പ്രഖ്യാപനം നാളെ? ലിജോ- മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍

Published : Oct 24, 2022, 06:13 PM IST
പ്രഖ്യാപനം നാളെ? ലിജോ- മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍

Synopsis

ഷിബു ബേബിജോണിന്‍റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആൻഡ് മേരി ക്രിയേറ്റീവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്

മലയാളം സിനിമാപ്രമികള്‍ക്കിടയില്‍ നിലവില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയിട്ടുള്ള ഒരു പ്രോജക്റ്റ് ഏതെന്ന് ചോദിച്ചാല്‍ അത് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതാവും. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഊഹാപോഹം ഉയര്‍ത്തിയിരുന്ന കാര്യം നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ഇന്നലെ ഔദ്യോഗികമായി സൂചിപ്പിച്ചതോടെ വലിയ കാത്തിരിപ്പിലാണ് ആരാധകര്‍. ട്രേഡ് അനലിസ്റ്റുകളും ഈ പ്രോജക്റ്റ് ഉടന്‍ പ്രഖ്യാപിക്കപ്പെടുമെന്ന് അറിയിച്ചിരുന്നു. ഈ ചിത്രം സംബന്ധിച്ച് ഒരു പുതിയ വിവരവും ഇപ്പോള്‍ എത്തുകയാണ്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നാളെ സംഭവിച്ചേക്കും എന്നതാണ് അത്. ഷിബു ബേബിജോണിനൊപ്പമുള്ള മോഹന്‍ലാലിന്‍റെ ഒരു പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഷിബു ബേബിജോണിന്‍റെ ഉടമസ്ഥതയിലുള്ള പുതിയ നിര്‍മ്മാണ കമ്പനിയാണ് ജോണ്‍ ആൻഡ് മേരി ക്രിയേറ്റീവ്.

ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‍തതും ഷിജു ബേബി ജോണിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മോഹന്‍ലാല്‍ ആയിരുന്നു. പുതിയ പ്രോജക്റ്റ് ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകളിലൂടെ പറഞ്ഞുകൊണ്ടുള്ളതായിരുന്നു ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ഇന്നലത്തെ അപ്ഡേറ്റ്. പുറത്തിറക്കിയ രണ്ട് പോസ്റ്ററുകളില്‍ ഒന്നില്‍ പിരിച്ചുവെച്ച കൊമ്പന്‍ മീശയും ഒരു തോള്‍ സഞ്ചിയുമാണ്. "പ്രതിഭയും പ്രതിഭാസവും ഒന്നാകാൻ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങൾ കൈകോർക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങൾ എത്തുന്നു. ഇന്ത്യൻ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങൾക്കും പ്രവചിക്കാം. നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവർക്ക് ഒരു  കിടിലം സർപ്രൈസ്  കാത്തിരിക്കുന്നു.. ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോൾ ചിലപ്പോൾ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം", എന്നാണ് പോസ്റ്ററുകള്‍ക്കൊപ്പമുള്ള കുറിപ്പ്. നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത് ലിജോ- മോഹന്‍ലാല്‍ പ്രോജക്റ്റ് ആണ് എന്നതിന് ഇതിലും വലി തെളിവ് ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് ആരാധകര്‍. 

അതേസമയം പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ഇന്നലെ ട്വീറ്റും ചെയ്തിരുന്നു. "മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ബിഗ് ബജറ്റ് പിരീഡ് ചിത്രം. മോഹന്‍ലാല്‍ ഒരു ഗുസ്‍തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും", എന്നായിരുന്നു ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്. യുവനിരയിലെ ശ്രദ്ധേയ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് കാണാന്‍ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയാവാറുമുണ്ട്.  

ALSO READ : ബജറ്റ് 12 കോടി, പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 20 കോടി; സൂപ്പര്‍ഹിറ്റിലേക്ക് 'പടവെട്ട്'

മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്താനുള്ള ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിക്കവാറും ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനവും ഇതാവും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോ​ഗിക പ്രഖ്യാപനം
'അന്ന് ലാലേട്ടന്‍ ആദ്യമായി ദേഷ്യപ്പെട്ടു, അതായിരുന്നു കാരണം'; 'തുടരും' ചിത്രീകരണാനുഭവം പറഞ്ഞ് ശ്രീജിത്ത് രവി