മാസ്റ്റർ സിനിമ ചോർച്ച: നിർണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി; 400 വെബ്സൈറ്റുകൾ നിരോധിച്ചു

By Web TeamFirst Published Jan 12, 2021, 12:03 PM IST
Highlights

സമൂഹ മാധ്യമങ്ങളിലൂടെ രംഗങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു

ചെന്നൈ: മാസ്റ്റർ സിനിമയുടെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ നിർണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകൾ നിരോധിച്ചു. വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാൻ ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വൊഡഫോൺ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സമൂഹ മാധ്യമങ്ങളിലൂടെ രംഗങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

സിനിമയുടെ പ്രധാന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിതരണകാർക്കായി നടത്തിയ ഷോയിൽ നിന്ന് രംഗങ്ങൾ ചോർന്നതായാണ് സംശയം. സംഭവത്തിൽ അടിയന്തിര ഇടപെടൽ തേടി സമീപിച്ച നിർമ്മാണ കമ്പനിയ്ക്ക് അനുകൂലമായാണ് ഹൈക്കോടതി ഉത്തരവ്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കേയാണ് സീനുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചു. 

ഒന്നര വർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് അഭ്യർത്ഥിച്ചത്. അഭ്യർത്ഥനയുമായി മറ്റ് തമിഴ് സംവിധായകരും രംഗത്തെത്തി. സീനുകൾ ചോർത്തിയത് സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരനാണെന്ന് നിർമ്മാണ കമ്പനി ആരോപിച്ചു. ജീവനക്കാരനെതിരെ പരാതി നൽകുകയും ചെയ്തു. മാസ്റ്റർ സിനിമയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും നിർമ്മാണ കമ്പനി ആരോപിച്ചു. പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ നാളെ തുറക്കുമ്പോൾ‍ വിജയ്​യുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.  

കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വന്‍ റിലീസ് ആണ് 'മാസ്റ്റര്‍'. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു. 'കൈതി'ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസ് നീണ്ട സാഹചര്യത്തില്‍ ഒടിടി റിലീസിന് സമ്മര്‍ദ്ദമുണ്ടായെങ്കിലും തീയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ നിര്‍മ്മാതാവ് ഉറച്ചുനില്‍ക്കുകയായിരുന്നു. 'വിജയ് ദി മാസ്റ്റര്‍' എന്ന പേരിലെത്തുന്ന ഹിന്ദി മൊഴിമാറ്റ പതിപ്പിനും വന്‍ റിലീസ് ആണ് വിതരണക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. 

 

 

click me!