നിഴൽകുത്തിലെ ആരാച്ചാരാകാനും മമ്മൂട്ടി ആഗ്രഹിച്ചിരുന്നു: അടൂര്‍ ഗോപാലകൃഷ്‍ണൻ

By Web TeamFirst Published Sep 7, 2021, 7:32 AM IST
Highlights

മമ്മൂട്ടിക്ക് ഇന്നും നായകനായി തുടരാനാകുന്നത് എന്തൊക്കെ കൊണ്ടാണെന്നും  അടൂര്‍ ഗോപാലകൃഷ്‍ണൻ പറയുന്നു.

അടൂരിന്റെ സിനിമകളിലെ പ്രത്യേകത ഒന്നിൽകൂടുതൽ സിനിമകളിൽ ഒരു നടനെ നായകവേഷത്തിൽ പരിഗണിക്കില്ല എന്നതാണ്. ഈ നിർബന്ധത്തിന് അപവാദം മമ്മൂട്ടി മാത്രമാണ്. അടൂർ ഗോപാലകൃഷ്‍ണന്റെ മൂന്ന് സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചത്. ഇതിൽ രണ്ട് സിനിമകളെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയപുരസ്ക്കാരം വരെ കിട്ടി. തന്റെ മൂന്ന് സിനിമകളിലേക്ക് മമ്മൂട്ടി എത്തിയത് എങ്ങനെയെന്ന് അടൂര്‍ ഗോപാലകൃഷ്‍ണൻ തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ തുറന്നുപറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് പ്രിൻസിപ്പൾ കറസ്‍പോണ്ടന്റ് എസ് അജിത്‍കുമാർ അടൂര്‍ ഗോപാലകൃഷ്‍ണനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.

അനന്തരം

നായകപ്രാധാന്യമുള്ള കഥാപാത്രമല്ല. എന്നാൽ നായകനോട് തുല്യപ്രാധാന്യമുള്ള വേഷം. അടൂർ മമ്മുട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് അനന്തരം സിനിമയുടെ കഥ പറഞ്ഞത്.  ഉടൻ സമ്മതിച്ചുവെന്ന് അടൂർ പറയുന്നു.  മമ്മൂട്ടിക്ക് കലാമൂല്യമുള്ള സിനിമകളോടുള്ള അഭിമുഖ്യമാണിതിന് കാരണമെന്നും അടൂര്‍ ഗോപാലകൃഷ്‍ണൻ പറയുന്നു.

മതിലുകൾ

വൈക്കം മുഹമ്മദ് ബഷിന്റെ നോവലിനെ ആസ്‍പദമാക്കി അടൂർ സംവിധാനം ചെയ്‍ത  മതിലുകളിൽ ബഷീറായി മമ്മൂട്ടിഎത്തി. അന്ന് ജീവിച്ചിരുന്ന ബീഷിറിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഏത് നടനും കൊതിച്ച് പോകുന്ന വേഷമെന്ന മമ്മൂട്ടി തന്നെ അടൂരിനോട് പറഞ്ഞു. ആ 'ത്രിൽ' അദ്ദേഹത്തിന്റെ അഭിനയത്തിലും കണ്ടു. 

വിധേയൻ

റൊമാന്റിക് ഹീറോയായി കത്തി നിൽക്കുമ്പോഴാണ് വില്ലത്തരമുള്ള ഭാസ്ക്കരപട്ടേലരായി മമ്മൂട്ടി വിധേയനിലഭിനയിക്കുന്നത്. മുടി പറ്റെ വെട്ടി തഴേക്കൂർന്നിറങ്ങുന്ന തരത്തിലുള്ള മീശ വച്ച് കഥപാത്രമായി. മുടി വെട്ടണമെന്ന അടൂരിന്റെ നിർബന്ധത്തിന് മമ്മൂട്ടി വഴങ്ങി. ഒരു ബനിയനും മുണ്ടുമിട്ട് നായകകഥാപാത്രത്തിന് കിട്ടുന്ന യാതൊരു സൗകര്യമില്ലാതെയുമാണ് വിധേയനിൽ മമ്മൂട്ടി ഭാസ്ക്കരപട്ടേലരായത്. കേരളകർണ്ണാടകഅതിർത്തിയായ പുത്തൂരിലായിരുന്നു ലോക്കേഷൻ. പുത്തൂരിൽ ഒരു സാധാരണഹോട്ടൽ മാത്രം. അതിനാൽ മമ്മൂട്ടിക്കായി  മംഗലാപുരത്ത് റൂമൊരുക്കി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം നിങ്ങൾക്കൊപ്പം താമസിക്കാമെന്ന് പറഞ്ഞ് മമ്മൂട്ടിയും പുത്തൂരിൽ കൂടി. എ സി ഇല്ലാത്ത സൗകര്യങ്ങൾ കുറഞ്ഞ ഹോട്ടലിലായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ കഴിഞ്ഞത് പിൽക്കാലത്ത് പ്രസിദ്ധരായ പല ചെറുപ്പക്കാരും കഥ പറയാനും ഡേറ്റിനുമായി മമ്മുട്ടിയെ കാണാൻ അന്ന് പുത്തൂരിൽ വന്നുവെന്ന്  അടൂർ ഓർക്കുന്നു. 

അംബേദ്ക്കറിലേക്കുള്ള വഴി

ദേശീയ അവാർഡ് കിട്ടിയ അംബേദ്ക്കർ എന്ന സിനിമയിലേക്ക് മമ്മൂട്ടിക്ക് വഴി തുറന്നും അടൂരാണ്. അംബേദ്ക്കറെ അവതരിപ്പിക്കാൻ ഒരാളെ നിർദ്ദേശിക്കാൻ സംവിധായകൻ ജബ്ബാർ പട്ടേൽ ആവശ്യപ്പെട്ടപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെ അടൂർ മമ്മൂട്ടിയുടെ പേര് പറ‌ഞ്ഞു. ഈ സിനിമയിൽ അഭിനയിക്കണമെന്ന് അടൂർ മമ്മൂട്ടിയോടും ആവശ്യപ്പെട്ടു.  അംബേദ്ക്കറാവാൻ വലിയ തയ്യാറെടുപ്പാണ് മമ്മൂട്ടിനടത്തിയത്. 

തനിക്ക് പ്രിയപ്പെട്ട നടനാണ് മമ്മൂട്ടിയെന്ന് അടൂർ പറയുന്നു. യുവാവിന്റെ പ്രസരിപ്പും ഉത്സാഹവും ഇപ്പോഴും പ്രകടിപ്പിക്കുന്ന നടൻ. മറ്റ് നടൻമാർക്ക് മാത്രമല്ല സാമാന്യജനത്തിനും മാതൃക. തന്റെ തൊഴിൽ അഭിനയമാണെന്ന് വ്യക്തമായി അറിയാവുന്ന ആൾ അതിന്റെ ഉടലും ഉരലുമൊക്കെ  വലിച്ച് കെട്ടിയ ഫിഡിൽ പോലെ എപ്പോഴും   പ്രവർത്തസജ്ജമാക്കിവയ്ക്കും. ഈ നിഷ്‍ഠകളാണ് മമ്മൂട്ടിയെ നായകസ്ഥാനത്ത് ഇത്രയും കാലം നിർത്തുന്നത്. മമ്മൂട്ടിയെ പെരുമാറ്റം പലരിലും തെറ്റിധാരണ  ഉണ്ടാക്കാറുണ്ട്. അദ്ദേഹം 'റഫ്' ആണെന്ന് തോന്നും. വളരെ മര്യാദയോടെയും ബഹുമാനത്തോടെയുമാണ് എല്ലാവരോടും പെരുമാറുന്നതെന്നാണ് അടൂരിന്റെ സാക്ഷ്യം.  തന്റെ എല്ലാ സിനിമകളിലും അഭിനയിക്കണമെന്ന് മമ്മൂട്ടിപറയാറുണ്ടെന്ന് അടൂർ പറയുന്നു. നടനെ മനസിൽ കണ്ടല്ല അടൂർ തിരക്കഥയെഴുതുന്നത്.  നിഴൽകുത്തിലെ ആരാച്ചാരുടെ വേഷം ചെയ്യാനും മമ്മൂട്ടി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ  ആരാച്ചാർ ഒരു സാധുമനുഷ്യനല്ലെന്ന് അടൂർ മറുപടി നൽകി. എല്ലാ നടൻമാർക്കും എല്ലാ വേഷവും ചെയ്യാൻ കഴിയില്ല.   രൂപം ഭാവം ശബ്‍ദം നിൽപ്പ് നടത്തം പിന്നെ അഭിനയം. ഇതിലെല്ലാം ശ്രദ്ധിക്കുന്ന നടനാണ് മമ്മൂട്ടിയെന്നും അടൂര്‍ പറയുന്നു.

വാൽക്കഷ്‍ണം

സിനിമയിലെത്തും മുൻപ് അടൂരിന്റെ ആരാധകനായിരുന്നു മമ്മുട്ടി. സ്വയംവരം റിലീസ് ചെയ്‌‍തപ്പോൾ ഫിലിം സൊസൈറ്റി വഴി ചിത്രം ജനങ്ങളിലെത്തിക്കാൻ ഓടി നടന്ന ആൾ. പിന്നീട് സ്വയംവരത്തിന്റെ സംവിധായകന്റെ നായകനായി.

click me!