
'വലിമൈ'ക്കു ശേഷമുള്ള അജിത്ത് കുമാര്‍ (Ajith Kumar) ചിത്രവും സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ, ഇനിയും പേരിട്ടിട്ടില്ലാത്ത 'എകെ 61' (AK 61) അങ്ങനെ തുടര്‍ച്ചയായ മൂന്നാം ചിത്രത്തിലും ഒന്നിക്കുകയാണ് ഈ നടന്‍- സംവിധായകന്‍ കോമ്പിനേഷന്‍. ഏതൊരു അജിത്ത് കുമാര്‍ ചിത്രവും എന്നപോലെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പുതന്നെ വാര്‍ത്തകളില്‍ നിറയുകയാണ് 'എകെ 61'. ചിത്രത്തിലെ ഒരു സുപ്രധാന റോളിലേക്കുള്ള കാസ്റ്റിംഗ് ആണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മോഹന്‍ലാല്‍ (Mohanlal) ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ആ കഥാപാത്രത്തെക്കുറിച്ചും അതിന്‍റെ കാസ്റ്റിംഗിനെക്കുറിച്ചും ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.
ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ കഥാപാത്രമാണ് ഇത്. ഇതിനായി പരിഗണിക്കപ്പെട്ടിരിക്കുന്ന പ്രമുഖ താരങ്ങളുടെ നിരയില്‍ മോഹന്‍ലാല്‍ മാത്രമല്ല ഉള്ളതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന് കൂടുതല്‍ മൂല്യമുണ്ടാക്കുന്നതും അജിത്തിനൊപ്പം നില്‍ക്കാന്‍ പറ്റുന്നതുമായ ഒരു സൂപ്പര്‍താരത്തെയാണ് അണിയറക്കാര്‍ ഈ വേഷത്തിലേക്ക് ആലോചിക്കുന്നത്. ഈ റോളിലേക്ക് മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ള മറ്റൊരാള്‍ തെലുങ്ക് താരം നാഗാര്‍ജുനയാണ് (Nagarjuna). ഇവര്‍ ഇരുവരെയും കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക് സിനിമാ മേഖലകളില്‍ നിന്ന് മറ്റു ചില താരങ്ങളും പരിഗണനയിലുണ്ടെന്ന് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തില്‍ ഉടനീളമുള്ള ഒരു കഥാപാത്രമല്ല ഇത്. നിശ്ചയിക്കുന്ന താരത്തിന്‍റെ 20 മുതല്‍ 25 ദിവസത്തെ കോള്‍ഷീറ്റ് ആണ് ആവശ്യമായി വരിക. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ കാസ്റ്റിംഗില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.
അതേസമയം ചിത്രത്തിലെ നായികാ താരത്തെയും ഇനിയും തീരുമാനിച്ചിട്ടില്ല. അദിതി റാവു ഹൈദരിയാണ് പരിഗണിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍. മറ്റ് മൂന്ന് നടിമാര്‍ കൂടി ഈ റോളിലേക്ക് പരിഗണനയിലുണ്ട്. മാര്‍ച്ച് 9ന് ആരംഭിച്ച് ആറ് മാസം നീളുന്ന ഷെഡ്യൂള്‍ ആയിരിക്കും ചിത്രത്തിന്‍റേത്. 2023ലെ പൊങ്കല്‍ റിലീസ് ആയിട്ടാവും എകെ 61 തിയറ്ററുകളിലെത്തുക. അതേസമയം അജിത്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന വലിമൈയുടെ റിലീസ് ഫെബ്രുവരി 24ന് ആയിരിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിനങ്ങളില്‍ ഉണ്ടായേക്കും.