
മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ ഒരു പിറന്നാള്‍ ദിനം കൂടി വരികയാണ്. കഴിഞ്ഞ നാലര പതിറ്റാണ്ടായി നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ ആ കലാസപര്യ പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന സ്വാധീനത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല. എന്ന് മാത്രമല്ല, അത് കൂടിയിട്ടേ ഉള്ളൂ. മോഹന്‍ലാല്‍ 66-ാം വയസിലേക്ക് കടക്കുന്നുവെന്ന് കേട്ടാല്‍ ഒരു അവിശ്വസനീയതയാവും നമ്മളില്‍ ബൂരിപക്ഷത്തിനും തോന്നുക. മുന്‍പ് ചെയ്യാതിരുന്ന രീതിയില്‍ ശരീരം സൂക്ഷിക്കുന്നുണ്ട് അദ്ദേഹമിപ്പോള്‍. മലയാളത്തിലെ എക്കാലത്തെയും വലിയ ക്രൗഡ് പുള്ളര്‍ എന്ന ടൈറ്റില്‍ ഇപ്പോഴും അദ്ദേഹത്തിന് തന്നെ. മെയ് 21 ന് ഒരു പുതിയ ലാല്‍ വര്‍ഷത്തിലേക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ കാലെടുത്തുവെക്കുമ്പോള്‍ പ്രിയതാരത്തിന്‍റേതായി വരാനുള്ളത് കൗതുകമുണര്‍ത്തുന്ന പല ചിത്രങ്ങളാണ്.
മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം നായകനാവുന്ന ഒരു ശ്രദ്ധേയ ചിത്രം തിയറ്ററുകളില്‍ എത്തുന്നതിന്‍റെ ആഹ്ലാദത്തിലാണ് ആരാധകര്‍. ഭാഷാഭേദമന്യെ ഇന്ത്യയിലും പുറത്തുെം ആരാധകരെ സൃഷ്ടിച്ച ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമാണ് അത്. എന്നാല്‍ മോഹന്‍ലാലിന്‍റെ ബര്‍ത്ത് ഡേ റിലീസ് എന്ന നിലയില്‍ പ്ലാന്‍ ചെയ്തതല്ല ഇത്. ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഏപ്രില്‍ 2 ആയിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം മുന്‍നിര്‍ത്തി മറ്റൊരു തീയതിയിലേക്ക് മാറ്റേണ്ടിവന്നപ്പോള്‍ അത് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിലേക്ക് എത്തുകയായിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ മൊഴിമാറ്റ പതിപ്പായും ഒരേ ദിവസം തിയറ്ററുകളില്‍ എത്തും. 8 മണിക്കുള്ള ആദ്യ ഷോയിലെ അഭിപ്രായം അറിയാനുള്ള വലിയ കാത്തിരിപ്പിലാണ് പ്രേക്ഷക സമൂഹം.
മലയാളികള്‍ ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒട്ടധികം എന്‍റര്‍ടെയ്നറുകള്‍ സൃഷ്ടിച്ച പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. മോഹന്‍ലാലിന്‍റെ അത്ര തന്നെ നീണ്ട പ്രിയദര്‍ശന്‍റെ കരിയറിലെ 100-ാം ചിത്രം ആയിരിക്കും ഇതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ആക്ഷനോ കോമഡിയോ അല്ല മറിച്ച് സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇത്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. പ്രിയദര്‍ശന്‍റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കുത്തിയാണ്. അതിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ഒരു സംവിധായകന്‍റെ ആദ്യ സിനിമയിലും 100-ാം സിനിമയിലും ഒരേ നടന്‍ നായകനാവുക എന്നത് അപൂര്‍വ്വതയാണ്.
സമീപ വര്‍ഷങ്ങളില്‍ പുതുകാലത്തെ പ്രേക്ഷകാഭിരുചികളോട് ചേര്‍ന്ന തരത്തില്‍ മോഹന്‍ലാലിനെ പ്രസന്‍റ് ചെയ്ത ചിത്രമായിരുന്നു തുടരും. ചിത്രം ബോക്സ് ഓഫീസിലും വന്‍ വിജയമായി. ഈ ചിത്രം ഒരുക്കിയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ പൊലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രം കൂടിയാണ് ഇത്. അതിമനോഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലേത് ഒരു സാധാരണ പൊലീസ് വേഷം ആയിരിക്കില്ലെന്ന് തോന്നിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ പുറത്തെത്തിയിട്ടുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍. ലവ്‍ലജന്‍ എന്നാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മീര ജാസ്മിന്‍ നായികയാവുന്ന ചിത്രത്തില്‍ ജഗദീഷ്, ലാലു അലക്സ്, മനോജ് കെ ജയൻ, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും പ്രധാന താരങ്ങളാണ്.
മോഹന്‍ലാല്‍ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ശ്രദ്ധേയ സംവിധായകരുടെ ചിത്രങ്ങളില്‍ അതും പുതുതലമുറയിലെ ആളുകള്‍ക്കൊപ്പം കാണാനാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ ഏറ്റവും കൊതിക്കുന്നത്. ഏറെനാളായി അവര്‍ കാത്തിരിക്കുന്ന അത്തരത്തിലൊരു പ്രോജക്റ്റ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. മഹേഷിന്‍റെ പ്രതികാരത്തിലൂടെ മോളിവുഡിന്‍റെ ദൃശ്യ സംസ്കാരം മാറ്റിമറിച്ച ദിലീഷ് പോത്തനൊപ്പം ആദ്യമായി ഒരു കൂട്ടുകെട്ടിന് ഒരുങ്ങുകയാണ് മോഹന്‍ലാല്‍. ഷിബു ബേബി ജോണ്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മലൈക്കോട്ടൈ വാലിബന് ശേഷം ഷിബു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രമായിരിക്കും ഇത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടക്കുമെന്നാണ് നിര്‍മ്മാതാവ് അറിയിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ