'വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തം', ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മോഹൻലാല്‍

Published : May 08, 2023, 06:21 PM IST
'വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തം', ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മോഹൻലാല്‍

Synopsis

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് മോഹൻലാല്‍.

താനൂര്‍ ബോട്ടപകടം വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് എന്ന് നടൻ മോഹൻലാല്‍. അപകടത്തില്‍ 22 പേരാണ് മരിച്ചത്. ഇവരില്‍ 15 കുട്ടികളും അഞ്ച് സ്‍ത്രീകളും രണ്ട് പുരുഷൻമാരും ഉള്‍പ്പെടുന്നു. മരണപ്പെട്ടവർക്കുള്ള  ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത് എന്ന് മോഹൻലാല്‍ ഫേസ്‍ബുക്കില്‍ കുറിച്ചു. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്‍ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഹോസ്‍പിറ്റലിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും മോഹൻലാല്‍ എഴുതി.

വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത രീതിയിൽ വലിയ ദുരന്തമാണ് താനൂരിൽ ഉണ്ടായത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയത്. 22 പേരുടെ ജീവനാണ് നഷ്‍ടമായത്. അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേർ ആശുപത്രിയിൽ ഉണ്ടായിരുന്നതിൽ രണ്ട് പേർ ആശുപത്രി വിട്ടു, എട്ട് പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.

ബോട്ട് അപകടം നടന്ന താനൂരിൽ മന്ത്രിസഭായോഗവും അതിന്റെ തുടർച്ചയായി എംഎൽഎമാരുടെയും കക്ഷി നേതാക്കളുടെയും യോഗവും ഇന്ന് ചേരുകയുണ്ടായി. മുൻപ് സമാനമായ ദുരന്തങ്ങളുണ്ടായപ്പോൾ നടത്തിയ പരിശോധനകളുടെ ഭാഗമായി നിഷ്‍കർഷിച്ച കരുതൽ നടപടികൾ ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. താനൂർ ദുരന്തത്തെ സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ സാങ്കേതിക വിദഗ്‍ധർ കൂടി ഉൾകൊള്ളുന്ന ഒരു ജുഡിഷ്യൽ കമ്മിഷൻ എന്നതാണ് കാണുന്നത്. അതോടൊപ്പം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചുകൊണ്ടുള്ള പൊലീസ് അന്വേഷണവും നടത്തും. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുക. കുറ്റമറ്റ അന്വേഷണം ഈ അപകടവുമായി ബന്ധപ്പെട്ട് നടത്തുകയും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികയും ചെയ്യും. ഇത്തരം അപകടങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാനും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നടപടികൾ കൈക്കൊള്ളുകയും ചെയ്യും. സംഭവമറിഞ്ഞ ഉടൻ തന്നെ മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് അടിയന്തിര രക്ഷാപ്രവർത്തനത്തിനുള്ള ഇടപെടൽ സർക്കാർ നടത്തിയിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. സേനയിലെ മുങ്ങൽ വിദഗ്ദ്ധരും ഇതിൽ പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾ നിർണ്ണായകമായ പങ്കാളിത്തമാണ് രക്ഷാപ്രവർത്തനത്തിൽ വഹിച്ചത്. ദുരന്തനിവാരണ സേനയും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് സജീവമായി ഇടപെട്ടു. മന്ത്രിമാരും എംഎൽഎമാരും രക്ഷപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്നലെ രാത്രി തന്നെ രംഗത്തുണ്ടായിരുന്നു. ജീവൻ നഷ്‍ടമായവരുടെ കുടുംബത്തിന് ഒന്നും പരിഹാരമാവില്ലെങ്കിലും സർക്കാർ എന്ന നിലയിൽ മരണമടഞ്ഞ ഓരോ ആളുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. ഒരു വാക്കുകൊണ്ടും ആശ്വസിപ്പിക്കാൻ കഴിയുന്ന നഷ്‍ടമല്ല മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുണ്ടായിട്ടുള്ളത്. ആ കുടുംബങ്ങളുടെ ദുഃഖത്തിൽ ഈ നാടാകെ പങ്കുചേരുകയാണ്. അനുശോചനം രേഖപ്പെടുത്തുന്നുനെന്നും പിണറായി വിജയൻ എഴുതി.

Read More: 'അങ്ങേയറ്റം ദുഃഖം', താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി; 'മരിച്ചവരുടെ കുടുംബത്തിനൊപ്പം', പ്രാർഥനയും

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ