ആദ്യ സിനിമ തിയറ്ററിലെത്തുന്നത് കാണാനാവാതെ മനു ജെയിംസ്; വിങ്ങലടക്കി സഹപ്രവര്‍ത്തകര്‍

Published : Feb 25, 2023, 09:32 PM IST
ആദ്യ സിനിമ തിയറ്ററിലെത്തുന്നത് കാണാനാവാതെ മനു ജെയിംസ്; വിങ്ങലടക്കി സഹപ്രവര്‍ത്തകര്‍

Synopsis

തനിക്ക് ആദ്യമായി ഒരു അവസരം ലഭിച്ചപ്പോള്‍ നിരവധി നവാഗതരെ ഒപ്പം കൂട്ടിയ സംവിധായകന്‍

മലയാളികളുടെ കലാലോകത്തുനിന്ന് ഞെട്ടലുണ്ടാക്കുന്ന ഒരു മരണം സംഭവിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഹാസ്യകലാകാരിയും നടിയുമായ സുബി സുരേഷിന്‍റെ മരണമായിരുന്നു അത്. പതിറ്റാണ്ടുകള്‍ ലൈവ് സ്റ്റേജുകളിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികളെ ചിരിപ്പിച്ച സുബിക്ക് മരിക്കുമ്പോഴുള്ള പ്രായം 41 മാത്രമായിരുന്നു. ഇപ്പോഴിതാ മലയാള സിനിമാ പ്രവര്‍ത്തകര്‍ മറ്റൊരു മരണ വാര്‍ത്തയുടെ ഞെട്ടലിലാണ്. യുവസംവിധായകന്‍ മനു ജെയിംസിന്‍റെ മരണമാണ് അല്‍പം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഏറെ ആഗ്രഹിച്ച് ചെയ്ത ആദ്യ സിനിമ പുറത്തിറങ്ങും മുന്‍പാണ് അദ്ദേഹത്തെ മരണം തേടിയെത്തിയത് എന്നത് ആ ചിത്രത്തിനൊപ്പം പ്രവര്‍ത്തിച്ചവരെ ഒട്ടൊന്നുമല്ല വേദനിപ്പിക്കുന്നത്. അഹാന കൃഷ്ണയെ ടൈറ്റില്‍ കഥാപാത്രമാക്കി മനു സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന നാന്‍സി റാണി എന്ന ചിത്രം അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് യുവ സംവിധായകന്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ നിന്നുതന്നെ വിടവാങ്ങുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ തുടരവെയാണ് 31-ാം വയസ്സില്‍ മനു ജയിംസിന്‍റെ അന്ത്യം.

സിനിമയെന്ന മാധ്യമത്തോട് വലിയ അഭിനിവേശം തന്നെയുണ്ടായിരുന്ന മനുവിന് ഈ പ്ലാറ്റ്ഫോമിലേക്ക് ആദ്യമായി എത്താനാഗ്രഹിക്കുന്ന ഒരാള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. അതിനാല്‍ത്തന്നെ തനിക്ക് ആദ്യമായി ഒരു അവസരം ലഭിച്ചപ്പോള്‍ നിരവധി നവാഗതരെ അദ്ദേഹം ഒപ്പം കൂട്ടി. അഹാനയ്ക്കൊപ്പം അജു വര്‍ഗീസ്, ലാല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, മാമുക്കോയ, സണ്ണി വെയ്ന്‍, കോട്ടയം പ്രദീപ്, അബു സലിം, ഇന്ദ്രന്‍സ്, ധ്രുവന്‍, ലെന, ഇര്‍ഷാദ്, ദേവി അജിത്ത് തുടങ്ങി മുപ്പതിലധികം പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന നാന്‍സി റാണിയില്‍ 130 ല്‍ അധികം പുതുമുഖങ്ങളെയാണ് മനു അണിനിരത്തിയത്. സിനിമ പഠിക്കാനാഗ്രഹിക്കുന്ന അന്‍പതോളം വിദ്യാര്‍ഥികളും പ്രൊഡക്ഷന്‍ ടീമിന്‍റെ ഭാഗമായിരുന്നു.

ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജോണ്‍ ഡബ്ല്യു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ..

"മനസും ശരീരവും വിറങ്ങലിച്ചു നിൽക്കുകയാണ്... എന്താണ് എഴുതുക? തികച്ചും യാദൃച്ഛികമായിട്ടാണ് മനുവിനെ പരിചയപെടുന്നത്. ആ പരിചയം ഞങ്ങൾ അറിയാതെ വളർന്ന് ആത്‌മബന്ധമായി എന്ന് പറയുന്നതാവാം ഒന്നുകൂടി ഉചിതം... അത് നാൻസി റാണി എന്ന സിനിമയുടെ ഭാഗമാക്കി എന്നെ മാറ്റുകയായിരുന്നു. ഒത്തിരി സിനിമാ മോഹങ്ങളും പേറി മനു നടന്നു കയറിയത് ഒരു സംവിധായകന്റെ യഥാർഥ വേഷത്തിലേക്കായിരുന്നു... നിരവധി മലയാള സിനിമാ നടന്മാരെ അണിനിരത്തി പൂർത്തിയായ നാൻസി റാണി എന്ന തന്റെ കന്നി സിനിമ വെളിച്ചം കാണാൻ ദിവസങ്ങൾ മാത്രം ബാക്കി നിർത്തിയാണ് മനു മരണത്തിന്റെ കരങ്ങളിൽ അമർന്നു പോയത്. ഇത് ഞങ്ങൾക്ക് തീരാ നഷ്ടമാണ്.. സ്വപ്നങ്ങൾ ബാക്കിയാക്കി മനു നടന്നു മറയുമ്പോൾ, നിങ്ങൾ ചെയ്തു പൂർത്തിയാക്കിയ നിങ്ങളുടെ സ്വപ്നം, നാൻസി റാണി എന്ന പ്രഥമ ചിത്രം ജനഹൃദയങ്ങൾ കിഴടക്കും... ആ ഒരൊറ്റ ചിത്രം മലയാളക്കരയില്‍ നിങ്ങൾക്ക് അമർത്യത നേടിത്തരും... തീർച്ഛ!!! അടുത്ത നിമിഷം എന്ത് എന്ന് ഉറപ്പില്ലാത്ത മനുഷ്യ  ജീവിതത്തിനു മുൻപിൽ നമ്ര ശിരസ്കനായി ഒരു പിടി ബാഷ്പാഞ്ജലി..."

മനു ജെയിംസിന്‍റെ സംസ്കാരം നാളെ   ഉച്ചകഴിഞ്ഞ് 3.00ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തില്‍ നടക്കും. 

ALSO READ : കാത്തിരിക്കാം; ആ പ്രഖ്യാപനം നാളെ, പ്രേക്ഷകാവേശം ഉയര്‍ത്താന്‍ വീണ്ടും മമ്മൂട്ടി

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ