'തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്'; അനുസ്മരിച്ച് മോഹന്‍ലാല്‍

By Web TeamFirst Published May 11, 2021, 12:23 AM IST
Highlights

"തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്‍റെ  മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. "

കൊച്ചി: അന്തരിച്ച സംവിധായകനും തിരക്കഥകൃത്തുമായ ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വളരെ വികാര തീവ്രമായാണ് മോഹന്‍ലാല്‍ 'രാജാവിന്‍റെ മകന്‍' അടക്കമുള്ള ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച ഡെന്നീസിനെ ഓര്‍ക്കുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്‍റെ  മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയിൽ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസെന്ന് മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികൾ  കുറിയ്ക്കുമ്പോൾ ഓർമ്മകൾ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ  മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയിൽ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലൻ കഥകൾ, വികാര വിക്ഷോഭങ്ങളുടെ തിരകൾ ഇളകിമറിയുന്ന സന്ദർഭങ്ങൾ, രൗദ്രത്തിൻ്റെ തീയും പ്രണയത്തിൻ്റെ  മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങൾ. ആർദ്രബന്ധങ്ങളുടെ കഥകൾ തൊട്ട്  അധോലോകങ്ങളുടെ കുടിപ്പകകൾ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും  തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിർത്തുന്നു, ഇടറുന്ന വിരലുകളോടെ... 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!