തിയറ്ററുകള്‍ തുറക്കുന്ന ദിവസം ആദ്യ ഗാനം; 'ഹൃദയം' അപ്‍ഡേറ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

By Web TeamFirst Published Oct 3, 2021, 10:21 AM IST
Highlights

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിന്‍റെ (Hridayam) പുതിയ അപ്ഡേറ്റ് പുറത്തെത്തി. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന, ഈ മാസം 25ന് ചിത്രത്തിലെ ആദ്യഗാനം പുറത്തെത്തും എന്നതാണ് അത്. ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റ് ഇന്ന് രാവിലെ 10ന് എത്തുമെന്ന് വിനീത് ഇന്നലെ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ (Mohanlal) ആണ് ഫേസ്ബുക്ക് പേജിലൂടെ ഈ അപ്ഡേറ്റ് ആദ്യം അറിയിച്ചത്.

"ആഘോഷിക്കപ്പെടേണ്ട കലയാണ് സിനിമ. ഒത്തുകൂടലുകളിലാണ് ആഘോഷങ്ങൾ സംഭവിക്കുന്നത്. നമ്മുടെ നാട്ടിൽ സിനിമാ തിയറ്ററുകൾ തുറക്കുന്ന നാൾ, ഒക്ടോബര്‍ 25ന് ഞങ്ങളുടെ 'ഹൃദയ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങും. ഒക്ടോബര്‍ 25ന് വൈകിട്ട് ആറിന് ഞങ്ങളുടെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്യും. തിയറ്ററുകൾ തുറക്കട്ടെ. ആഘോഷങ്ങളുടെ പുനരാരംഭത്തിനായി കാത്തിരിക്കാം!!", വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റെല്ലാ വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളെയുംപോലെ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയ'വും. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. 

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

click me!