
എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്‍ലര്‍ ലോഞ്ച് വേദിയില്‍ നിന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി പരിപാടിയുടെ അവതാരകയും നടിയുമായ ജുവല്‍ മേരി. ഒന്‍പത് ചെറു സിനിമകളിലെ താരങ്ങളും മറ്റ് അണിയറക്കാരും മാധ്യമപ്രവര്‍ത്തകരുമെല്ലാം നിറഞ്ഞ വലിയ പരിപാടിയായിരുന്നു അതെന്ന് ജുവല്‍ പറയുന്നു. ഒപ്പം വിവാദത്തിലേക്ക് നയിച്ച ഘടകങ്ങളെക്കുറിച്ചും.
ജുവല്‍ മേരി പറയുന്നു
ഒരുപാട് സമയം ആലോചിച്ചിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്.ചില കാര്യങ്ങള്‍ക്ക് ഒരു വ്യക്തമായ ധാരണ തരണം അല്ലെങ്കില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കണം എന്ന് വിചാരിച്ചിട്ട്. മനോരഥങ്ങള്‍ എന്ന പരിപാടിയുടെ അവതാരക ഞാനായിരുന്നു. ഒന്‍പത് ചെറുസിനിമകള്‍ അടങ്ങിയ ആന്തോളജി സിനിമയുടെ ട്രെയ്‍ലര്‍ ലോഞ്ച് വേദിയായിരുന്നു അത്. ഒന്‍പത് സിനിമയിലെയും താരങ്ങള്‍, സംവിധായകര്‍, സംഗീത സംവിധായകര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ അങ്ങനെ ഒരുപാട് പ്രതിഭാധനരുടെ വലിയൊരു നിര അവിടെ ഉണ്ടായിരുന്നു. ഇത്രയധികം അതിഥികള്‍ ഉള്ളതുകൊണ്ടുതന്നെ ആരൊക്കെ വരും, ആരൊക്കെ വരില്ല എന്നത് സംബന്ധിച്ച് സംഘാടകരുടെ ഭാഗത്ത് കൃത്യതക്കുറവ് തീര്‍ച്ചയായും ഉണ്ടായിരുന്നു. എനിക്ക് തന്ന ലിസ്റ്റ് അപൂര്‍ണ്ണമായിരുന്നു.
ഒരു മിനിറ്റ് വീഡിയോയില്‍ നിന്ന് ഒരു പ്രോഗ്രാമില്‍ എന്താണ് നടന്നതെന്ന് മനസിലാവില്ല. ജയരാജ് സാര്‍ സംവിധാനം ചെയ്ത സിനിമയ്ക്കാണ് രമേഷ് നാരായണ്‍ സാര്‍ സംഗീതം പകര്‍ന്നിട്ടുള്ളത്. എന്‍റെ കൈയില്‍ തന്നിരുന്ന കാസ്റ്റ് ആന്‍ഡ് ക്രൂ ലിസ്റ്റില്‍ രമേഷ് നാരായണ്‍ സാറിന്‍റെ പേര് ഇല്ലായിരുന്നു. അത് എനിക്ക് ലിസ്റ്റ് തന്നിട്ടുള്ള സംഘാടകരുടെ ഭാഗത്തുനിന്ന് ഉണ്ടായ ഒരു വീഴ്ചയാണ്. പക്ഷേ സ്റ്റേജില്‍ കയറിയ മറ്റാരും അത് ശ്രദ്ധിച്ചതുമില്ല. ഭയങ്കര തിരക്കുള്ള ഒരു ഷോ ആയിരുന്നു ഇത്. മുഴുവന്‍ കാര്യങ്ങളുമൊന്നും നമുക്ക് കണ്ട് നിയന്ത്രിച്ച് നിര്‍ത്താനുള്ള ഒരു സാഹചര്യമൊന്നും അവിടെ ഇല്ലായിരുന്നു. ഇദ്ദേഹത്തെ ആ ടീമിന്‍റെ കൂടെ സ്റ്റേജിലേക്ക് വിളിച്ചിട്ടില്ല. പരിപാടിയുടെ അവതാരക എന്ന നിലയില്‍ ഞാന്‍ അതിന് ക്ഷമ ചോദിക്കുന്നു. പെട്ടെന്നാണ് ഷോ ഡയറക്ടേഴ്സ് എന്നോട് പറയുന്നത്, ജയരാജ് സാറിന്‍റെ സിനിമയുടെ സംഗീത സംവിധായകനെ വിളിച്ചിട്ടില്ല എന്ന്. ആസിഫ് അലി തൊട്ടടുത്ത് ഇരിപ്പുണ്ട്, ആസിഫ് അലിയെക്കൊണ്ട് കൊടുപ്പിക്കൂ എന്നും പറഞ്ഞ് രമേഷ് സാറിനെ എനിക്ക് കാണിച്ചുതന്നു. പക്ഷേ പേര് അപ്പോഴും എന്നോട് പറഞ്ഞില്ല.
എനിക്ക് അദ്ദേഹത്തിന്‍റെ പേര് അറിയാമെങ്കിലും ഞാന്‍ പറയുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും എനിക്ക് ആ സമയത്ത് അത് കറക്റ്റ് ചെയ്ത് തരാന്‍ ആരും ഉണ്ടായിരുന്നില്ല. വീഡിയോ ശ്രദ്ധിച്ചാല്‍ മനസിലാവും, സന്തോഷ് നാരായണന്‍ എന്ന് പറഞ്ഞതിന് ശേഷം അടുത്ത് നിന്നവരോട് ഞാന്‍ യഥാര്‍ഥ പേര് ചോദിക്കുന്നത്. ഒരു പത്ത് സെക്കന്‍ഡിനുള്ളില്‍ അത് തിരുത്തുകയും ചെയ്തു. എന്തുകൊണ്ട് അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചില്ല എന്ന ഒരു ചോദ്യം ഇവിടെ വരും. രമേഷ് സാര്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാള്‍ ആയതിനാല്‍ പടികള്‍ കയറി സ്റ്റേജിലേക്ക് വരാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് സംഘാടകര്‍ എന്നെ അറിയിച്ചിരുന്നു. ആസിഫ് അലി തൊട്ടടുത്ത് ഇരിക്കുന്നത് കണ്ടപ്പോള്‍ ഷോ ഡയറക്ടര്‍ തന്നെയാണ് പറഞ്ഞത് ആസിഫിനെക്കൊണ്ട് കൊടുപ്പിക്കൂ എന്നത്. ഈ സമയത്ത് ഷോ ഡയറക്ടര്‍ അടുത്ത ലിസ്റ്റ് തരാനായി എന്നെ വിളിച്ചു. അതുകൊണ്ട് താഴെ എന്താണ് നടന്നതെന്ന് ഞാന്‍ കണ്ടിട്ടില്ല.
പിന്നീട് വീഡിയോയിലാണ് ഞാന്‍ അത് കണ്ടത്. എനിക്ക് ഒരുപാട് വിഷമം തോന്നി. അദ്ദേഹം പറയുന്നു ആസിഫ് അത് കൊണ്ടുവന്നപ്പോള്‍ അത് തനിക്ക് തരാനാണ് കൊണ്ടുവരുന്നതെന്ന് മനസിലായില്ലെന്ന്. തരാനല്ലെങ്കില്‍ എന്തിനാണ് സാര്‍ ആസിഫ് ആ മൊമെന്‍റോ ചിരിച്ച മുഖത്തോട് നിങ്ങള്‍ക്ക് നേരെ നീട്ടുന്നത്. വിഷമകരമായ ഒരു കാഴ്ചയാണ് ഞാന്‍ ആ കണ്ടത്. അദ്ദേഹത്തിന്‍റെ പേര് തെറ്റിച്ച് വിളിച്ചതിനാണെങ്കില്‍ എന്നോട് ആവാമായിരുന്നല്ലോ. നടന്നതില്‍ എനിക്കും വിഷമമുണ്ട്. ഇവര്‍ രണ്ട് പേരോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.
ആസിഫിനെക്കൊണ്ട് ആ സമയത്ത് മൊമെന്‍റോ കൊടുപ്പിച്ചത് ആസിഫിന്‍റെ ചിരിച്ച മുഖവും ഞങ്ങള്‍ക്ക് ആസിഫിനോടുള്ള ഇഷ്ടവും കൊണ്ടാണ്. അവിടെ ഒരു വലിപ്പച്ചെറുപ്പങ്ങളും ഞങ്ങളാരും കണ്ടിട്ടില്ല. അത് അങ്ങനെ കണ്ടിട്ടുണ്ടെങ്കില്‍ വളരെ ദുഖകരമാണ്. ആസിഫിനോട് ഒരുപാട് സ്നേഹം. ഈ വേദന നിങ്ങള്‍ അര്‍ഹിക്കുന്നതല്ല. എല്ലാവരുടെയും മുന്നില്‍വച്ച് അങ്ങനെ അവഗണിക്കപ്പെട്ടതില്‍ ഒത്തിരി വിഷമമുണ്ട്. എന്തുതന്നെയാണ് ചൊടിപ്പിച്ചതെങ്കിലും ആസിഫ് അലിയോട് ആ അവഗണന കാണിക്കരുതായിരുന്നു. അത് ആ വീഡിയോയില്‍ വ്യക്തമാണ്.
-ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച വീഡിയോയിലൂടെയാണ് ജുവല്‍ മേരിയുടെ പ്രതികരണം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ