മോഹൻലാല്‍ മമ്മൂട്ടിയായി, അജിത്ത് വിജയ്‍യുമായി!

By Web TeamFirst Published Oct 6, 2020, 7:39 PM IST
Highlights

മോഹൻലാല്‍ മമ്മൂട്ടിയും അജിത്ത് വിജയ്‍യുമായപ്പോള്‍.

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള അഭിനേതാക്കളാണ് മോഹൻലാലും മമ്മൂട്ടിയും അജിത്തുമൊക്കെ. വിവിധ പേരുകളുള്ള കഥാപാത്രങ്ങളായി വിവിധ തൊഴിലുള്ളവരുമായി വെള്ളിത്തിരയില്‍ എത്തിയവര്‍. ചില സിനിമകളില്‍ മോഹൻലാല്‍ മോഹൻലാല്‍ ആയും മമ്മൂട്ടി മമ്മൂട്ടി ആയും തന്നെ അഭിനയിച്ചിട്ടുണ്ട്. മോഹൻലാല്‍ മമ്മൂട്ടി എന്ന പേരുള്ള കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് മോഹൻലാല്‍ എന്ന കഥാപാത്രമാകാൻ അവസരം ലഭിച്ചിട്ടില്ല. അജിത്തിന് വിജയ് എന്ന കഥാപാത്രമാകാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിലും വിജയ്‍യ്‍ക്ക് അജിത്ത് ആകാൻ കഴിഞ്ഞിട്ടില്ല.

മമ്മൂട്ടി എന്നു പേരുള്ള കഥാപാത്രമായിട്ടു തന്നെ മോഹൻലാല്‍ ഒരു സിനിമയില്‍ വേഷമിട്ടു. 1984ല്‍ പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി എന്ന കഥാപാത്രമായി എത്തിയത്.. സോമന്‍ അമ്പാട്ട് ആയിരുന്നു സിനിമ സംവിധാനം ചെയ്‍തത്. എന്നാല്‍ മമ്മൂട്ടിക്ക് ഇതുവരെ മോഹന്‍ലാല്‍ എന്ന പേരുള്ള കഥാപാത്രമായി അഭിനയിക്കാനായിട്ടില്ല. അതേസമയം മോഹന്‍ലാല്‍ നിരവധി സിനിമകളില്‍ സ്വന്തം പേരുള്ള കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. ധന്യ, മദ്രാസിലെ മോന്‍, ഹലോ മദ്രാസ് ഗേള്‍ എന്നീ സിനിമയില്‍ മോഹന്‍ലാല്‍ എന്ന കഥാപാത്രമായിട്ടാണ് അഭിനയിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ലാല്‍ അമേരിക്കയില്‍ എന്ന സിനിമയില്‍ ലാല്‍ എന്ന കഥാപാത്രമായും എത്തി.

അജിത് ഒരിക്കല്‍ വിജയ് എന്ന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. സി ശിവകുമാര്‍ സംവിധാനം ചെയ്‍ത റെട്ടൈ ജാഡൈ വയസ് എന്ന സിനിമയിലാണ് അജിത് വിജയ് എന്ന കഥാപാത്രമായി അഭിനയിച്ചത്. തൊഡരും എന്ന സിനിമയില്‍ ജയറാം എന്ന കഥാപാത്രമായും എത്തി.  കാതല്‍ കോട്ടൈ എന്ന സിനിമയിലും ഉന്നൈ കൊടു എന്നൈ തരുവേൻ എന്ന സിനിമയിലും സൂര്യ എന്ന കഥാപാത്രമായും അജിത് അഭിനയിച്ചിട്ടുണ്ട്.

പഗൈവാൻ എന്ന ചിത്രത്തില്‍ പ്രഭു എന്ന കഥാപാത്രമായും അജിത്ത് എത്തി. എന്നാല്‍ അജിത് എന്ന പേരില്‍ താരം ഇതുവരെ അഭിനയിച്ചിട്ടില്ല. തമിഴകത്തെ തന്നെ ശ്രദ്ധേയമായ താരങ്ങളുടെ പേരുകള്‍ സ്വന്തം കഥാപാത്രത്തിന്റെ പേരായി അജിത് സ്വീകരിച്ചപ്പോള്‍ വിജയ് ഒട്ടേറെ സിനിമകളില്‍ വിജയ് എന്ന പേരുള്ള കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഏഴോളം സിനിമകളിലാണ് വിജയ് സ്വന്തം പേരുള്ള കഥാപാത്രമായി അഭിനയിച്ചത്. തമിഴൻ എന്ന സിനിമയില്‍ സൂര്യ എന്ന കഥാപാത്രമായിട്ടാണ് വിജയ് എത്തിയത്.

click me!