Latest Videos

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് പ്രഖ്യാപിച്ചു; ആകാംക്ഷയിൽ മോഹൻലാൽ ആരാധകർ

By Web TeamFirst Published Jan 2, 2021, 10:01 AM IST
Highlights

മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാമെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെ മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ദൃശ്യം രണ്ട് തിയറ്ററുകള്‍ക്ക് പകരം ഒ.ടി.ടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കെയാണ് വമ്പന്‍ പ്രഖ്യാപനം.

ചിത്രം ഈ വർഷം മാർച്ച് 26ന് തിയറ്ററുകളിലെത്തും. നിർമാതാക്കളായ ആശീർവാദ് ഫിലിംസ് ആണ് റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ പ്രഖ്യാപനം സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 

അതേസമയം, സർക്കാർ അനുമതി നൽകിയെങ്കിലും അടുത്ത ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. നി‍ർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂ എന്നാണ് ചലച്ചിത്ര പ്രവർത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചിരിക്കുന്നത്. പാതി സീറ്റിൽ കാണികളെ ഇരുത്തി സിനിമ പ്രദർശിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അവർ കരുതുന്നു.

തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് നി‍ർമാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. തിയേറ്റർ തുറക്കുന്ന കാര്യത്തിൽ വിശദമായ ചർച്ച അന്നുണ്ടാവും. അതിനുശേഷം നിർമാതാക്കളും വിതരണക്കാരുമായി ചർച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികൾ അറിയിച്ചു.  

പത്ത് മാസങ്ങളായി തിയറ്ററുകള്‍ അടഞ്ഞുകിടന്നതിനാൽ വന്‍സാമ്പത്തിക പ്രതിസന്ധിയാണ് ഈ മേഖലയില്‍ നേരിട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് ജോലികള്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ മരക്കാർ പോലുള്ള വലിയ സിനിമയുടെ തിയറ്റർ റിലീസ് സിനിമാ ഇൻഡ്സ്ട്രിക്ക് വലിയ ഉണർവേകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കൾ.

മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിർമാതാക്കളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിജയ് ചിത്രം മാസ്റ്റര്‍ തമിഴ്‌നാടിനൊപ്പം കേരളത്തിലും പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ദൃശ്യം 2 ആമസോണ്‍ റിലീസായി പ്രഖ്യാപിച്ചതോടെ മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരുന്നു. 

Marakkar - Arabikadalinte Simham Releasing On 2021 March 26...!! #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas

Posted by Antony Perumbavoor on Friday, 1 January 2021
click me!