മിമിക്രി വേദികളിൽ ചിരിപ്പിച്ച കലാഭവൻ പ്രദീപ് ലാൽ, കരൾ മാറ്റി വയ്ക്കാൻ സുമനസുകളുടെ സഹായം തേടുന്നു

Published : Apr 21, 2025, 08:54 AM ISTUpdated : Apr 21, 2025, 09:08 AM IST
മിമിക്രി വേദികളിൽ ചിരിപ്പിച്ച കലാഭവൻ പ്രദീപ് ലാൽ, കരൾ മാറ്റി വയ്ക്കാൻ സുമനസുകളുടെ സഹായം തേടുന്നു

Synopsis

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രദീപിന്‍റെ കരള്‍ മാറ്റി വെക്കുന്നതിനും തുടര്‍ ചികിത്സക്കുമായി 55 ലക്ഷത്തോളം രൂപ വേണം. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രദീപിന്‍റെ തുടര്‍ ചികിത്സക്കായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.

കോഴിക്കോട്: മിമിക്രി വേദികളില്‍ മലയാളികളെ ഏറെ ചിരിപ്പിച്ച കലാഭവന്‍ പ്രദീപ് ലാല്‍ കരള്‍ മാറ്റിവെക്കാന്‍ സുമനസുകളുടെ സഹായം തേടുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രദീപിന്‍റെ കരള്‍ മാറ്റി വെക്കുന്നതിനും തുടര്‍ ചികിത്സക്കുമായി 55 ലക്ഷത്തോളം രൂപയാണ് വേണ്ടത്. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് പണം സമാഹരിക്കാനായി ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.

സ്റ്റേജ് ഷോകളിലും ചാനല്‍ ഫ്ലോറുകളിലും ചിരി പടര്‍ത്തുന്ന ഒട്ടേറെ പ്രകടനങ്ങള്‍ കൊണ്ട് പേരെടുത്ത അതുല്യ പ്രതിഭയാണ് കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ കലാഭവന്‍ പ്രദീപ് ലാല്‍. ഒട്ടനവധി താരങ്ങളെ മിമിക്രി വേദികളിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഗുരു. അപ്രീക്ഷിതമായുണ്ടായ കരള്‍ രോഗമാണ് പ്രദീപിനേയും കുടുംബത്തെയും പ്രതിസന്ധിയിലാഴ്ത്തിയത്. കരള്‍ മാറ്റി വെക്കുകയല്ലാതെ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ മറ്റൊരു വഴിയില്ല. ഇതിനായി അമ്പത്തിയഞ്ച് ലക്ഷത്തോളം രൂപ സമാഹരിക്കണം. എട്ടുവയസുകാരിയായ മകളും പ്രായമായ അമ്മയും ഭാര്യയുമെല്ലാമടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയം പ്രദീപ് ലാലിന്‍റെ വരുമാനമായിരുന്നു. 

കലാരംഗത്തുള്ള സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രദീപിന്‍റെ തുടര്‍ ചികിത്സക്കായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. പ്രദീപിന്‍റെ ചികിത്സക്കായി പണം കണ്ടെത്താന്‍ അടുത്ത മാസം എട്ടിന് കലാരംഗത്തെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് കോഴിക്കോട് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഇതിലെ വരുമാനം ചികിത്സാ സഹായ ഫണ്ടിലേക്ക് നല്‍കും. സുമനസുകള്‍ ചേര്‍ത്ത് പിടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദീപ് ലാലും കുടുംബവും.

Also Read: ഉറക്കമുണർന്നാൽ അമ്മയെ കാണണം, ഐസിയുവിന് പുറത്ത് 24 മണിക്കൂ‌‌‌ർ കാത്തുനിൽക്കുന്ന അമ്മ; സഹായം തേടി കുടുംബം

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍