'ചില്ലറ തുട്ടുകൾ മാത്രം അവശേഷിച്ച പഴ്‍സിൽ നിന്നും അവസാനം എത്തിയ പാല്‍ക്കാരന്റെ 20 രൂപയും കടം തീർത്തു. അതാണ്‌ എന്റെ ആത്മാഭിമാനം'- ലക്ഷ്‍മി പ്രിയയുടെ കുറിപ്പ് വായിക്കാം.

തന്റെ പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് നടി ലക്ഷ്‍മിപ്രിയ. ഈ ഭൂമിയിൽ 41 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു എന്നും ഇപ്പോഴും അമ്മയുടെ സ്നേഹത്തിനായി കാത്തിരിക്കുന്ന ഒരു മകൾ ആണ് താനെന്നും ലക്ഷ്മിപ്രിയ ഫേസ്‍ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ലക്ഷ്‍മി പ്രിയയുടെ കുറിപ്പ്

''ഈ ഭൂമിയിൽ ഞാൻ 41 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു !. 41 എന്നത് ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഒരു സംഖ്യയാണ്.. ആത്മീയ,ഭൗതിക, ജ്യോതിശാസ്ത്ര, വൈദ്യ ശാസ്ത്ര,മന: ശാസ്ത്ര, എന്നു വേണ്ട അയ്യപ്പ സ്വാമി മഹിഷി നിഗ്രഹത്തിന് തെരഞ്ഞെടുത്ത ദിവസങ്ങളിൽ പോലും 41 ന്റെ കണക്ക് കാണാം.. എല്ലാം 41 ദിവസത്തിന്റെ അഥവാ ഒരു മണ്ഡല കാല കണക്കാണ്. അപ്പോ ആവർത്തിച്ചനുഭവിച്ച എത്രയോ മണ്ഡല കാലങ്ങൾ കടന്നു പോയി! എത്ര എത്ര പ്രിയപ്പെട്ടവരുടെ വേർപാട്, സ്നേഹം, സ്നേഹ രാഹിത്യം, ചേർത്തു നിർത്തൽ നിരാസങ്ങൾ, പറ്റിയ്ക്കപ്പെടലുകൾ, ഒറ്റപ്പെടുത്തലുകൾ, കൂടെ നിന്ന് ചതിക്കൽ, മനസ്സ് കല്ലായിപ്പോകുന്ന ഇടത്ത് നിന്നും മുന്നോട്ട് നയിക്കുന്നവർ എന്റെ കുടുംബമാണ്. ഒരുപാട് പേരുടെ സ്നേഹവും മനസ്സിലാക്കലും ഒന്നും ഒരുമനുഷ്യന് ആവശ്യമില്ല.. ചേർത്തു നിർത്തുന്ന മനസ്സിലാക്കുന്ന വളരെ കുറച്ചു പേർ മതി. അത് ആത്മാർത്ഥവും സംശുദ്ധവും ആണെങ്കിൽ എന്തിനാണ് ഒരുപാട് പേര്??

ചുറ്റിലും വെളിച്ചത്തെക്കാൾ കൂടുതൽ ഇരുട്ടാണ് എന്ന് മനസ്സിലാക്കിയത് 16 വയസ്സിൽ ആണ്. 'കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമല്ല ' യിൽ എഴുതിയത് പോലെ, അപ്പച്ചിയെ ചികിത്സിക്കാൻ റ്റാറ്റാ ഉണ്ടാക്കിയ കടം മുഴുവൻ നാടകത്തിൽ അഭിനയിച്ചു ചിട്ടി കൂടി മറ്റൊരു നാട്ടിൽ നിന്നും വന്നു തീർത്തു. അതുവരെ താമസിച്ച വാടക വീട് ഒഴിഞ്ഞു. ലോറിയിൽ സാധനങ്ങൾ കയറ്റി. ചില്ലറ തുട്ടുകൾ മാത്രം അവശേഷിച്ച പഴ്സിൽ നിന്നും അവസാനം എത്തിയ പാല്‍ക്കാരന്റെ 20 രൂപയും കടം തീർത്തു. അതാണ്‌ എന്റെ ആത്മാഭിമാനം. ഓരോ പിറന്നാൾ ദിനത്തിലും ഞാൻ ഇങ്ങനെ എണ്ണിപ്പെറുക്കി ഇമോഷണൽ ആകാറുണ്ട്. ജീവിതത്തിൽ നഷ്ടപ്പെട്ട എന്തിനെയെങ്കിലും കുറിച്ചോർത്തു വേദനിക്കുന്നുണ്ടോ? ഉണ്ട്.. അത് അരികിൽ ഉണ്ടായിട്ടും ലഭിക്കാതെ പോയ മാതൃസ്നേഹം ആണ്. ഇന്നും അമ്മയുടെ സ്നേഹത്തിനായി കാത്തിരിക്കുന്ന ഒരു മകൾ ആണ് ഞാൻ..... ഒരിക്കലും ലഭിക്കില്ല എങ്കിലും.....കാത്തിരിക്കാമല്ലോ? മരണം വരെ.....'', ലക്ഷ്‍മിപ്രിയ ഫേസ്‍ബുക്കില്‍ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക