
മോഹന്‍ലാലിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളിലെത്തിയത് ഇന്നാണ്. വമ്പന്‍ സ്ക്രീന്‍ കൗണ്ടുമായി ചിത്രം ലോകമെങ്ങും പ്രദര്‍ശനത്തിനെത്തിയ ദിവസം മോഹന്‍ലാല്‍ കേരളത്തില്‍ ഇല്ല. മറിച്ച് ദുബൈയിലാണ് അദ്ദേഹം. ഇപ്പോഴിതാ ദുബൈയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഒരു കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തുമുണ്ട് എന്നതാണ് ഫോട്ടോയുടെ ഹൈലൈറ്റ്.
വാലിബന്‍ റിലീസിന് ശേഷം മോഹന്‍ലാല്‍ പങ്കെടുക്കാന്‍ പോകുന്ന ചിത്രീകരണം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ സീക്വല്‍ എമ്പുരാന്‍ ആണ്. ഇതിന്‍റെ യുഎസ്എ ഷെഡ്യൂള്‍ ആണ് ഇനി നടക്കാനുള്ളത്. യുഎസിലേക്ക് പോകുന്നതിന് മുന്നോടിയായാണ് മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയത്. അതേസമയം സ്വകാര്യ സന്ദര്‍ശനത്തിനായാണ് മമ്മൂട്ടി കുടുംബസമേതം ദുബൈയില്‍ എത്തിയത്. മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും സുഹൃത്തായ സനില്‍ കുമാര്‍ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അതേസമയം മലൈക്കോട്ടൈ വാലിബന്‍ മോഹന്‍ലാല്‍ ദുബൈയിലെ തിയറ്ററില്‍ ഇന്ന് കണ്ടു. സുഹൃത്ത് സമീര്‍ ഹംസ അടക്കമുള്ളവര്‍ ഒപ്പം ഉണ്ടായിരുന്നു.
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രേക്ഷകപ്രതീക്ഷയുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതായിരുന്നു ഇതിന് കാരണം. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഴിഞ്ഞ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തില്‍ നായകന്‍ മമ്മൂട്ടി ആയിരുന്നു.
ALSO READ : രണ്ട് മാസത്തെ കാത്തിരിപ്പ്; 'അനിമല്‍' ഇനി ഒടിടിയില്‍ കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം