
'ഓപ്പറേഷൻ ജാവ' എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്നതാണ് 'സൗദി വെള്ളക്ക'. ലുക്മാന്‍ അവറാൻ, ദേവി വർമ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു വെള്ളക്കയുടെ പേരിലുള്ള പ്രശ്‌നത്തിന്മേല്‍ കോടതിയില്‍ നടക്കുന്ന കേസ് ദൃശ്യവത്‍ക്കരിക്കുന്ന ടീസര്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ രസികനായ മജിസ്‍ട്രേറ്റ് ആരെന്ന് പ്രേക്ഷകര്‍ അന്വേഷിക്കുകയും ചെയ്‍തു. മനു അങ്കിള്‍ എന്ന ചിത്രത്തിലെ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച ഒരു കഥാപാത്രവുമായി എത്തിയിരിക്കുകയാണ് കുര്യൻ ചാക്കോ. കുര്യൻ ചാക്കോ എങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിയത് എന്നതിന്റെ കഥ പറയുകയാണ് 'സൗദി വെള്ളക്ക' ടീം (Saudi Vellakka).
'സൗദി വെള്ളക്ക' ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'സൗദി വെള്ളക്ക'യുടെ കാസ്റ്റിംഗ് നടക്കുന്ന സമയം, ചിത്രത്തിലെ രസികനായ മജിസ്‍ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിയ്ക്കേണ്ട ആളിനു വേണ്ടി ടീം ഒന്നടങ്കം അന്വേഷണം നടത്തുകയാണ്, പക്ഷെ കിട്ടിയ ഓപ്ഷനുകളിൽ ഒന്നിലും തരുണും ടീമും തൃപ്‍തരായില്ല.
ആവനാഴികളിലെ അസ്‍ത്രങ്ങൾ ഓരോന്നായി കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം പുറത്തെടുത്തെങ്കിലും തരുൺ ഒന്നിലും തൃപ്‍തനായിരുന്നില്ല.
ആ സമയത്ത് വളരെ അവിചാരിതമായാണ് ഒരു യൂട്യൂബ് വീഡിയോ തരുൺ കാണാൻ ഇടയായത്. ആ വീഡിയോയിൽ കണ്ട ആളുടെ മാനറിസങ്ങളും , ഇരുത്തവും ചലനങ്ങളും എല്ലാം തന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ടീം അയാളെ പറ്റി അന്വേഷിച്ചു. അപ്പോഴാണ് ആ വീഡിയോയിൽ കണ്ട ആൾ 'മനു അങ്കിൾ ' എന്ന സിനിമയിൽ 'ലോതർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോ എന്നയാളാണെന്ന് മനസ്സിലായത്,
'മനു അങ്കിൾ' റിലീസായി വർഷങ്ങൾക്കു ശേഷം അയാളെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള അവസരം പാഴാക്കാൻ സംവിധായകൻ തയ്യാറല്ലായിരുന്നു. ഇതിലും നല്ല ഒരു സാധ്യത നമുക്ക് മുന്നിൽ ഇല്ല എന്ന് മനസിലാക്കിയ തരുൺ, നിർമ്മാതാവ് സന്ദിപ് സേനന് മജിസ്‌ട്രേറ്റിനെ കിട്ടിയെന്ന് പറഞ്ഞ് ഫോണിൽ മെസ്സേജ് അയച്ചു. ആദ്യ കാഴ്‍ചയിൽ തന്നെ ആവേശഭരിതനായ നിർമ്മാതാവിനും കുര്യൻ ചാക്കോ എന്ന 'ലോതറി'നെ 'സൗദി വെള്ളക്ക'യുടെ ഭാഗമാക്കാൻ തിടുക്കമായി.
പക്ഷേ കുര്യൻ ചാക്കോയുടെ കോൺടാക്ട് നമ്പറോ മറ്റു വിവരങ്ങളോ ലഭ്യമല്ലാതെ കഥാപാത്രത്തെ തേടിയുള്ള യാത്രയ്ക്ക് തടസ്സമായി വന്നു, ഒടുവിൽ ആ ഇന്റർവ്യൂ പ്രസിദ്ധീകരിച്ച ചാനലിനെ ബന്ധപ്പെടുകയും അതുവഴി ഒരു ദിവസം കുര്യൻ ചാക്കോയുടെ ഓഫീസിലേക്ക് രണ്ടും കല്‍പിച്ചു കയറി ചെല്ലുകയായിരുന്നു..
കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴുള്ള കുര്യൻ ചാക്കോയുടെ മറുപടി.
'അയ്യോാ.. ഞാൻ ഇല്ല...
അതൊക്കെ അന്ന് ഡെന്നിസ് സർ പറഞ്ഞത് പോലെ ചെയ്‍തത് ആണ്... അതിൽ നിന്നൊക്കെ സിനിമ ഒരുപാട് മാറി..
നിങ്ങൾ വേറെ അളിനെ നോക്കു എന്നാണ്..'
തരുൺ പിടിച്ച പിടിയാലേ സിനിമ യുടെ കഥ പറഞ്ഞു...
കഥ കേട്ടതോടെ തനിക്കും ഇതിന്റെ ഭാഗമാകണം എന്ന് തോന്നിയ അദ്ദേഹം പതിയെ മനസ് മാറ്റുകയായിരുന്നു...
തരുണുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവിൽ 'സൗദി വെള്ളക്ക'യിലെ രസികനായ മജിസ്‍ട്രേറ്റ് ആവാമെന്ന് സമ്മതം മൂളുമ്പോൾ കുര്യൻ ചാക്കോ പറഞ്ഞു നിർത്തിയത് വീണ്ടും ക്യാമറയ്ക്കു മുന്നിൽ വരുമ്പോഴുള്ള പേടിയും, ആകാംക്ഷയും ഒപ്പം അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകവും ആണ്.
പക്ഷേ കൃത്യമായ തയ്യാറെടുപ്പോടു കൂടി ലൊക്കേഷനിലെത്തിയ അദ്ദേഹം വളരെ അനായാസമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതുവഴി എല്ലാവരുടേയും കൈയ്യടി സ്വന്തമാക്കുകയും ചെയ്‍താണ് അവിടെ നിന്നും പോയത്, 'സൗദി വെള്ളക്ക'യുടെ ടീസറിൽ കുര്യൻ ചാക്കോയെ കണ്ട് പഴയ 'ലോതറി'നെ തിരക്കിയുള്ള ആളുകളുടെ സ്‍നേഹം വീണ്ടുമെത്തുമ്പോൾ 'വെള്ളക്ക' ടീമിനുറപ്പാണ് മലയാള സിനിമയിൽ ഇനിയും കുര്യൻ ചാക്കോ ഉണ്ടാവും അദ്ദേഹത്തെ കാത്തിരിക്കുന്ന കൈയ്യടികൾ ഏറ്റു വാങ്ങുന്നതിനായി..
Read More : വെള്ളക്കയുടെ പേരില്‍ കോടതി കയറിയ കഥ; 'സൗദി വെള്ളക്ക' ടീസർ എത്തി
ഉര്‍വ്വശി തിയറ്റേഴ്‍സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ നിർമ്മിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, സഹനിർമ്മാണം ഹരീന്ദ്രൻ, ശബ്‍ദ രൂപകൽപന വിഷ്‍ണു ഗോവിന്ദ്, ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സംഗീത് സേനൻ, സംഗീതം പാലീ ഫ്രാൻസിസ്, ഗാനരചന അൻവർ അലി, രംഗപടം സാബു മോഹൻ, ചമയം മനു മോഹൻ, കാസ്റ്റിംഗ് ഡയറക്ടർ അബു വാളയംകുളം, വസ്‍ത്രാലങ്കാരം മഞ്‍ജുഷ രാധാകൃഷ്‍ണൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, നിശ്ചലഛായഗ്രാഹണം ഹരി തിരുമല, പ്രൊഡക്ഷൻ കോഡിനേറ്റർ മനു ആലുക്കൽ, പരസ്യകല യെല്ലോടൂത്ത്‍സ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ