Marakkar : കാത്തിരിപ്പിന്‍റെ 3 വര്‍ഷം, 7 മാസം, 3 ദിവസം; 'മരക്കാര്‍' ടൈംലൈന്‍

By Web TeamFirst Published Dec 1, 2021, 2:25 PM IST
Highlights

2020 മാര്‍ച്ച് 19 ആയിരുന്നു ചിത്രത്തിന്‍റെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി

3 വര്‍ഷവും ഏഴ് മാസവും മൂന്ന് ദിവസവും മുന്‍പാണ് നിരവധി പ്രത്യേകതകളുമായെത്തുന്ന 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം' (Marakkar) പ്രഖ്യാപിക്കപ്പെട്ടത്. 'കാലാപാനി'ക്കു ശേഷം മോഹന്‍ലാലും (Mohanlal) പ്രിയദര്‍ശനും (Priyadarshan) ഒന്നിക്കുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമ, മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം, വന്‍ താരനിര എന്നിങ്ങനെ മലയാളത്തിന്‍റെ കാന്‍വാസില്‍ ഇതുവരെ കാണാത്ത ഒന്നിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി 2020 മാര്‍ച്ച് 19 ആയിരുന്നു. പക്ഷേ കൊവിഡിന്‍റെ അപ്രതീക്ഷിത കടന്നുവരവോടെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിക്ക് ദിവസങ്ങള്‍ ശേഷിക്കെ തിയറ്ററുകള്‍ അടയ്ക്കപ്പെടുന്നു. അനിശ്ചിതത്വം നിറഞ്ഞ രണ്ടു വര്‍ഷത്തിനിപ്പുറം ചിത്രം തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ ആ ടൈംലൈനിലേക്ക് നോക്കാം.

'മരക്കാര്‍' ടൈംലൈന്‍

2018 ഏപ്രില്‍ 28- 'മരക്കാര്‍: അറബിക്കടലിന്‍റെ' സിംഹം പ്രഖ്യാപിക്കുന്നു. പ്രഖ്യാപനവും ടൈറ്റില്‍ ലോഞ്ചും കൊച്ചിയില്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കുമെന്നും ഷൂട്ടിംഗ് മൂന്ന് മാസം നീളുമെന്നും പ്രിയദര്‍ശന്‍. മലയാള സിനിമയുടെ കാന്‍വാസിന്‍റെ പരിമിതികള്‍ക്കു പുറത്തേക്ക് സഞ്ചരിക്കാനാണ് തങ്ങളുടെ ശ്രമമെന്നും പ്രിയന്‍. ആശിര്‍വാദ് സിനിമാസിന്‍റെ 25-ാം ചിത്രം.

2018 സെപ്റ്റംബര്‍- ചിത്രത്തിലെ താരനിരയെക്കുറിച്ച് ആദ്യ വിവരങ്ങള്‍ പുറത്തുവരുന്നു. സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, പ്രഭു, നെടുമുടി വേണു, സിദ്ദിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

2018 ഡിസംബര്‍ 16- മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നു.

2018 ഡിസംബര്‍ 21- 'മരക്കാര്‍' ഗെറ്റപ്പിലുള്ള മോഹന്‍ലാലിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവരുന്നു. ചിത്രങ്ങള്‍ വൈറല്‍ ആയതിനു പിന്നാലെ ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ പുറത്തുവിടുന്നു.

2019 സെപ്റ്റംബര്‍- ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തുമെന്ന് റിപ്പോര്‍ട്ട്.

2019 ഒക്ടോബര്‍ 1- ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നു. ചിത്രം 2020 മാര്‍ച്ച് 19ന് തിയറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍.

2019 ഡിസംബര്‍- ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയാവുന്നു.

 

2020 ജനുവരി 1- ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവരുന്നു.

2020 ജനുവരി 26- ടീസര്‍ പുറത്തുവരുന്നു.

2020 ഫെബ്രുവരി 25- പുതിയ ടീസര്‍

2020 ഫെബ്രുവരി 26- ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കുഞ്ഞാലി മരക്കാറുടെ പിന്മുറക്കാരി മുബീസ മരക്കാര്‍ ആണ് കോടതിയെ സമീപിച്ചത്. ചിത്രം കുടുംബത്തെയും മരക്കാരെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും കളക്ടര്‍ക്ക് പരാതി കൊടുത്തിരുന്നെന്നും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിക്കാരി.

ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവരുന്നു.

2020 ഫെബ്രുവരി 27- ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

2020 മാര്‍ച്ച് 5- റിലീസ് ദിവസം ഫാന്‍സ് ഷോകള്‍ അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കുമെന്ന് ആശിര്‍വാദ് സിനിമാസ്. ലോകമെമ്പാടും 5000 തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുമെന്നും ആശിര്‍വാദ്.

2020 മാര്‍ച്ച് 6- ട്രെയ്‍ലര്‍ എത്തുന്നു.

2020 മാര്‍ച്ച് 10- കൊറോണ വൈറസിന്‍റെ കടന്നുവരവ്. സംസ്ഥാനത്തെ തിയറ്ററുകള്‍ അടയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യമുന്നയിക്കുന്നു. മരക്കാര്‍ അടക്കമുള്ള ചിത്രങ്ങള്‍ റിലീസ് മാറ്റിവെക്കുന്നു.

2020 മാര്‍ച്ച് 19- ആഗോള തലത്തില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി, പ്രേക്ഷകര്‍ എത്തിത്തുടങ്ങിയാലേ ചിത്രം റിലീസ് ചെയ്യൂവെന്ന് പ്രിയദര്‍ശന്‍. 

2020 ജൂണ്‍ 3- 60 രാജ്യങ്ങളില്‍ കരാര്‍ ഉണ്ടെന്നും അവിടങ്ങളിലെല്ലാം തിയറ്ററുകള്‍ സാധാരണ മട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടേ റിലീസ് ഉള്ളൂവെന്ന് ആന്‍റണി പെരുമ്പാവൂര്‍.

 

2020 ഒക്ടോബര്‍ 13- സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മരക്കാറിന് മൂന്ന് പുരസ്‍കാരങ്ങള്‍. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (വിനീത്), നൃത്ത സംവിധാനം (ബൃന്ദ, പ്രസന്ന സുജിത്ത്), വിഷ്വല്‍ എഫക്റ്റ്സിനുള്ള സ്പെഷല്‍ ജൂറി അവാര്‍ജ് (സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍)

2020 ഡിസംബര്‍ 14- റിലീസ് വൈകുന്നതില്‍ വിഷമമില്ലെന്ന് പ്രിയദര്‍ശന്‍. എപ്പോള്‍ തിയറ്ററുകളിലെത്തിയാലും പ്രേക്ഷകര്‍ എത്തുമെന്നും സംവിധായകന്‍.

2021 ജനുവരി 2- പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുന്നു. ചിത്രം 2021 മാര്‍ച്ച് 26ന് എത്തുമെന്ന് പ്രഖ്യാപനം.

2021 ജനുവരി മൂന്നാംവാരം- റിലീസ് നീളുമെന്ന് റിപ്പോര്‍ട്ടുകള്‍.

2021 ഫെബ്രുവരി 5- ആദ്യഗാനം പുറത്തുവരുന്നു.

2021 ഫെബ്രുവരി 28- പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുന്നു. 2021 മെയ് 13ന് എത്തുമെന്ന് പ്രഖ്യാപനം. 

2021 മാര്‍ച്ച് 22- ദേശീയ അവാര്‍ഡ് പ്രഖ്യാപനം. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്‍കാരങ്ങള്‍. വസ്ത്രാലങ്കാരം, സ്പെഷല്‍ എഫക്റ്റ്സ് എന്നിവയാണ് മറ്റു രണ്ട് പുരസ്‍കാരങ്ങള്‍.

2021 ഏപ്രില്‍ 26- കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റിലീസ് വീണ്ടും നീട്ടുന്നു. 2021 ഓഗസ്റ്റ് 12ന് എത്തിക്കാന്‍ തീരുമാനം.

2021 ജൂണ്‍ 1- മരക്കാര്‍ ഒടിടി റിലീസ് ആയിരിക്കില്ലെന്നും തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യണമെന്ന അഭിപ്രായക്കാരാണ് താനും മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരുമെന്ന് പ്രിയദര്‍ശന്‍.

2021 ജൂണ്‍ 27- ചിത്രം കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ് ചെയ്യുമെന്നും മൂന്നാഴ്ചത്തെ ഫ്രീ-റണ്‍ നല്‍കാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറെന്നും റിപ്പോര്‍ട്ടുകള്‍.

2021 സെപ്റ്റംബര്‍ 3- ഒടിടിയില്‍ ആസ്വദിക്കാവുന്ന സിനിമയല്ല മരക്കാറെന്ന് മോഹന്‍ലാല്‍. 'തിയറ്റര്‍ റിലീസിനുവേണ്ടിയുള്ള കാത്തിരുപ്പില്‍'

2021 ഒക്ടോബര്‍ 2- കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നാലും മരക്കാര്‍ റിലീസ് ഉടനെയുണ്ടാവില്ലെന്ന് ആന്‍റണി പെരുമ്പാവൂര്‍. 50 ശതമാനം പ്രവേശന രീതി നഷ്‍ടമുണ്ടാക്കുമെന്നും നിര്‍മ്മാതാവ്.

2021 ഒക്ടോബര്‍ 21- ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പ്രിയദര്‍ശന്‍. ഒടിടി റിലീസ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍.

2021 ഒക്ടോബര്‍ 25- ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയ കാര്യം സ്ഥിരീകരിച്ച് ആന്‍റണി പെരുമ്പാവൂര്‍.

2021 ഒക്ടോബര്‍ 26- വാക്ക് പാലിക്കാതിരുന്നത് തിയറ്റര്‍ ഉടമകളാണെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍.

2021 ഒക്ടോബര്‍ 28- മരക്കാര്‍ ഒടിടി റിലീസ് തീരുമാനം മാറ്റണമെന്ന് ഫിലിം ചേംബര്‍. ഇടപെടല്‍ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം.

2021 ഒക്ടോബര്‍ 31- ആമസോണ്‍ പ്രൈമുമായി കരാര്‍ ഒപ്പുവച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

 

2021 നവംബര്‍ 2- മരക്കാര്‍ റിലീസ് പ്രതിസന്ധിയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നീക്കം.

2021 നവംബര്‍ 5- മരക്കാര്‍ ഒടിടി റിലീസ് ആയിരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആന്‍റണി പെരുമ്പാവൂര്‍. തിയറ്റര്‍ ഉടമകള്‍ക്ക് വിമര്‍ശനം.

2021 നവംബര്‍ 11- റിലീസ് കാര്യത്തില്‍ വീണ്ടും ട്വിസ്റ്റ്. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍റെ പ്രഖ്യാപനം. ഡിസംബര്‍ 2 എന്ന നിലവിലെ റിലീസ് തീയതിയും പ്രഖ്യാപിക്കപ്പെടുന്നു.

2021 നവംബര്‍ 17- ഐഎംഡിബിയില്‍ ഏറ്റവുമധികം പേര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി മരക്കാര്‍.

2021 നവംബര്‍ 30- റിലീസ് ട്രെയ്‍ലര്‍ പുറത്തുവരുന്നു. മരക്കാര്‍ ഒടിടി റിലീസ് വിവാദം അനാവശ്യമായിരുന്നെന്നും അത്തരത്തില്‍ കരാറുകളൊന്നും ഒപ്പിട്ടിരുന്നില്ലെന്നും മോഹന്‍ലാല്‍. 

2021 ഡിസംബര്‍ 1- ചിത്രം പ്രീ-റിലീസ് ബുക്കിംഗിലൂടെ മാത്രം 100 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍. ലോകമാകെ 4100 സ്ക്രീനുകളില്‍ ചിത്രം എത്തുമെന്നും റിലീസ് ദിനത്തില്‍ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടാവുമെന്നും പ്രഖ്യാപനം. 

click me!