എന്തുകൊണ്ട് നവാഗത സംവിധായകര്‍ക്കൊപ്പം? മോഹന്‍ലാലിന്റെ മറുപടി

By Web TeamFirst Published Sep 8, 2019, 5:12 PM IST
Highlights

"പൃഥ്വിരാജ് പുതിയ സംവിധായകനായിരുന്നു. ഒടിയന്‍, ശ്രീകുമാര്‍ മേനോന്റെ ആദ്യസിനിമ ആയിരുന്നു", മോഹന്‍ലാല്‍ പറയുന്നു..

പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ എടുത്തുപറയപ്പെടുന്ന പേര് മമ്മൂട്ടിയുടേതാണ്. ഇന്ന് മലയാളത്തിന്റെ മുന്‍നിരയിലുള്ള പല സംവിധായകരും മമ്മൂട്ടി ചിത്രങ്ങളിലൂടെ തുടക്കം കുറിച്ചവരാണ്. എന്നാല്‍ അത്രത്തോളമില്ലെങ്കിലും നവാഗതരെ എപ്പോഴും ഒഴിവാക്കിനിര്‍ത്തുന്ന താരമല്ല മോഹന്‍ലാലും. ഓണം റിലീസ് ആയി തീയേറ്ററുകളിലെത്തിയ 'ഇട്ടിമാണി' ഉള്‍പ്പെടെ മോഹന്‍ലാലിന്റെ കഴിഞ്ഞ മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തത് നവാഗതരായിരുന്നു. ജിബി-ജോജു എന്നീ നവാഗതര്‍ ഇട്ടിമാണി ഒരുക്കിയപ്പോള്‍ മറ്റ് രണ്ട് സിനിമകള്‍ ചെയ്തത് ശ്രീകുമാര്‍ മേനോനും പൃഥ്വിരാജുമാണ്. ഒട്ടേറെ സംവിധായകര്‍ ഡേറ്റിനായി കാത്തുനില്‍ക്കുമ്പോള്‍ എന്തുകൊണ്ട് നവാഗതര്‍ക്കൊപ്പം? മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ ഈ ചോദ്യത്തിന് മറുപടി പറയുന്നു.

'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരാണ് ഇട്ടിമാണിയുടെ സംവിധായകര്‍. അവര്‍ പറഞ്ഞ കഥയില്‍ ഒരു സ്പാര്‍ക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ആ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്. ഇഷ്ടം തോന്നുന്ന കഥയ്‌ക്കൊപ്പം നീങ്ങുന്നതാണ് പതിവ്. ഒരുപാട് ചര്‍ച്ച ചെയ്ത് വെട്ടിയും തിരുത്തിയും മാറ്റിയെഴുതിയും എല്ലാമാണ് അവര്‍ ഇട്ടിമാണിയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. പുതിയ ആളുകളില്‍ നിന്ന് കഥകള്‍ കേള്‍ക്കാറുണ്ട്. ഒരുപാട് നവാഗതസംവിധായകര്‍ക്കൊപ്പം അടുത്തകാലത്ത് പ്രവര്‍ത്തിച്ചു. പൃഥ്വിരാജ് പുതിയ സംവിധായകനായിരുന്നു. ഒടിയന്‍, ശ്രീകുമാര്‍ മേനോന്റെ ആദ്യസിനിമ ആയിരുന്നു. മിടുക്കരായ പുതിയ ആളുകള്‍ കടന്നുവരട്ടെ', മോഹന്‍ലാല്‍ പറഞ്ഞവസാനിപ്പിക്കുന്നു.

മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തികവിജയമായ 'ലൂസിഫറി'ന് ശേഷം തീയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രമാണ് 'ഇട്ടിമാണി'. തൃശ്ശൂരാണ് സിനിമയുടെ പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.

click me!