Minnal Murali reviews : 'രണ്ടാം ഭാഗം തിയറ്ററില്‍ ഇറക്കണം'; മിന്നല്‍ മുരളിയെക്കുറിച്ച് മാല പാര്‍വ്വതി

Published : Dec 24, 2021, 09:31 PM IST
Minnal Murali reviews : 'രണ്ടാം ഭാഗം തിയറ്ററില്‍ ഇറക്കണം'; മിന്നല്‍ മുരളിയെക്കുറിച്ച് മാല പാര്‍വ്വതി

Synopsis

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രത്തെക്കുറിച്ച് മാല പാര്‍വ്വതി

റിലീസിന് മുന്‍പ് ലഭിക്കുന്ന വലിയ ഹൈപ്പ് സിനിമകള്‍ക്ക് പൊതുവെ ഭാരമാണ് സൃഷ്‍ടിക്കുക. അമിതമായ പ്രേക്ഷക പ്രതീക്ഷകളെ തൃപ്‍തിപ്പെടുത്താന്‍ അത്തരത്തില്‍ എത്തുന്ന പല ചിത്രങ്ങള്‍ക്കും കഴിയാറില്ലെന്നാണ് വിവിധ ഭാഷകളിലെ പല വന്‍ റിലീസുകളുടെയും അനുഭവം. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്‍തമാണ് ടൊവീനോ (Tovino Thomas) നായകനായ മിന്നല്‍ മുരളിയുടെ (Minnal Murali) കാര്യം. നെറ്റ്ഫ്ലിക്സിന്‍റെ (Netflix) ക്രിസ്‍മസ് റിലീസ് ആയി എത്തിയ ചിത്രത്തിന് അവര്‍ വന്‍ പ്രീ-റിലീസ് പബ്ലിസിറ്റിയാണ് കൊടുത്തിരുന്നത്. പക്ഷേ ചിത്രമിറങ്ങി ആദ്യ പ്രേക്ഷകരില്‍ ഭൂരിഭാഗവും പോസിറ്റീവ് ആയാണ് ചിത്രത്തോട് പ്രതികരിക്കുന്നത്. ഇപ്പോഴിയാ ചിത്രം തന്നിലുണ്ടാക്കിയ അനുഭവം ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുകയാണ് നടി മാല പാര്‍വ്വതി. ചിത്രം തിയറ്ററില്‍ കാണാനാവാത്തതില്‍ തനിക്ക് ഖേദമുണ്ടെന്ന് പറയുന്നു അവര്‍.

"മിന്നൽ മുരളി 2 തിയറ്ററിൽ ഇറക്കി, ഈ സിനിമ തിയറ്ററിൽ  കാണാൻ പറ്റാത്തതിന്‍റെ  ഖേദം മാറ്റി തരണം! മാര്‍വെല്‍ സ്റ്റുഡിയോസ് ജാഗ്രതൈ! മലയാളത്തിന്‍റെ സ്വന്തം സൂപ്പർ ഹീറോ സീരീസിന് തുടക്കമാവുന്നു. മിന്നൽ മുരളി ഗംഭീരം, ഗംഭീരം, ഗംഭീരം, ഗംഭീരം!", മാല പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രം എത്തുന്നതിനു മുന്‍പ് ബേസില്‍ ജോസഫ് (Basil Joseph) എന്ന സംവിധായകനില്‍ തനിക്കുള്ള പ്രതീക്ഷയെക്കുറിച്ചും അവര്‍ പോസ്റ്റ് ഇട്ടിരുന്നു- "മിന്നൽ മുരളി സിനിമ പ്രേമികര്‍ക്ക്  ലഭിക്കുന്ന ക്രിസ്‍മസ് സമ്മാനമാണ്. ബേസിൽ ജോസഫ് ചെറിയ പ്രായത്തിൽ തന്നെ ഒരു "legend" ആണെന്ന് സിനിമയെ സ്നേഹിക്കുന്നവർ പറയും. ഇത് എന്‍റെ ഒരു തോന്നലാണ്. ആ തോന്നൽ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു. തളള് എന്ന് പറഞ്ഞ് വരുന്നവരോട് പറയാനുള്ളത്, ഞാൻ  ഈ ചിത്രത്തിൽ അഭിനയിക്കുന്നില്ല. ഗോദ എന്ന ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ തന്നെ തോന്നിയതാണ് ഈ സംവിധായകൻ ഒരിക്കൽ സിനിമാ ലോകം കീഴടക്കുമെന്നത്. അത് ഇന്ന് എല്ലാവർക്കും അനുഭവമാകും. കഴിവിന് അംഗീകാരം ലഭിക്കാതിരിക്കില്ല. പ്രിയപ്പെട്ട ടൊവിനോയാണ് മിന്നാൻ പോകുന്നത് എന്നാലോചിക്കുമ്പോൾ ഇരട്ടി മധുരം", എന്നായിരുന്നു മാലയുടെ കുറിപ്പ്.

അതേസമയം സമീപകാലത്ത് തങ്ങളുടെ ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത തരത്തിലുള്ള പബ്ലിസിറ്റിയാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന് നല്‍കിയത്. ലോകമെങ്ങും ആരാധകരുള്ള സൂപ്പര്‍ഹീറോ ഴോണറിലുള്ള ചിത്രം എന്നതാണ് നെറ്റ്ഫ്ലിക്സിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകം. പുതിയ സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള പ്രധാന റിലീസ് എന്ന നിലയില്‍ കൂടിയാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന് ഇത്ര പ്രാധാന്യം നല്‍കിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ