'മിന്നൽ മുരളി' സിനിമയുടെ ക്രിസ്ത്യന്‍ ദേവാലയത്തിന്‍റെ സെറ്റ് പൊളിച്ച് മാറ്റി

By Web TeamFirst Published Jun 3, 2020, 1:37 PM IST
Highlights

കാലവർഷം തുടങ്ങിയതിനാൽ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. അഖില ഹിന്ദു പരിഷത്ത് പ്രവർത്തകർ സെറ്റ് തകർത്തത് വൻ വിവാദമായിരുന്നു.

കൊച്ചി: ടൊവിനോ തോമസ് - ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി സിനിമയുടെ ഷൂട്ടിം​ഗിനായി ആലുവ ക്ഷേത്രത്തിൻ്റെ സ്ഥലത്ത് പണിത്ത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് പൊളിച്ച് മാറ്റി. കാലടി മണപ്പുറം ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യപ്രകാരം സിനിമാപ്രവർത്തകരാണ് സെറ്റ് പൊളിച്ചുമാറ്റുന്നത്. കാലവർഷം തുടങ്ങിയതിനാൽ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. അഖില ഹിന്ദു പരിഷത്ത് പ്രവർത്തകർ സെറ്റ് തകർത്തത് വൻ വിവാദമായിരുന്നു.

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. ഇതിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്‍റെ സെറ്റ് ഇട്ടത്. ലോക്ഡൗൺ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബംജ്റംഗദളിന്‍റെയും പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. ​

സംഭവത്തില്‍ മതസ്പർധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയു ചെയ്തിരുന്നു. വിവിധ സിനിമാ സംഘടനകളും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതികളില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ മലയാറ്റൂർ സ്വദേശി രതീഷ് കൊലപാതകം ഉൾപ്പെടെ 29 കേസുകളിലെ പ്രതിയാണ്. 

മലയാളസിനിമാലോകം മുഴുവൻ ഈ അക്രമത്തെ ശക്തമായ ഭാഷയിലാണ് എതിർത്തത്. മുഖ്യമന്ത്രിയും അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞു. സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു.

click me!