നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ഹിറ്റിലേക്ക് മിന്നല്‍ മുരളി; ബ്രസീല്‍, അര്‍ജന്‍റീനയടക്കം 30 രാജ്യങ്ങളിലെ ടോപ്പ് 10ല്‍

By Web TeamFirst Published Jan 5, 2022, 9:33 AM IST
Highlights

'സ്ക്വിഡ് ഗെയി'മിനു ശേഷമുള്ള ഏഷ്യന്‍ ഹിറ്റ്?

ഒടിടി വഴിയിലൂടെ ഒരു മലയാള ചിത്രത്തിന് എങ്ങനെ 'ആഗോളമാകാന്‍' കഴിയും എന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാവുകയാണ് 'മിന്നല്‍ മുരളി' (Minnal Murali). പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിന്‍റെ (Netflix) ക്രിസ്‍മസ് റിലീസ് ആയെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ എത്തിയിരുന്നു. രണ്ടാഴ്ച പിന്നിടുമ്പോള്‍ ഗ്ലോബല്‍ റാങ്കിംഗ് വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് ചിത്രം. ആദ്യവാരം 11 രാജ്യങ്ങളിലെ ടോപ്പ് 10ല്‍ ആയിരുന്നു ചിത്രമെങ്കില്‍ ഇപ്പോഴത് 30 രാജ്യങ്ങളിലാണ്. ആദ്യവാരം ടോപ്പ് 10ല്‍ എത്തിയ 11 രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളായിരുന്നുവെങ്കില്‍ ഇപ്പോള്‍ ട്രെന്‍ഡ് ചെയ്യുന്ന 30 രാജ്യങ്ങളില്‍ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമുണ്ട്.

ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കാലയളവിലാണ് 'മുരളി' വീണ്ടും നേട്ടമുണ്ടാക്കിയിരിക്കുന്നത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിന് നേടിക്കൊടുത്തിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വാരമാണ് നെറ്റ്ഫ്ലിക്സിന്‍റെ ഗ്ലോബല്‍ ടോപ്പ് 10ല്‍ മിന്നല്‍ മുരളി ഇടംപിടിക്കുന്നത്. 

 

ലാറ്റിന്‍ അമേരിക്കയില്‍ അര്‍ജന്‍റീന, ബഹാമാസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ടൊമിനിക്കന്‍ റിപബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോണ്ടൂറാസ്, ജമൈക്ക, പനാമ, പാരഗ്വായ്, പെറു, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉറുഗ്വായ് എന്നിവിടങ്ങളിലാണ് ടോപ്പ് 10 പട്ടികയില്‍ മിന്നല്‍ മുരളി ഉള്ളത്. ആഫ്രിക്കയില്‍ മൗറീഷ്യസിലും നൈജീരിയയിലും ചിത്രം ആദ്യ പത്തിലുണ്ട്. ഏഷ്യയില്‍ ഇന്ത്യയില്‍ ടോപ്പ് 10ല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംവാരവും തുടരുകയാണ്. ബഹ്‍റിന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളുടെയും ടോപ്പ് 10 ലിസ്റ്റില്‍ ചിത്രമുണ്ട്.

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫിലിം ഴോണര്‍ ആണ് സൂപ്പര്‍ഹീറോ ചിത്രങ്ങള്‍. ഭാഷാതീതമായി ഒരു സൂപ്പര്‍ഹീറോ ഒറിജിന്‍ മൂവിക്ക് ലഭിക്കാനിടയുള്ള ആഗോള സ്വീകാര്യത മുന്നില്‍ക്കണ്ട് തന്നെയായിരുന്നു നെറ്റ്ഫ്ലിക്സ് ചിത്രത്തിനു നല്‍കിയ വന്‍ പ്രീ-റിലീസ് പബ്ലിസിറ്റി. നെറ്റ്ഫ്ലിക്സിന് കഴിഞ്ഞ വര്‍ഷം ലഭിച്ച ഒരു ഏഷ്യന്‍ ഹിറ്റ് സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സിരീസ് ആയ സ്ക്വിഡ് ഗെയിം ആയിരുന്നു. 'മിന്നല്‍ മുരളി'യും ആ തരത്തിലേക്ക് ഉയരുമോ എന്ന കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമാലോകം. 

click me!