കേരളത്തിലും റിലീസിനു മുന്‍പേ ഹൗസ് ഫുള്‍ ആയി 'മാസ്റ്റര്‍'! ട്രാവന്‍കൂര്‍ ഏരിയയില്‍ മാത്രം 110 തിയറ്ററുകളില്‍

By Web TeamFirst Published Jan 12, 2021, 11:46 PM IST
Highlights

ആരാധക സംഘങ്ങള്‍ വഴി ആദ്യ ദിവസത്തെ ടിക്കറ്റ് വിതരണം ചെയ്തതിനാല്‍ പല സെന്‍ററുകളിലെയും പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളിലേക്ക് എത്തിയിരുന്നുമില്ല. കേരളത്തില്‍ ട്രാവന്‍കൂര്‍ ഏരിയയില്‍ മാത്രം 110 തീയേറ്ററുകളിലാണ് മാസ്റ്റര്‍ റിലീസ് ചെയ്യപ്പെടുന്നത്. 

പത്ത് മാസത്തിലേറെ നീണ്ട വലിയ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ സംഭവിക്കുന്ന ആദ്യ ബിഗ് റിലീസ് ആണ് ബുധനാഴ്ച എത്തുന്ന 'മാസ്റ്റര്‍'. ഇക്കാരണത്താല്‍ തന്നെ സാധാരണ വിജയ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതില്‍ കൂടുതല്‍ വാര്‍ത്താപ്രാധാന്യമാണ് രാജ്യമൊട്ടാകെ 'മാസ്റ്ററി'നു ലഭിച്ചത്. കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുമെന്ന അന്തിമ തീരുമാനം തിങ്കഴാഴ്ച വരുന്നതിനു മുന്‍പു തന്നെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് തമിഴ്നാട്ടിലും മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും ആരംഭിച്ചിരുന്നു. എന്നാല്‍ അവസാനസമയത്ത് തീരുമാനം വന്നതിനാല്‍ അഡ്വാന്‍സ് ബുക്കിംഗ് അടക്കമുള്ള കാര്യങ്ങളില്‍ കേരളത്തില്‍ പ്രതിസന്ധിയുണ്ടായി.

തീയേറ്റര്‍ തുറക്കാനുള്ള തീരുമാനം വരുന്നതിന് ഏറെ മുന്‍പുതന്നെ ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും കൊച്ചിന്‍-മലബാര്‍ ഏരിയയിലെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസും സ്വന്തമാക്കിയിരുന്നു. എന്നാല്‍ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് തിയറ്റര്‍ തുറക്കാനുള്ള അന്തിമ തീരുമാനം വന്നത് എന്നതിനാല്‍ കേരളത്തില്‍ തയ്യാറെടുപ്പിന് വേണ്ട സമയം ലഭിച്ചില്ല. 

 

ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളിലൂടെയുടെ ടിക്കറ്റ് ബുക്കിംഗ് സിനിമാപ്രേമികളുടെ ശീലമായി മാറിയിരുന്നു. എന്നാല്‍ ബുക്ക് മൈ ഷോ അടക്കമുള്ള സൈറ്റുകളില്‍ പല സ്ഥലങ്ങളിലും ഇന്നു മാത്രമാണ് പല ഷോകളുടെയും ടിക്കറ്റുകള്‍ എത്തിയത്. തുടരെത്തുടരെ ഇത്തരം സൈറ്റുകളിലേക്ക് നോക്കിയിരുന്നവര്‍ക്കു മാത്രമാണ് ടിക്കറ്റുകള്‍ ലഭിച്ചത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാനായി ഒന്നിടവിട്ട സീറ്റുകളിലേക്ക് മാത്രമാണ് പ്രവേശനം എന്നതിനാല്‍ ഉള്ള ടിക്കറ്റുകള്‍ വേഗത്തിലാണ് വിറ്റുതീര്‍ന്നത്. ആരാധക സംഘങ്ങള്‍ വഴി ആദ്യ ദിവസത്തെ ടിക്കറ്റ് വിതരണം ചെയ്തതിനാല്‍ പല സെന്‍ററുകളിലെയും പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളിലേക്ക് എത്തിയിരുന്നുമില്ല. കേരളത്തില്‍ ട്രാവന്‍കൂര്‍ ഏരിയയില്‍ മാത്രം 110 തീയേറ്ററുകളിലാണ് മാസ്റ്റര്‍ റിലീസ് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ തിയറ്ററുകള്‍ ചേരുന്നതാണ് ട്രാവന്‍കൂര്‍ ഏരിയ.

ആദ്യത്തെ ഒരാഴ്ചയാണ് വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് ഏറ്റവും കളക്ഷന്‍ ലഭിക്കാറ്. മികച്ച അഭിപ്രായം ലഭിക്കുകയാണെങ്കില്‍ അത് അടുത്ത ആഴ്ചയിലേക്ക് നീളുകയും ചെയ്യും. പകുതി സീറ്റുകളിലാണ് പ്രദര്‍ശനം എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ പ്രീ-ബുക്കിംഗില്‍ മിക്കവാറും പ്രദര്‍ശനങ്ങള്‍ എല്ലാംതന്നെ 'ഹൗസ്‍ഫുള്‍' ആയത് കേരളത്തിലെ തിയറ്റര്‍ ഉടമകളെ സന്തോഷിപ്പിക്കുന്നുണ്ട്. മാസ്റ്റര്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചെത്തിച്ചാല്‍ വരാനിരിക്കുന്ന മലയാള സിനിമകള്‍ക്കും അത് ഗുണം ചെയ്യുമെന്നാണ് മലയാളസിനിമാ വ്യവസായത്തിന്‍റെ കണക്കുകൂട്ടല്‍. മാസ്റ്ററിന് ലഭിക്കുന്ന ആദ്യദിന അഭിപ്രായങ്ങളിലേക്കാണ് ഇനി സിനിമാ വ്യവസായത്തിന്‍റെ നോട്ടം. 

click me!