'ഈ വിജയം വിനയാന്വിതനാക്കുന്നു'; 'ലൂസിഫറി'ന്റെ 100 കോടി നേട്ടത്തില്‍ മോഹന്‍ലാല്‍

By Web TeamFirst Published Apr 9, 2019, 11:46 AM IST
Highlights

മലയാളസിനിമ സാധാരണ പ്രദര്‍ശനത്തിനെത്താത്ത പല യൂറോപ്യന്‍ രാജ്യങ്ങളിലും ലൂസിഫറിന് പ്രദര്‍ശനമുണ്ടായിരുന്നു. ഗള്‍ഫിന് പുറമെ യുഎസ്, യുകെ എന്നിവിടങ്ങളിലൊക്കെ അനേകം സ്‌ക്രീനുകളും. കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലായിരുന്നു റിലീസ്.
 

എട്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബിലേക്ക് 'ലൂസിഫര്‍' പ്രവേശിച്ചുവെന്നത് തന്നെ വിനയാന്വിതനാക്കുന്നുവെന്ന് മോഹന്‍ലാല്‍. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ഒഫിഷ്യല്‍ കളക്ഷന്‍ പുറത്തുവിട്ടതിന് ശേഷമായിരുന്നു ഈ അപൂര്‍വ്വ വിജയത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ പ്രതികരണം.

"സുഹൃത്തുക്കളെ, ഒരു അതുല്യ നേട്ടം നിങ്ങളുമായി പങ്കുവെക്കുകയാണ്. അതെ, വെറും എട്ട് ദിവസങ്ങള്‍ കൊണ്ട് ലൂസിഫര്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഈ വിജയം അങ്ങേയറ്റം വിനയാന്വിതനാക്കുന്നു. നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണയ്ക്ക് നന്ദി. കാരണം അത് കൂടാതെ സാധ്യമായിരുന്നില്ല ഈ വിജയം. നിങ്ങള്‍ മലയാളസിനിമയുടെ മുഖം മാറ്റുകയാണ്. അതിനെ പുതിയ ദിക്കുകളിലേക്ക് എത്തിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍, പിന്നെ മുഴുവന്‍ ലൂസിഫര്‍ ടീമിനും നന്ദി", മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്രയും ചുരുങ്ങിയ ദിവസങ്ങളില്‍ ഒരു മലയാളചിത്രം ആദ്യമായാണ് 100 കോടി ക്ലബ്ബില്‍ പ്രവേശനം നേടുന്നത്. മികച്ച മാര്‍ക്കറ്റിംഗ്, വിതരണ സംവിധാനങ്ങള്‍ തന്നെയാണ് ലൂസിഫറിന്റെ ഈ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നില്‍. മലയാളസിനിമ സാധാരണ പ്രദര്‍ശനത്തിനെത്താത്ത പല യൂറോപ്യന്‍ രാജ്യങ്ങളിലും ലൂസിഫറിന് പ്രദര്‍ശനമുണ്ടായിരുന്നു. ഗള്‍ഫിന് പുറമെ യുഎസ്, യുകെ എന്നിവിടങ്ങളിലൊക്കെ അനേകം സ്‌ക്രീനുകളും. കേരളത്തില്‍ മാത്രം 400 തീയേറ്ററുകളിലായിരുന്നു റിലീസ്. ചിത്രത്തിന്റെ കളക്ഷനെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തേ പ്രചരിച്ചിരുന്നെങ്കിലും നിര്‍മ്മാതാക്കള്‍ ആദ്യമായാണ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്.

click me!