
മോഹൻലാലിന്റ ആദ്യ സംവിധാനം സംരഭം എന്നതിനാല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് 'ബറോസ്'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തംരഗമായി മാറിയിരുന്നു. ഇപ്പോഴിതാ 'ബറോസ്' എന്ന ചിത്രത്തിന്റെ മേയ്‍ക്കിംഗ് ഗ്ലിംപ്‍സ് പുറത്തുവിട്ടിരിക്കുകയാണ് (Barroz).
രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍. 'മൈ ഡിയർ കുട്ടിച്ചാത്തനി'ലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് 'ബറോസിലും' ഉപയോഗിക്കുന്നുണ്ട്. 'ബറോസ്' അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് അടുത്തിടെ മോഹൻലാൽ പറഞ്ഞിരുന്നു. ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ വേദിയിൽ വച്ചായിരുന്നു ബറോസിനെ കുറിച്ചുള്ള മോഹൻലാലിന്റെ പ്രതികരണം. 'ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് വേണം. അൺയൂഷ്യുൽ ആയിട്ടുള്ള സിനിമയായിരിക്കും 'ബറോസ്'. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ', എന്നാണ് മോഹൻലാൽ പറഞ്ഞത്.
ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹൻലാലിന് പുറമേ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. 'സെക്സ് ആൻഡ് ലൂസിയ', 'ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവൻ', തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
ജീത്തു ജോസഫിന്റെ 'ട്വൽത്ത് മാൻ' ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ. 'റാം', 'എമ്പുരാൻ', 'എലോൺ' തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Read More : മറ്റൊരു കിടിലന്‍ പാട്ടുമായി ശ്രീനാഥ് ഭാസി, 'ചട്ടമ്പി'യുടെ പ്രൊമോ ഗാനം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ