽ നിന്ന് എനിക്ക് അത്തർ കൊണ്ടുവന്നോ?' ചോദ്യവുമായി മമ്മൂട്ടി; പോസ്റ്റ് പങ്കുവച്ച് ജിബിൻ ഗോപിനാഥ്
ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ ഉൾപ്പെടെ 5 ചിത്രങ്ങൾ