താന്‍ പോയകാലത്ത് ശാഖാപ്രവര്‍ത്തനം ഇങ്ങനെയല്ല; ഇന്നത്തെ ശാഖാപ്രവര്‍ത്തനം അത്ഭുതപ്പെടുത്തുന്നു: മിലിന്ദ് സോമന്‍

By Web TeamFirst Published Mar 11, 2020, 5:35 PM IST
Highlights

ഇത് വലിയ പ്രശ്നമായി. അതോടെയാണ് ശാഖയില്‍ പോകാന്‍ തുടങ്ങിയത്. എന്നാല്‍ അന്ന് ശാരീരിക ക്ഷമത പരിശീലനങ്ങളും നീന്തലും യോഗയുമെല്ലാമായിരുന്നു ശാഖയില്‍ പഠിപ്പിച്ചിരുന്നത്. എന്താണ് പറയുന്നതെന്ന് പോലും അറിയാതെയായിരുന്നു ശ്ലോകങ്ങള്‍ സംസ്കൃതത്തില്‍ ഉച്ചരിച്ചിരുന്നത്

മുംബൈ: ബാല്യകാലത്ത് ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരവും സൂപ്പര്‍ മോഡലുമായ മിലിന്ദ് സോമന്‍. 'മെയ്ഡ് ഇൻ ഇന്ത്യ, എ മെമ്മോയർ' എന്ന പുസ്തകത്തിലാണ് തന്‍റെ ആര്‍എസ്എസ് ബന്ധത്തെക്കുറിച്ച് വിശദമാക്കുന്നത്. ഇന്ന് ആര്‍എസ്എസിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് അത്ഭുതമാണ് തോന്നാറുള്ളതെന്നും മിലിന്ദ് സോമന്‍ പുസ്തകത്തില്‍ പറയുന്നു. 

പിതാവ് ആര്‍എസ്എസ് അനുഭാവിയായിരുന്നു. ഹിന്ദുവെന്നതില്‍ അഭിമാനിച്ചിരുന്ന വ്യക്തിയായിരുന്നു പിതാവ്. ശാഖയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അച്ചടക്കവും ശാരീരിക ക്ഷമതയും നല്‍കുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. അതിനാല്‍ ശിവജി പാര്‍ക്കില്‍ വച്ച് നടക്കുന്ന ശാഖാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചു. ആദ്യം കുറേക്കാലം താന്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നിലും ചേര്‍ന്നിരുന്നില്ല. ശിവജി പാര്‍ക്കിലും പരിസരങ്ങളിലുമായി കറങ്ങി നടന്ന തന്നെ ഒരിക്കല്‍ ബന്ധു കണ്ടുപിടിക്കുകയും വീട്ടില്‍ അറിയിക്കുകയും ചെയ്തു. 

ഇത് വലിയ പ്രശ്നമായി. അതോടെയാണ് ശാഖയില്‍ പോകാന്‍ തുടങ്ങിയത്. എന്നാല്‍ അന്ന് ശാരീരിക ക്ഷമത പരിശീലനങ്ങളും നീന്തലും യോഗയുമെല്ലാമായിരുന്നു ശാഖയില്‍ പഠിപ്പിച്ചിരുന്നത്. എന്താണ് പറയുന്നതെന്ന് പോലും അറിയാതെയായിരുന്നു ശ്ലോകങ്ങള്‍ സംസ്കൃതത്തില്‍ ഉച്ചരിച്ചിരുന്നത്. സമീപത്തെ കുട്ടികളുമായി കൂട്ടുകൂടാനുള്ള അവസരമായിരുന്നു അത്. ഞങ്ങള്‍ കാക്കി ടൗസറുകള്‍ ഇട്ട് മാര്‍ച്ച് ചെയ്തു, യോഗ ചെയ്തു, പരമ്പരാഗത ഔട്ട്ഡോര്‍ ജിമ്മില്‍ ഉപകരണങ്ങള്‍ ഒന്നുമില്ലാതെ പരിശീലിച്ചു, പാട്ടുകള്‍ പാടി, കളികളില്‍ ഏര്‍പ്പെട്ടുവെന്നും മിലിന്ദ് വിവരിക്കുന്നു. മുംബൈയിലെ ചില കുന്നുകളില്‍ ട്രെക്കിങ്ങിനായി ശാഖയില്‍ നിന്നും പോയിരുന്നു. സ്വദേശി സ്കൗട്ട് പ്രസ്ഥാനം പോലെയായിരുന്നു അന്ന് ശാഖയെ കണ്ടിരുന്നത്. 

കുട്ടികളെ മറ്റ് കുഴപ്പങ്ങളില്‍ നിന്ന് അകറ്റാനും ശാരീരിക ക്ഷമതയുള്ള അച്ചടക്കമുള്ളവരായി വളര്‍ത്താനും രക്ഷിതാക്കള്‍ ശാഖയില്‍ ചേര്‍ത്തിരുന്നതെന്നും മിലിന്ദ് പറയുന്നു. വൈകുന്നേരം ആറു മുതൽ ഏഴു വരെ ശാഖയിൽ നടന്നിരുന്ന കാര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. എന്നാല്‍ ഇന്ന് ശാഖകളുമായി ബന്ധിപ്പിച്ചു കൊണ്ട് ആര്‍എസ്എസിനേക്കുറിച്ച് വിധ്വംസകവും, സാമുദായികവുമായുള്ള കാര്യങ്ങൾ വായിക്കുമ്പോൾ അത്ഭുതം തോന്നുന്നു എന്നും മിലിന്ദ് സോമൻ തന്റെ പുസ്തകത്തിൽ പറയുന്നു
 

click me!