
മുംബൈ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തണുപ്പിക്കാൻ ബോളിവുഡ് താരങ്ങളുടെ പഞ്ചനക്ഷത്ര അത്താഴ വിരുന്ന് നടത്തിയ ബിജെപിക്ക് തിരിച്ചടി. പൗരത്വ ഭേദഗതിയെകുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, പാർട്ടി ഉപാധ്യക്ഷൻ ജയ് പാണ്ഡ എന്നിവർ ക്ഷണിച്ച പരിപാടിയിൽനിന്ന് മുന്‍നിര പ്രമുഖ താരങ്ങൾ വിട്ടുനിന്നു.
ക്ഷണമുണ്ടായിരുന്ന കരണ്‍ ജോഹർ, ഫർഹാൻ അക്തർ, കബിർ ഖാൻ, സിദ്ധാർഥ് റോയ് കപൂർ, ജാവേദ് അക്തര്‍, വിക്കി കൗശല്‍, ആയുഷ്മാന്‍ ഖുറാന, രവീണ ടണ്ഠന്, ബോണി കപൂര്‍, മധുര് ബണ്ഡേക്കര്, കങ്കണ എന്നിവരൊന്നും പരിപാടിയിൽ പങ്കെടുത്തില്ല. ഞായറാഴ്ച രാത്രി മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണു പരിപാടി സംഘടിപ്പിച്ചത്. നിർമാതാവ് മഹാവീർ ജയ്നായിരുന്നു പരിപാടിയുടെ സംഘാടകൻ. പ്രധാനമന്ത്രിയും ബോളിവുഡ് താരങ്ങളും ചേർന്നുള്ള വൈറലായ സെൽഫിക്കു പിന്നിലും ജയ്നായിരുന്നു.
അതേ സമയം കുണാൽ കോഹ്ലി, പ്രസൂണ്‍ ജോഷി, അനു മാലിക്, വിപുൽ ഷാ, ഭൂഷണ് കുമാർ, കൈലാഷ് ഖേർ, അനിൽ ശർമ, ശൈലേഷ് ലോധ, ശശി രഞ്ജൻ, റിതേഷ് സിദ്ധ്വാനി, അഭിഷേക് കപൂർ, രാഹുൽ റാവൽ, രണ്‍വീർ ഷോരി എന്നിങ്ങനെ ചിലർ മാത്രമാണ് അത്താഴവിരുന്നിൽ പങ്കെടുത്തത്. എന്താണ് പ്രമുഖ താരങ്ങള്‍ എത്താതിരുന്നത് എന്ന കാര്യം വ്യക്തമല്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടുമായി രംഗത്തുവന്ന ബോളിവുഡ് താരങ്ങൾ ക്ഷണപ്പട്ടികയിൽ ഇടംപിടിച്ചിരുന്നില്ല. അനുരാഗ് കശ്യപ്, സ്വര ഭാസ്കർ, റിച്ച ചദ്ദ, അനുഭവ് സിൻഹ, വരുണ്‍ ഗ്രോവർ, വിക്രമാധിത്യ മോട്വാനി എന്നിവരാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രധാനികൾ. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധങ്ങൾ ഉയർന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പൊതുയോഗങ്ങളിൽ പങ്കെടുത്ത് നേരിട്ട് വിശദീകരണം നൽകിയിരുന്നു.
ഇതിനു പുറമേ പൗരത്വ നിയമ അനുകൂല റാലികളും സമൂഹമാധ്യമ കാന്പയ്നുകളും സംഘടിപ്പിച്ചു. ബിജെപി അനുകൂല നിലപാടുകൾ പറയുന്ന പ്രമുഖരെയും പ്രചാരണത്തിനായി അണിനിരത്തി. ഇതിനു പുറമേയാണു സർക്കാർ ബോളിവുഡ് താരങ്ങളെ കൂട്ടുപിടിച്ചത്.
ചിത്രം - ഫയല്‍ ചിത്രം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ