
റിലീസ് ദിനം മുതല്‍ നെറ്റ്ഫ്ലിക്സിന്‍റെ (Netflix) ഇന്ത്യ ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാമതാണ് 'മിന്നല്‍ മുരളി' (Minnal Murali). എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തിലും ചിത്രം പ്രേക്ഷകസ്വീകാര്യത നേടി എന്നതിന്‍റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് 10 ലിസ്റ്റിലാണ് (Netflix Global top 10 list) മിന്നല്‍ മുരളിയും ഇടംപിടിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ആഴ്ചയാണ് ക്രിസ്‍മസ് വാരാന്ത്യ ദിനങ്ങള്‍ ഉള്‍പ്പെടുന്ന വാരം. ക്രിസ്‍മസ് ദിനം ഉള്‍പ്പെടുന്ന ഡിസംബര്‍ 20 മുതല്‍ 26 വരെ ഏറ്റവുമധികം കാണികളെ നേടിയ സിനിമകളുടെയും സിരീസുകളുടെയും കൂട്ടത്തിലാണ് മലയാളത്തിന് അഭിമാനമായി മിന്നല്‍ മുരളിയും ഉള്ളത്. ഇതില്‍ ഡിസംബര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ആഗോള തലത്തില്‍ ഏറ്റവുമധികം കാണികളെ നേടിയ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ടോപ്പ് 10 ലിസ്റ്റില്‍ 4-ാം സ്ഥാനത്താണ് മിന്നല്‍ മുരളി ഇടംപിടിച്ചിരിക്കുന്നത്.
60 ലക്ഷം മണിക്കൂറുകളാണ് തങ്ങളുടെ പ്ലാറ്റ്‍ഫോമില്‍ നിന്ന് പ്രേക്ഷകര്‍ 'മിന്നല്‍ മുരളി' സ്ട്രീം ചെയ്‍ത് കണ്ടതെന്ന് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നു. ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതുള്ള 'വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി'ക്ക് ലഭിച്ചിരിക്കുന്നത് 81.5 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ്. ആഫ്റ്റര്‍- തിയറ്റര്‍ റിലീസ് ആയി ഡിസംബര്‍ ആദ്യം എത്തിയ അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശിക്ക് ഇതേ കാലയളവില്‍ ലഭിച്ചിരിക്കുന്നത് 24 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ്. അതേസമയം റിലീസ് വാരം മുതല്‍ ഇപ്പോള്‍ തുടര്‍ച്ചയായ നാല് വാരങ്ങളില്‍ സൂര്യവന്‍ശി ടോപ്പ് 10 ഗ്ലോബല്‍ ലിസ്റ്റില്‍ ഇടംപിടിക്കുന്നുണ്ട്.
അതേസമയം വിവിധ രാജ്യങ്ങളിലെ ട്രെന്‍ഡ് എടുത്താല്‍ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റുകളില്‍ മിന്നല്‍ മുരളിയുടെ സാന്നിധ്യമുണ്ട്. ഇന്ത്യ കൂടാതെ ബഹ്‍റൈന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മാലിദ്വീപ്, ഒമാന്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലാണ് ചിത്രം അതത് ടോപ്പ് 10 ലിസ്റ്റുകളില്‍ ഉള്ളത്. ഇതില്‍ ഇത്യയ്ക്കൊപ്പം ഒമാന്‍, ഇത്തര്‍, യുഎഇ എന്നിവിടങ്ങളിലും ചിത്രം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്.