
മലയാളത്തിന്‍റെ അഭിനയസുകൃതത്തിന് ഇന്ന് പിറന്നാള്‍. ലോക സിനിമയ്ക്ക് മുമ്പിൽ അഭിമാനത്തോടെ പറയാൻ മലയാളക്കരയ്ക്ക് കിട്ടിയ മഹാഭാഗ്യമാണ് നമ്മുടെ മമ്മൂട്ടി. പകർന്നാട്ടത്തിന്‍റെ അമരക്കാരന് പിറന്നാളാശംസകൾ നേരുകയാണ്. സിനിമാരംഗത്തെ നിരവധി പ്രമുഖരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
അനുഭവങ്ങൾ പാളിച്ചകളുടെ സെറ്റിൽ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യൻ മാഷുടെ കാലിൽ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. കാലത്തിരശ്ശീലയിൽ അരനൂറ്റാണ്ടിന്‍റെ റീലോടി. എത്ര കഥാപാത്രങ്ങൾ, എന്തെന്തു വേഷപ്പകർച്ചകൾ, എത്ര അംഗീകാരങ്ങൾ. എഴുപത് വർഷത്തിൽ അമ്പത് വർഷവും അഭിനയിച്ച മഹാജീവിതം. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടേയും ഹൃദയത്തെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് പകർന്നാടി.
ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന് മമ്മൂട്ടി പലവട്ടം പറഞ്ഞിട്ടുണ്ട്. കടഞ്ഞുകടഞ്ഞ് കാതൽ മാത്രം ശേഷിച്ച ഒരഭിനയ ശരീരമായി സ്വയം മാറിയ സപര്യ. സിനിമയിൽ ജ്ഞാനസ്നാനപ്പെട്ട്, മാറുന്ന സിനിമയ്ക്കൊപ്പം സ്വയം മാറി, സിനിമയെത്തന്നെ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന ഒരസാമാന്യ പ്രതിഭയുടെ ആത്മസമർപ്പണം.
അഭിനേതാവായ മമ്മൂട്ടി വിശേഷണങ്ങൾക്കപ്പുറത്തെ വിശാലതയാണ്. അതേവേളയിൽ തന്നെ കലാകാരൻ എന്ന സ്വത്വത്തിനും അപ്പുറമാണ് നമുക്കദ്ദേഹം. കേരളത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള പൊതുജീവിതങ്ങളിലൊന്ന്. സാമൂഹിക പ്രശ്നങ്ങളിൽ, സാംസ്കാരിക ചലനങ്ങളിൽ ഒക്കെ മലയാളി ചെവിയോർക്കുന്ന ശബ്ദം. രാഷ്ട്രീയമായ നിലപാടുറപ്പ്, ആണധികാരത്തിന്‍റെ ഉത്തമപുരുഷ സ്വരൂപമായി വിപണിയുടെ യുക്തികളിൽ നിറഞ്ഞാടുമ്പോഴും രാഷ്ട്രീയശരിയിലേക്ക് നിരന്തരം തിരുത്തുന്ന സാമൂഹിക മനുഷ്യൻ. സഹജീവികളുടെ വേദനകള്‍ അകറ്റാൻ പ്രശസ്തിയും ആസ്വാദക പിന്തുണയും വിഭവങ്ങളാക്കി പകുത്തുകൊടുക്കുന്ന മമ്മൂട്ടി.
Also Read: മമ്മൂട്ടിയുടെ ശബ്‍ദമിടറിയപ്പോള്‍ ഒപ്പം ഉള്ളുലഞ്ഞ് മലയാളികള്‍
ഹൃദയവൈകല്യമുള്ള കുട്ടികളുടെ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്ന ഹൃദയസ്പർശം, ലഹരിക്കടിമയായവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി വഴികാട്ടി, ആദിവാസികളുടെ ക്ഷേമത്തിനായി പൂർവികം, വൃക്ക രോഗികൾക്കായി സുകൃതം, പാവപ്പെട്ട വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി വിദ്യാമൃതം എന്നുതുടങ്ങി എത്ര പദ്ധതികളാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്‍റ് ഷെയർ ഫൗണ്ടേഷൻ ഏറ്റെടുത്തത്. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൊവിഡ് കാലത്ത് കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണ സഹായവുമായും എല്ലാം ആളും അർത്ഥവുമായി മമ്മൂട്ടി നമുക്കൊപ്പമുണ്ട്.
പരുക്കനെന്ന പരിവേഷത്തിനകത്തെ സരസനും സ്നേഹാന്വേഷിയുമായ മമ്മൂട്ടിയെപ്പറ്റിയാണ് സഹപ്രവർത്തകർക്ക് പറയാനുള്ളതെങ്കിൽ മലയാളത്തിന്‍റെ വല്ല്യേട്ടനെന്ന പരിവേഷത്തിൽ നിന്ന് നമ്മുടെ സാംസ്കാരിക കേരളത്തിന്‍റെ രക്ഷാധികാരികളിൽ ഒരാൾ ഉത്തരവാദിത്തത്തിലേക്ക് പരിവർത്തനപ്പെടുന്ന മമ്മൂട്ടിയാണ് ആസ്വാദകരുടെ സുകൃതം.
Also Read: സിനിമയില്‍ മാത്രമല്ല സ്‍ക്രീനിനു പുറത്തും വല്ല്യേട്ടൻ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona