
ജയരാജ് സംവിധാനം ചെയ്യുന്ന മെഹ്ഫില്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മലയാള സിനിമയിലെ പ്രശസ്തരായ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. മുല്ലശ്ശേരി രാജഗോപാലിന്റെ കോഴിക്കോടുള്ള വീട് സിനിമ പ്രവർത്തകരുടെ പ്രിയപ്പെട്ട സ്ഥലമായിരുന്നു. മലയാള സിനിമയിലെ പ്രശസ്തരായ പല ഗായകരും അഭിനേതാക്കളും അവിടുത്തെ നിത്യ സന്ദർശകരായിരുന്നു. സംഗീത സാന്ദ്രമായ എത്രയോ മെഹ്ഫിൽ രാവുകൾക്ക് മുല്ലശ്ശേരി തറവാട് സാക്ഷ്യം വഹിച്ചിരിക്കുന്നു. അത്തരം ഒരു മെഹ്ഫിൽ നേരിൽ കണ്ട് അനുഭവിച്ചറിഞ്ഞ ജയരാജിന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു സംഗീതരാവിന്റെ ദൃശ്യാവിഷ്കാരമാണ് മെഹ്ഫിൽ എന്ന സിനിമ.
മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രം ദേവാസുരം സിനിമയിൽ രഞ്ജിത്ത് അവതരിപ്പിച്ചിരിക്കുന്നത് മുല്ലശ്ശേരി രാജഗോപാലിന്‍റെ ജീവിതകഥയിലെ ഒരു ഏട് അടർത്തിയെടുത്താണ്. മുല്ലശ്ശേരി രാജഗോപാലിന്റെയും അദ്ദേഹത്തിന്റെ ഭാര്യയായ ബേബിയുടെയും ചിത്രവും മെഹ്ഫിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അണിയറ പ്രവർത്തകർ കൊടുത്തിട്ടുണ്ട്. ഉണ്ണി മുകുന്ദൻ, മുകേഷ്, ആശാ ശരത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയരാജ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന മെഹ്ഫിലിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അതിമനോഹരമായ എട്ട് ഗാനങ്ങളുണ്ട്. ദീപാങ്കുരൻ സംഗീതം പകർന്നിരിക്കുന്നു.
മനോജ് കെ ജയൻ, കൈലാഷ്, രണ്‍ജി പണിക്കർ, സിദ്ധാർത്ഥ മേനോൻ, അശ്വത് ലാൽ, മനോജ് ഗോവിന്ദൻ, അബിൻ, കൊണ്ടോട്ടി ജൂനിസ്, അജീഷ്, വൈഷ്ണവി, സബിത ജയരാജ്, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദനാണ് മെഹ്ഫിൽ നിർമ്മിക്കുന്നത്. ഓഗസ്റ്റ് എട്ടിന് മെഹ്ഫിൽ തിയേറ്ററുകളിലെത്തും. പി ആർ ഒ- എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ