Mei Hoom Moosa : 'മേ ഹൂം മൂസ'; ജിബു ജേക്കബിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ റോളില്‍ സുരേഷ് ഗോപി

By Web TeamFirst Published Apr 21, 2022, 2:13 PM IST
Highlights

പല സംസ്ഥാനങ്ങളിലായി ചിത്രീകരണം

സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജിബു ജേക്കബ് (Jibu Jacob) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മേ ഹൂം മൂസ (Mei Hoom Moosa) എന്നാണ് ചിത്രത്തിന്റെ പേര്. ജിബു ജേക്കബ് ഇതുവരെ ഒരുക്കിയ ചിത്രങ്ങളേക്കാള്‍ വലിയ കാന്‍വാസിലും ബജറ്റിലുമാവും പുതിയ ചിത്രം ഒരുങ്ങുക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചിത്രീകരിക്കേണ്ട, പാന്‍- ഇന്ത്യന്‍ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരിക്കും ഇതെന്ന് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ ജിബു ജേക്കബ് പറഞ്ഞു. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ് ഇത്. 

രാജസ്ഥാന്‍, പഞ്ചാബ്, കാര്‍ഗില്‍, കൊടുങ്ങല്ലൂര്‍, പൊന്നാനി എന്നിവിടങ്ങളിലെല്ലാം ചിത്രീകരണമുണ്ട്. വാഗാ അതിര്‍ത്തിയാണ് ഒരു ലൊക്കേഷന്‍. ഇവിടെ ആദ്യമായാണ് ഒരു മലയാള ചിത്രം ചിത്രീകരിക്കുന്നത്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന്‍ പറയുന്നു. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്‍റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്‍റെ മേമ്പൊടി ഉണ്ടെങ്കിലും ഗൌരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് പറയുന്നു. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായ സിഐഡി മൂസയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ യാതൊരു ബന്ധവുമില്ലെന്നാണ് ജിബുവിന്‍റെ മറുപടി. മലയാളത്തിന്‍റെ മണമുള്ള സിനിമയാണ്. മൂസ എന്നൊരു മലപ്പുറത്തുകാരന്‍റെ കഥയാണ് ചിത്രം, ജിബു ജേക്കബ് പറയുന്നു. മൂസ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. പൂനം ബജ്‍വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് നിര്‍മ്മാണം. രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്‍മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് ഷാബില്‍, സിന്‍റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്തെറ്റിക് കുഞ്ഞമ്മ.

ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ദീര്‍ഘനാളത്തെ അനുഭവ പരിചയമുള്ള ജിബു ജേക്കബ് 2014ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നിവയാണ് സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍. 

click me!