
തമിഴ് ചിത്രം ജയ് ഭീമിനെ പുകഴ്ത്തി നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. ചിത്രം സമകാലിക സിനിമകളില്‍ മിക്കവാറും പൂഴ്ത്തിവെക്കപ്പെടാറുള്ള നമ്മുടെ കാലത്തെ യാഥാര്‍ത്ഥ്യത്തെ പൊള്ളിക്കും വിധം അനുഭവിപ്പിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എസ്എഫ്‌ഐ നേതാവായിരുന്ന ജസ്റ്റിസ് ചന്ദ്രുവിനെപ്പോലുള്ള നിസ്വവര്‍ഗത്തോട് പ്രതിബദ്ധതയുള്ളവര്‍ക്ക് കോടതി മുറിയും വര്‍ഗ്ഗ സമരവേദി തന്നെയെന്നും അദ്ദേഹം കുറിച്ചു.
കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ മകള്‍ കാലിന്‍മേല്‍ കാലും കയറ്റി കസേരയില്‍ ആത്മവിശ്വാസത്തോടെയിരുന്ന് പത്രം നിവര്‍ത്തുന്ന, തുല്യത എന്ന ആശയത്തെ കാഴ്ചക്കാരുടെ ബോധമണ്ഡലത്തിലേക്ക് തൊടുത്തുവിടുന്ന ദൃശ്യത്തോടെയുള്ള പര്യവസാനം ഗംഭീരമാണെന്നും നമ്മുടെ കാലത്തിന്റെ രാഷ്ട്രീയത്തെ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുകയും ഉണര്‍ത്തുകയും വിധം തീവ്രമായും സര്‍ഗ്ഗാത്മകമായും ആവിഷ്‌കരിച്ചിരിക്കുന്നു ജയ്ഭീമെന്നും അദ്ദേഹം വ്യക്തമാക്കി.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്
യഥാര്‍ത്ഥ സംഭവം, യഥാര്‍ത്ഥ പോരാളികള്‍, യഥാര്‍ത്ഥ നായകന്‍, യഥാര്‍ത്ഥ വില്ലന്‍മാര്‍ എന്നിവര്‍ നിറഞ്ഞ ജയ്ഭീം സമകാലിക സിനിമകളില്‍ മിക്കവാറും പൂഴ്ത്തിവെക്കപ്പെടാറുള്ള നമ്മുടെ കാലത്തെ യാഥാര്‍ത്ഥ്യത്തെ പൊള്ളിക്കും വിധം അനുഭവിപ്പിച്ചു. ജാതിയെന്ന ഭയാനക യാഥാര്‍ത്ഥ്യത്തെ. അതിനെ മുന്‍ നിര്‍ത്തി ദളിതര്‍ക്കും ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നേരെ ഭരണകൂടം അഴിച്ചുവിടുന്ന ഭീകരതയെ. മരണാനന്തരം മാത്രം നീതി ലഭ്യമാക്കാനാവുന്ന ജനാധിപത്യത്തിന്റെ പരാജയങ്ങളെ. നീതിയുടെ സാക്ഷാല്‍ക്കാരം എത്രമേല്‍ കഠിനമാണെന്ന തിരിച്ചറിവിനെ. ഒപ്പം അനീതികള്‍ക്കെതിരായി തെരുവില്‍ ഒരുമിക്കുന്ന മനുഷ്യരെ നയിക്കുന്ന പതാകയും പ്രത്യയശാസ്ത്രവുമേതെന്ന യാഥാര്‍ത്ഥ്യത്തെ. നീതിക്കു വേണ്ടി തെരുവിലുയരുന്ന ശബ്ദമാണ് നിയമ നിര്‍മ്മാണ സഭകളിലും കോടതി മുറികളിലുമെല്ലാം ഉയരേണ്ടത് എന്ന പാഠത്തെ.
സിനിമക്കു തന്നെ കാരണക്കാരനായ തമിഴ്‌നാട്ടിലെ പഴയ എസ്എഫ്‌ഐ നേതാവായിരുന്ന ചന്ദ്രുവിനെക്കുറിച്ച് എസ്എഫ്‌ഐയില്‍ എനിക്കൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് മുന്‍ സെക്രട്ടറി സ:എസ്. കണ്ണന്‍ അഭിമാനത്തോടെ പറയുകയുണ്ടായി. ഫീസു വാങ്ങാതെ പാവപ്പെട്ടവരുടെ കേസുകള്‍ നടത്തിയ, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സൗജന്യമായി ഹാജരായ അഭിഭാഷകനായും ചരിത്ര പ്രധാന വിധികള്‍ പുറപ്പെടുവിക്കുകയും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്ത ന്യായാധിപനായ, ജ.കൃഷ്ണയ്യരുടെ പ്രിയ ശിഷ്യനായ ചന്ദ്രുവിനെക്കുറിച്ച് എങ്ങിനെ അഭിമാനിക്കാതിരിക്കും. ചന്ദ്രുവിനെപ്പോലെ നിസ്വവര്‍ഗത്തോട് പ്രതിബദ്ധതയുള്ളവര്‍ക്ക് കോടതി മുറിയും വര്‍ഗ്ഗ സമരവേദി തന്നെ.
കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ മകള്‍ കാലിന്‍മേല്‍ കാലും കയറ്റി കസേരയില്‍ ആത്മവിശ്വാസത്തോടെയിരുന്ന് പത്രം നിവര്‍ത്തുന്ന, ലിംഗ-വര്‍ണ-വര്‍ഗ്ഗഭേദങ്ങളെ അതിലംഘിക്കുന്ന തുല്യത എന്ന ആശയത്തെ കാഴ്ചക്കാരുടെ ബോധമണ്ഡലത്തിലേക്ക് തൊടുത്തുവിടുന്ന ദൃശ്യത്തോടെയുള്ള പര്യവസാനം എത്ര ഗംഭീരം.
നമ്മുടെ കാലത്തിന്റെ രാഷ്ട്രീയത്തെ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുകയും ഉണര്‍ത്തുകയും വിധം തീവ്രമായും സര്‍ഗ്ഗാത്മകമായും ആവിഷ്‌കരിച്ചിരിക്കുന്നു ജയ്ഭീം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ