
പുതുതലമുറ സംവിധായകര്‍ക്ക് മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കു തന്നെ ഏറെ നാളായി പരാതിയുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്ത് മോഹന്‍ലാലിന്‍റെ തിരഞ്ഞെടുപ്പുകള്‍ ആ പരാതി പരിഹരിക്കുംവിധമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മലൈക്കോട്ടൈ വാലിബന്‍, തരുണ്‍ മൂര്‍ത്തിക്കൊപ്പം തുടരും എന്നീ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തിയവയാണ്. തരുണിന്‍റെ തന്നെ അതിമനോഹരം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദിലീഷ് പോത്തന്‍റെ നെടുങ്കണ്ടം മിറക്കിള്‍ ചിത്രീകരണം ആരംഭിക്കാനുമിരിക്കുന്നു. മോഹന്‍ലാല്‍ പ്രോജക്റ്റ് ചര്‍ച്ചയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവ സംവിധായകന്‍ കൃഷാന്ദ് ആണ്. ഏറെക്കാലമായി റിപ്പോര്‍ട്ടുകള്‍ വരുന്ന ഒരു പ്രോജക്റ്റ് ആണ് ഇത്. ഇപ്പോഴിതാ അതേക്കുറിച്ച് നിര്‍മ്മാതാവിന്‍റെയും തിരക്കഥാകൃത്തിന്‍റെയും വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
മണിയന്‍പിള്ള രാജുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു സമീപകാല അഭിമുഖത്തില്‍ ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ഈ പ്രോജക്റ്റ് വീണ്ടും ചര്‍ച്ചയാക്കിയത്. താന്‍ തന്നെ നിര്‍മ്മിച്ച ഛോട്ടോ മുംബൈ പോലെ ഒരു എന്‍റര്‍ടെയ്നര്‍ ചിത്രമായിരിക്കും ഇതെന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്. “അടുത്തൊരു പടത്തിന്‍റെ പരിപാടിയിലാണ് മോഹന്‍ലാലിനെ വച്ചിട്ട്. ഛോട്ടോ മുംബൈ പോലെ ഒരു തിയറ്റര്‍ എക്സ്പീരിയന്‍സ് ഉള്ള പടമാണ് എന്‍റെ മനസിലുള്ളത്. മോഹന്‍ലാല്‍ എന്ന നടനില്‍ ഒളിഞ്ഞുകിടക്കുന്ന ഒരുപാട് സംഭവങ്ങള്‍ നമുക്കറിയാം. അയാളുടെ കുട്ടിത്തം, ഹ്യൂമര്‍, സീരിയസ്നെസ്, ആക്ഷന്‍, ഡാന്‍സ്, പാട്ട്. ഫ്ലെക്സിബിള്‍ ആയിട്ടുള്ള ആക്റ്ററെ നമ്മുടെ കൈയില്‍ കിട്ടുമ്പോള്‍ നന്നായിട്ട് ഉപയോഗിക്കണം. അതിനുവേണ്ട രീതിയിലുള്ള സ്ക്രിപ്റ്റ് ആണ് എഴുതുന്നത്. ടിക്കി ടാക്കയുടെയൊക്കെ റൈറ്റര്‍ നിയോഗ് ആണ് എഴുതുന്നത്. അത് കുറച്ച് വലിയ പടമാണ്. അതിന്‍റെ പണിയിലാണ് ഇപ്പോള്‍. തിരക്കഥ ഫസ്റ്റ് റൗണ്ട് കംപ്ലീറ്റ് ആയി. ഇനി ചില തിരുത്തലുകള്‍ ഒക്കെയേ ഉള്ളൂ. കൃഷാന്ദ് ആണ് അത് ഡയറക്റ്റ് ചെയ്യുന്നത്. മാസ് പടമേ എടുക്കൂ ഞാന്‍”, മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു.
ഇത് ചര്‍ച്ചയായതോടെ ഛോട്ടൈ മുംബൈയുമായി നടത്തിയ താരതമ്യവും പ്രേക്ഷകശ്രദ്ധ നേടി. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് നിയോഗ് തന്നെ മറുപടിയുമായി എത്തി. “അദ്ദേഹം (മണിയമ്പിള്ള രാജു) ഒരു താരതമ്യം നടത്തുകയല്ല ചെയ്തത്. ഛോട്ടാ മുംബൈ എങ്ങനെയാണോ ഒരു തിയറ്റര്‍ സെലിബ്രേഷന്‍ ഉണ്ടാക്കിയത്, അതുപോലെ ആഘോഷം സൃഷ്ടിക്കാന്‍ പറ്റുന്ന ഒരു സിനിമ സൃഷ്ടിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറയുകയാണ് ചെയ്തത്. ഈ ചിത്രങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും. പക്ഷേ ലക്ഷം സമാനമായിരിക്കും- സമഗ്രമായ വിനോദം”, നിയോഗ് എക്സില്‍ കുറിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ