
മലയാളികളുടെ പ്രിയതാരമാണ് മീര ജാസ്മിൻ. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ വെള്ളത്തിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി. ഇപ്പോഴിതാ തിരിച്ചുവരവിൽ തെലുങ്കിലും സജീവമാകാൻ ഒരുങ്ങുകയാണ് മീര ജാസ്മിൻ. വിമാനം എന്ന തെലുങ്ക്- തമിഴ് സിനിമയിലാണ് മീര ജാസ്മിൻ അഭിനയിക്കുന്നത്.
മീര ജാസ്മിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വിമാനത്തിൽ നടി ഭാഗമാകുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. പത്ത് വർഷങ്ങൾക്ക് ശേഷം മീര അഭിനയിക്കുന്ന തെലുങ്ക് സിനിമ എന്ന പ്രത്യേകതയും വിമാനത്തിനുണ്ട്. സീ സ്റ്റുഡിയോസും കിരണ്‍ കൊരപട്ടിയും ചേര്‍ന്നാണ് വിമാനം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സമുദ്രകനിയും പ്രധാന കഥാപാത്രമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടും.
അമ്മായി ബാഗുണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് മീര ജാസ്മിൻ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. 2004 ആയിരുന്നു ഇത്. 2013ൽ പുറത്തിറങ്ങിയ മോക്ഷയാണ് മീരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചലച്ചിത്രം.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിലൂടെ ആണ് മീര ജാസ്മിൻ തിരിച്ചെത്തിയത്.
ജയറാം ആയിരുന്നു ചിത്രത്തിലെ നായകൻ. നസ്‍ലെന്‍, ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍,ദേവിക സഞ്ജയ്, ശ്രീനിവാസന്‍, സിദ്ദിഖ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രിയ നായികയുടെ തിരിച്ചുവരവ് മലയാളികളും ആഘോഷമാക്കിയിരുന്നു. "എന്‍റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്‍റലിജന്‍റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്", എന്നാണ് തിരിച്ചുവരവിനെ കുറിച്ച് മീര പറഞ്ഞത്.
'ഇനി ഒരിക്കലും മലയാള സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു, പക്ഷേ..': തുറന്ന് പറഞ്ഞ് ഭാവന