'പ്രത്യാശയുടെ ദീപസ്‍തംഭമാകട്ടെ ആ വെളിച്ചം'; ഐക്യദീപത്തില്‍ പങ്കാളികളാവാന്‍ അഭ്യര്‍ഥിച്ച് മോഹന്‍ലാല്‍

By Web TeamFirst Published Apr 5, 2020, 1:09 PM IST
Highlights

ഞായറാഴ്‍ച രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം വീടുകളിലെ വിളക്കുകള്‍ അണച്ച് വാതില്‍ക്കലോ ബാല്‍ക്കണിയിലോ നിന്ന് ദീപങ്ങള്‍ തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

കൊവിഡ് 19 മഹാമാരിക്കെതിരെയുള്ള രാജ്യത്തിന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐക്യദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മോഹന്‍ലാല്‍. എല്ലാവരും ചേര്‍ന്ന് തെളിക്കുന്ന വെളിച്ചം പ്രത്യാശയുടെയും രാജ്യത്തെ മുഴുവന്‍ പൌരന്മാരോടുമുള്ള ഐക്യപ്പെടലിന്‍റെയും ദീപസ്‍തംഭമാകട്ടെയെന്ന് മോഹന്‍ലാല്‍ ആശംസിച്ചു. ഐക്യദീപത്തില്‍ പങ്കാളികളാവാന്‍ എല്ലാവരോടും താന്‍ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍ത വീഡിയോ സന്ദേശത്തിലൂടെ ഇംഗ്ലീഷിലാണ് മോഹന്‍ലാലിന്‍റെ പ്രതികരണം.

"രാജ്യം കൊവിഡ് 19 എന്ന എന്ന മഹാമാരിക്കെതിരെയുള്ള നിശബ്ദ യുദ്ധത്തില്‍ ആയിരിക്കുമ്പോള്‍, അദൃശ്യനായ ഈ ശത്രുവിനെതിരെ പോരാടാന്‍ ഇച്ഛാശക്തിയുടെ കരുത്തോടെ ഒരുമിച്ചു നില്‍ക്കുകയാണ് നാം. രാജ്യമാകെ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൌണിനിടയില്‍, ബുദ്ധിമുട്ടുള്ള ഈ സമയത്ത് മനോവീര്യം ഉയര്‍ത്താനുള്ള ഒരു നടപടി എന്ന നിലയില്‍ നമ്മുടെ വീടുകള്‍ക്കു മുന്‍പില്‍ ഇന്ന് രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം ദീപം തെളിയിക്കാന്‍ എല്ലാവരും ഒരുങ്ങണമെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. പ്രത്യാശയുടെയും രാജ്യത്തെ മുഴുവന്‍ പൌരന്മാരോടുമുള്ള ഐക്യപ്പെടലിന്‍റെയും ദീപസ്തംഭമായിരിക്കണം നമ്മള്‍ കൊളുത്തുന്ന വിളക്കുകള്‍. വീടുകള്‍ക്ക് മുന്നില്‍ ഇന്ന് രാത്രി ദീപം തെളിക്കാന്‍ നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ ഒത്തുചേരലിന് എന്‍റെ എല്ലാ ഭാവുകങ്ങളും. ആ വെളിച്ചം നമ്മുടെ മനോദാര്‍ഢ്യമാവട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു", മോഹന്‍ലാല്‍ പറഞ്ഞു.

ഞായറാഴ്‍ച രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം വീടുകളിലെ വിളക്കുകള്‍ അണച്ച് വാതില്‍ക്കലോ ബാല്‍ക്കണിയിലോ നിന്ന് ദീപങ്ങള്‍ തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. കൊവിഡ് 19ന് എതിരെയുള്ള രാജ്യത്തിന്‍റെ പോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യമെന്ന നിലയ്ക്കാണ് ഈ ആശയത്തെ പ്രധാനമന്ത്രി അവതരിപ്പിച്ചത്. ചെരാതുകള്‍, മെഴുകുതിരി, മൊബൈല്‍ വെളിച്ചം, ടോര്‍ച്ച് ഇവയില്‍ ഏതെങ്കിലും തെളിയിച്ച് കൊറോണ പരത്തുന്ന ഇരുട്ടിനെ വെല്ലുവിളിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. അതേസമയം ഐക്യദീപത്തിന്‍റെ സമയത്ത് ഒരാള്‍പോലും വീടിനു പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തേ ഐക്യദീപത്തിന് പിന്തുണയുമായി മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.

click me!