
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു 2007 ല്‍ പുറത്തെത്തിയ ഹലോ. റാഫി മെക്കാര്‍ട്ടിന്‍റെ രചനയിലും സംവിധാനത്തിലും എത്തിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ജഗതി, മധു, ഗണേഷ് കുമാര്‍, ജനാര്‍ദ്ദനന്‍, ജഗദീഷ് തുടങ്ങി വലിയ താരനിരയും ഉണ്ടായിരുന്നു. പാര്‍വതി മില്‍ട്ടണ്‍ ആയിരുന്നു നായിക. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു ഓര്‍മ്മ പങ്കുവെക്കുകയാണ് പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനയ്ക്കല്‍. ഹലോയുടെ പ്രൊഡക്ഷന്‍ ചുമതലയും അദ്ദേഹത്തിന് ആയിരുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയ ആദ്യ ദിനം തേടിയെത്തിയ ദു:ഖവാര്‍ത്തയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം ഒരു ലൊക്കേഷന്‍ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഹലോ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗിന്റെ ഫോട്ടോകളിൽ ഒന്നാണിത്. വരിക്കാശ്ശേരി മനയാണ് ലൊക്കേഷൻ. സാധാരണ എന്റെ സുഹൃത്തുക്കളൊക്കെ ഞാനുമായി ഫോണിൽ സംസാരിക്കുമ്പോൾ ഏതാണ് അടുത്ത പടം എന്നൊക്കെ ചോദിക്കാറുണ്ട്. ഞാൻ പടത്തിന്റെ പേരും പറയും. ഈ പടം വന്നപ്പോൾ ഇതേ ചോദ്യത്തിന് ഞാൻ ഹലോ എന്ന് മറുപടി പറയും. ഉടനെ അവിടെനിന്ന് ഹലോ എന്ന് തിരിച്ച് പറയും. അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കുന്നില്ല എന്ന രീതിയിലാണ് അവർ ഹലോ എന്ന് പറയുന്നത്. ഹലോ എന്ന് രണ്ടോ മൂന്നോ തവണ അങ്ങോട്ടും ഇങ്ങോട്ടും ആവർത്തിച്ച ശേഷമാണ് ഇത് സിനിമയുടെ പേരാണെന്ന് അവർക്ക് മനസ്സിലാകുന്നത്.
ഒറ്റപ്പാലം ഊട്ടി തിരുവനന്തപുരം ഇവിടങ്ങളിൽ ഒക്കെയായിരുന്നു ലൊക്കേഷൻ. ജിതിൻ ആർട്സിന്റെ ബാനറിൽ ജോയ് ശക്തികുളങ്ങര നിർമ്മിച്ച ഈ ചിത്രം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തത് റാഫി മെക്കാർട്ടിനാണ്. വലിയ ഹിറ്റായിരുന്നു ഈ സിനിമ. എല്ലാവർക്കും സന്തോഷം നൽകിയ ഈ വിജയത്തോടൊപ്പം ഷൂട്ടിംഗ് തുടങ്ങി ഒന്നാമത്തെ ദിവസം ദുഃഖകരമായ ഒരു സംഭവം കൂടി നടന്നു. പൂജയൊക്കെ കഴിഞ്ഞ് ആദ്യത്തെ ഷോട്ട് എടുത്ത് കഴിയുമ്പോഴേക്കും വാർത്തയെത്തി. ലാലേട്ടന്റെ അച്ഛന് അസുഖം കൂടുതലാണ്. വിവരം അറിഞ്ഞ ഉടൻ ഷൂട്ടിംഗ് നിർത്തിവെച്ച് ലാലേട്ടൻ മടങ്ങി. ദുഃഖകരമായ വസ്തുത ആ ദിവസം തന്നെ ഈ ലോകത്തിലെ എല്ലാ കടമകളും പൂർത്തിയാക്കിയശേഷം ലാലേട്ടന്റെ അച്ഛനും ദൈവത്തിനടുത്ത് മടങ്ങി എന്നതാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ