
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമെന്ന കാരണത്താല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് ബറോസ്. ആദ്യമായി ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ് എന്നതും കൌതുകം. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ ഒരു ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ്.
പരിചയസമ്പന്നനായ ഒരു സംവിധായകന്‍റെ മട്ടില്‍ സെറ്റില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ഒപ്പം ബറോസ് എന്ന കഥാപാത്രമായി മാറുന്ന അഭിനേതാവായ മോഹന്‍ലാലിനെയും. മോഹന്‍ലാലിന് സഹായവുമായി സംവിധായകന്‍ ടി കെ രാജീവ് കുമാറും ഛായാഗ്രാഹകന്‍ സന്തോഷ് ശിവനുമുണ്ട്. 3.27 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒരു സാധാരണ ബിടിഎസ് വീഡിയോയില്‍ നിന്ന് ഇതിനെ വേറിട്ടതാക്കുന്നത് അവസാനം അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിലെ ഏതാനും സ്റ്റില്ലുകളാണ്. ഇതിന് പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. മെയ് 6 ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.
ALSO READ : വിപിന്‍ ദാസിന്‍റെ തിരക്കഥ; 'വാഴ' ചിത്രീകരണം പൂർത്തിയായി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ