
വമ്പൻ റിലീസുകളുടേതാണ് മെയ് മാസം. വലുതും ചെറുതുമായ ചിത്രങ്ങൾ കൊണ്ടാണ് മെയ് ഒന്ന് തുടങ്ങിയതു തന്നെ. തമിഴിൽ നിന്ന് സൂര്യ- കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോ, ഹിന്ദിയിൽ അജയ് ദേവ്ഗൺ നായകനായ റെയ്ഡ് 2, തെലുങ്കിൽ നാനിയുടെ ഹിറ്റ് 3 എന്നിങ്ങനെ ബിഗ് ബജറ്റ് താര ചിത്രങ്ങൾ കൊണ്ടാണ് മെയ് ഒന്നിൻ്റെ വരവ്. ശശികുമാർ സിമ്രാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അബിഷൻ ജിവന്ത് സംവിധാനം ചെയ്ത കോമഡി എൻ്റർടെയ്നർ ചിത്രം ടൂറിസ്റ്റ് ഫാമിലിയും തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്.
കങ്കുവയുടെ വമ്പൻ പരാജയത്തിന് ശേഷം എത്തുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും ചേർന്ന് സൂര്യയുടെ പഴയ ഫോം തിരിച്ചുകിട്ടുമെന്നായിരുന്നു പ്രേക്ഷക പ്രതീക്ഷ. സൂര്യയുടെ തിരിച്ചുവരവ് കാത്തിരുന്ന ഫാൻസിനെ പോലും ചിത്രം തൃപ്തിപ്പെടുത്തിയില്ലെന്ന തരത്തിലാണ് ആദ്യ ഷോകൾക്ക് പിന്നാലെയുള്ള പ്രതികരണങ്ങൾ..
നാനിയുടെ 32-ാമത് സിനിമയായാണ് ഹിറ്റ് 3 എത്തുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും വയലൻസ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഹിറ്റ് 3യിലേത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. 2018 ൽ പുറത്തിറങ്ങിയ റെയ്ഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ത്രില്ലർ ഴോൺറയിൽ എത്തുന്ന റെയ്ഡ് 2. മാർവെൽ ചിത്രമായ തണ്ടർബോൾട്ട്സും ഇന്ത്യയിൽ എത്തിയിട്ടുണ്ട്. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഫേസ് ഫൈവിന്റെ അവസാന ചിത്രമാമാണിത്.
ഉർവ്വശി പ്രധാന കഥാപാത്രമാകുന്ന എൽ ജഗദമ്മ ഏഴാം ക്ലാസ് ബി മെയ് 2നാണ് തിയേറ്ററുകളിൽ എത്തുക. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാകും ഇത്. മെയ് 2ന് എത്തുമെന്ന് അറിയിച്ചിരുന്ന മാത്യു തോമസ് ചിത്രം ലൗലിയുടെ റിലീസ് മെയ് 9ലേയ്ക്ക് മാറ്റി. ഒരു ഈച്ച നായികയായി എത്തുന്നു എന്ന കൗതുകമാണ് 3ഡിയിൽ എത്തുന്ന ലൗലിയുടെ പ്രമേയത്തിനുള്ളത്. സാൾട്ട് ആൻഡ് പെപ്പർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്.
മെയ് 8ന് മൂന്ന് മലയാള സിനിമകൾ എത്തുന്നുണ്ട്. സുമതി വളവ്, സർക്കീട്ട്, പടക്കളം എന്നിവയാണ് ഈ മൂന്ന് ചിത്രങ്ങൾ. മാളികപ്പുറം എന്ന സിനിമയുടെ വിജയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ സുമതി വളവിൽ വീണ്ടും ഒന്നിക്കുന്നു. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലുള്ളതാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ് തുടങ്ങിയവരാണ് താരങ്ങൾ.
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർക്കീട്ട്’. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ഹിറ്റുകൾക്ക് ശേഷം ആസിഫ് അലിയുടെതായി റിലീസിനെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് സർക്കീട്ടിന്. സുരാജ് വെഞ്ഞാറമൂട് ഷറഫുദ്ദീൻ കോമ്പോയിലാണ് പടക്കളം എത്തുന്നത്. ഒരു ഫാൻ്റസി യൂത്ത് ചിതൃമായി ഒരുങ്ങുന്ന പടക്കളത്തിൻ്റെ താരനിരയിൽ സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ തുടങ്ങിയവരുമുണ്ട്. മെയ് 9ന് ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി റിലിസിനെത്തും.
മെയ് 16ന് ടൊവിനോ ചിത്രം നരിവേട്ട എത്തും. ഇഷ്കിന് ശേഷം അനുരാജ് മനോഹർ ഒരുക്കുന്ന ചിത്രമാണിത്. ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും എല്ലാം നിറഞ്ഞ മുത്തങ്ങ സമരം പോലുള്ള സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു നരിവേട്ടയുടെ ട്രെയിലർ. സൂര്യ ഐശ്വര്യ ലക്ഷ്മി ചിത്രം മാമൻ, ധ്യാൻ ശ്രീനിവാസൻ്റെ ഡിറ്റക്റ്റീവ് ഉജ്വലൻ, സണ്ണി വെയ്ൻ സൈജു കുറുപ്പ് എന്നിവർ പ്രധാന താരങ്ങളാകുന്ന റിട്ടൺ ആൻഡ് ഡയറക്റ്റഡ് ബൈ ഗോഡ്, ദില്ലുകു ദുഡ്ഡു ഹൊറർ മൂവി ഫ്രാഞ്ചൈസിയിലെ ഡി ഡി നെക്സ്റ്റ് ലെവൽ എന്നീ ചിത്രങ്ങളും മെയ് 16നെത്തും. ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രം ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ് ലൈൻ എത്തുന്നതും മെയ് 16നാണ്.
ആക്ഷൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ഫ്രാൻഞ്ചൈസി ആണ് ടോം ക്രൂസ് നായകനായ 'മിഷൻ ഇമ്പോസിബിൾ'. ഈ സീരിസിലെ അവസാന ചിത്രം 'മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്' എത്തുന്നത് മെയ് 23നാണ്. ഡിസ്നിയുടെ ലിലോ ആൻഡ് സ്റ്റിച്ചും അതേ ദിവസം റിലീസിനെത്തും. ഷറഫുദ്ദീൻ അനുപമ പരമേശ്വരൻ എന്നിവർ പ്രധാന താരങ്ങളായ പെറ്റ് ഡിക്ടറ്റീവ് ആണ് മലയാളത്തിൽ നിന്ന് അന്നേദിവസമുള്ള റിലീസ്. മെയ് 30ന് കരാട്ടെ കിഡ് ലെജൻസും വിജയ് ദേവരകൊണ്ടയുടെ കിങ്ഡവും റിലീസിനെത്തും. ഫാമിലി സ്റ്റാർ, ലൈഗർ എന്നിങ്ങനെ മുമ്പിറങ്ങിയ ദേവരക്കൊണ്ട ചിത്രങ്ങൾ വലിയ പരാജയങ്ങളായിരുന്നു.
മെയ് 07നെത്തുന്ന ലാസ്റ്റ് ബുള്ളറ്റ്, മെയ് 15നെത്തുന്ന ലവ് ഡെത്ത് റോബോട്ട്സ് സീസൺ 4, 22നെത്തുന്ന സീരീസ് സൈറൻസ്, 23നെത്തുന്ന ഫിയർ സ്ട്രീറ്റ് പ്രോം ക്വീൻ എന്നിവയാണ് നെറ്റ്ഫ്ലിക്സിൽ ഈ മാസത്തെ പ്രധാന റിലീസുകൾ. എ ആർ മുരുഗദോസിൻ്റെ സൽമാൻ ഖാൻ ചിത്രം സിക്കന്ദർ മെയ് 30ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. പുതിയതും പഴയതുമായ ഒരുപിടി ചിത്രങ്ങൾ കളക്ഷനിലേയ്ക്ക് ആഡ് ചെയ്യുന്ന മാസമാണ് ആമസോൺ പ്രൈം വീഡിയോയ്ക്ക് മെയ് മാസം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ