'ഒടിടി റിലീസിന് സമ്മര്‍ദ്ദമുണ്ട്, പക്ഷേ'; 'മാസ്റ്റര്‍' നിര്‍മ്മാതാവ് പറയുന്നു

By Web TeamFirst Published Dec 15, 2020, 7:17 PM IST
Highlights

വിജയ്‍യും വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണിത്. 'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും കാത്തിരിപ്പേറ്റുന്ന ചിത്രമാണിത്

വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്‍റെ കേരള വിതരണാവകാശത്തെക്കുറിച്ചുള്ള പ്രചരണങ്ങളില്‍ വിശദീകരണവുമായി നിര്‍മ്മാതാവ്. ട്രാവന്‍കൂര്‍ ഏരിയയുടെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണെന്ന് നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ വ്യക്തമാക്കി.

മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതുപോലെ ഡയറക്ട് ഒടിടി റിലീസിന് സമ്മര്‍ദ്ദമുണ്ടെങ്കിലും തീയേറ്ററുകളിലൂടെയും ചിത്രം റിലീസ് ചെയ്യുകയുള്ളൂവെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി. മുന്‍പ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യപ്പെടുമെന്ന് അഭ്യൂഹം ഉയര്‍ന്നപ്പോഴും സേവ്യര്‍ ബ്രിട്ടോ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. "ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നതിനായി സമ്മർദ്ദങ്ങളും ഓഫറുകളും ഉണ്ടെങ്കിലും സിനിമാ വ്യവസായത്തിന്‍റെ നിലനിൽപ്പിന് തിയേറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നതുകൊണ്ട്  മാസ്റ്റർ തിയ്യറ്ററുകളിലേ റിലീസ് ചെയ്യുകയുള്ളൂ", സേവ്യര്‍ ബ്രിട്ടോ പറയുന്നു. മാസ്റ്ററിന് തീയേറ്റര്‍ റിലീസ് പാടുള്ളൂ എന്ന കാര്യത്തില്‍ വിജയ്‍യും ഉറച്ച നിലപാടിലാണത്രേ. 

 

വിജയ്‍യും വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണിത്. 'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും കാത്തിരിപ്പേറ്റുന്ന ചിത്രമാണിത്. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. 

click me!