'മിന്നല്‍' നമ്പര്‍ വണ്‍; നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാമതെത്തി ടൊവീനോ ചിത്രം

By Web TeamFirst Published Dec 26, 2021, 5:28 PM IST
Highlights

റിലീസ് ദിനം മുതല്‍ ലിസ്റ്റില്‍ ഒന്നാമതാണ് ചിത്രം

നെറ്റ്ഫ്ലിക്സിന്‍റെ (Netflix) 'ഇന്ത്യ ടോപ്പ് 10' ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ടൊവീനോ (Tovino Thomas) ചിത്രം 'മിന്നല്‍ മുരളി' (Minnal Murali). നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയെത്തിയ ചിത്രം 24ന് ഉച്ചയ്ക്ക് 1:30നാണ് റിലീസ് ചെയ്യപ്പെട്ടത്. ആ ദിവസം മുതല്‍ ഇന്ത്യ ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഈ ചിത്രമാണ്. സിരീസുകളായ എമിലി ഇന്‍ പാരീസ്, ദ് വിച്ചര്‍, ഡികപ്പിള്‍ഡ്, ആരണ്യക്, എന്നിവയാണ് തുടര്‍ന്നുള്ള നാല് സ്ഥാനങ്ങളില്‍. ഡികാപ്രിയോ പ്രധാന വേഷത്തിലെത്തിയ ഹോളിവുഡ് ചിത്രം 'ഡോണ്ട് ലുക്ക് അപ്പ്', മണി ഹെയ്സ്റ്റ്, സൂര്യവന്‍ശി, സ്ക്വിഡ് ഗെയിം, സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്നിവയാണ് യഥാക്രമം ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റിയാണ് നെറ്റ്ഫ്ലിക്സ് മിന്നല്‍ മുരളിക്ക് നല്‍കിയത്. ഇന്ത്യയില്‍ തന്നെ സൂപ്പര്‍ഹീറോ ചിത്രങ്ങളുടെ നിര്‍മ്മാണം അപൂര്‍വ്വമാണ് എന്നതിനാല്‍ മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹീറോ ചിത്രത്തെ നെറ്റ്ഫ്ലിക്സും ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാല്‍ റിലീസിനു മുന്‍പ് സൃഷ്‍ടിക്കപ്പെട്ട വന്‍ ഹൈപ്പ് വിനയായില്ല എന്ന് തെളിയിക്കുന്നതായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നു ലഭിച്ച പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി. 

Our top 10 titles today are full of 🌟s and ⚡️s

Minnal Murali
Emily In Paris
The Witcher
Decoupled
Aranyak
Don’t Look Up
Money Heist
Sooryavanshi
Squid Game
Spider-Man: Far From Home

— ⚡️Netflix India⚡️ (@NetflixIndia)

ടൊവീനോ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഗുരു സോമസുന്ദരമാണ് പ്രതിനായകനായി എത്തിയത്. നായകനൊപ്പം പ്രകടനത്തില്‍ ഒപ്പത്തിനൊപ്പമോ അതിനും മുകളിലോ നില്‍ക്കുന്ന പ്രകടനവും കഥാപാത്രവുമാണ് ഗുരു അവതരിപ്പിച്ച 'ഷിബു' എന്നാണ് ഭൂരിപക്ഷം പ്രേക്ഷകാഭിപ്രായം. തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസിലേക്ക് ചുവട് മാറ്റുകയായിരുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സൂപ്പര്‍ഹീറോ ഗണത്തില്‍ പെടുന്ന ചിത്രങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയ ബജറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രവുമാണിത്. 18 കോടിയാണ് നിര്‍മ്മാണച്ചെലവ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. 

click me!