ഭർത്താവ് അജിത്തിന്റെ മരണശേഷം താൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് നടി ദേവി അജിത്ത്. 27 വർഷത്തോളം കഴിച്ച തെറ്റായ മരുന്നുകളും അമിത മദ്യപാനവും ആരോഗ്യത്തെ ബാധിച്ചെന്നും അവര്‍ പറയുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടി ദേവി അജിത്തിന്റേത്. നിരവധി സിനിമാ-സീരിയലുകളിൽ വേഷമിട്ട താരത്തിന്റെ ഭർത്താവായിരുന്നു നിർമാതാവ് അജിത്ത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം തന്റെ ജീവിതത്തെ വല്ലാതെ പിടിച്ചു കുലുക്കിയെന്ന് പറയുകയാണ് ദേവി ഇപ്പോൾ. തനിക്ക് ഹിസ്റ്റീരിയ വന്നുവെന്നും വളരെ വയലന്റായ ശേഷം താൻ വീട്ടിൽ നിന്നും ഇറങ്ങി ഓടിയിരുന്നുവെന്നും ദേവി അജിത് പറയുന്നു. ഒപ്പം മദ്യപിക്കുമായിരുന്നുവെന്നും ദേവി കൂട്ടിച്ചേർക്കുന്നു.
"അജിയുടെ മരണ ശേഷം എന്റെ ജീവിതം ആകെ മാറി. മാനസികമായി ഒരുപാട് തകർന്നു. അജിയുടെ മൃതദേഹം പോലും ഞാൻ കണ്ടിട്ടില്ല. ഷോക്കിങ്ങായി പോയി. ഒന്നര മാസത്തോളം കിടപ്പായി. അജിയുടെ മരണ ശേഷമാണ് അവതരണത്തിലേക്ക് എത്തുന്നത്. അവിടെ നിന്നും അഭിനയത്തിലേക്കും. അന്ന് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. വെള്ള സാരിയൊക്കെ ഉടുത്ത് നടക്കേണ്ടതല്ലേ ? അജി മരിക്കാൻ വേണ്ടി കാത്തിരുന്നോ ? വീണ്ടും ഇറങ്ങിയോ ? തുടങ്ങി ഒരുപാട് പഴികൾ. അന്നെനിക്ക് 24 വയസേ ഉള്ളൂ. അപ്പോഴും ഇതൊന്നും ഞാൻ മൈന്റ് ചെയ്യാറില്ല. അജി മരിച്ച ശേഷം എനിക്ക് ഹിസ്റ്റീരിയ പോലെ വന്നിരുന്നു. ഭയങ്കരമായി ഞാൻ വയലന്റാവും. ഞാൻ ഇറങ്ങി ഒടുമായിരുന്നു. അന്നെന്റെ കുഞ്ഞിന് മൂന്നര വയസ്. ഇതിൽ നിന്നും പുറത്തു കടക്കാനായി ഡോക്ടർമാരാണ് പറഞ്ഞത് അഭിനയത്തിലേക്ക് മടങ്ങാൻ. അല്ലെങ്കിൽ ഞാനൊരു മെന്റൽ പേഷ്യന്റ് ആയി പോകും. അച്ഛനും അമ്മയുമൊക്കെ തന്നെയാണ് പിന്തുണ നൽകിയത്. നാട്ടുകാർ പറയുന്നതൊന്നും കേൾക്കാറില്ല. ആ സമയത്ത് അങ്ങനെ ഇരുന്നിരുന്നെങ്കിൽ ഇരുന്ന് പോയേനെ. അവതരണത്തിലേക്ക് വന്നപ്പോൾ എല്ലാവരുടേയും വിചാരം ഞാൻ ഭയങ്കര സന്തോഷവതിയാണെന്നാണ്. പക്ഷേ അകത്ത് പോയി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. തലയൊക്കെ പെരുത്ത് വരും. വയലന്റ് ആവും", എന്ന് ദേവി പറയുന്നു.
"24 വയസുമുതൽ ഞാൻ അറിയാതെ കഴിച്ച് പോയ കുറച്ചു മരുന്നുകളുണ്ട്. രണ്ട് വർഷം മുമ്പ് സീഷർ എന്നൊരു നെർവ് അറ്റാക്ക് എനിക്ക് വന്നു. ഒരു സെറ്റിൽ വച്ച് ആളുകളുമായി സംസാരിച്ചോണ്ടിരുന്നപ്പോഴാണ് വന്നത്. ഫിസിക്കലി എനിക്കൊരു പ്രശ്നവും ഉണ്ടായില്ല. 24 വയസ് മുതൽ 27 വർഷം വരെ ഞാൻ എടുത്ത മെഡിസിൻസ് തെറ്റായിരുന്നു. കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല. അറ്റാക്ക് വന്ന ശേഷമാണ് ഞാൻ വെല്ലൂരിൽ ചികിത്സയ്ക്ക് പോകുന്നത്. അവരാണ് ഞാൻ കഴിച്ചത് തെറ്റായ മരുന്നായിരുന്നെന്ന് പറഞ്ഞു തന്നത്. ചുമ്മാ മിഠായി കഴിക്കുമ്പോലെ ഗുളികകൾ കഴിക്കുമായിരുന്നു. അതുമാത്രമല്ല ഞാൻ മദ്യപിക്കാറുണ്ടായിരുന്നു. മദ്യപിച്ച് കഴിഞ്ഞ വീട്ടിൽ വിളിച്ച് കരയും. അതൊന്നും എനിക്ക് ഓർമയില്ല. ഇതൊക്കെയായിരുന്നു 27 വർഷം എന്റെ ജീവിതത്തിൽ സംഭവിച്ചത്. ഇപ്പോൾ മദ്യപാനം നിർത്തി", എന്നും ദേവി അജിത് കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.



