
മലയാളത്തിലെ മുതിര്‍ന്ന ചലച്ചിത്ര നിര്‍മ്മാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ- 90) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. 90-ാം പിറന്നാളാഘോഷത്തിന് കുടുംബം തയ്യാറെടുക്കവെയാണ് ജോണിന്‍റെ മരണം. ആദ്യകാല സിനിമാ നിർമാണ- വിതരണ കമ്പനിയായ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ എന്‍ ജി ജോണ്‍ നിർമ്മിച്ചിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ എക്‌സ് ജോർജിന്റെ മകനാണ് ജിയോ കുട്ടപ്പൻ എന്ന എൻ ജി ജോൺ.
കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയും പി സുബ്രഹ്‍മണ്യത്തിന്റെ മെറിലാന്‍റ് സ്റ്റുഡിയോയും മലയാളത്തിൽ വേരുപിടിക്കും മുന്‍പ് ആ ചരിത്രത്തോടൊപ്പം പിച്ചവെച്ച മനുഷ്യനാണ് ജിയോ കുട്ടപ്പൻ. 1939 ൽ സൗത്ത് ഇന്ത്യൻ ഫിലിം ചേബർ ഓഫ് കോമേഴ്സ് രൂപം കൊണ്ട കാലം മുതൽക്ക് തന്നെ ജിയോ പിക്ച്ചേഴ്സ് സംഘടനയിൽ അംഗമായിരുന്നു. 1966 ൽ അദ്ദേഹം കേരള ഫിലിം ചേംബർ പ്രസിഡണ്ടും സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. ആറ് വർഷം ഫിലിം ചേംബർ പ്രസിഡന്‍റ് ആയിരുന്നു. ജിയോ കുട്ടപ്പൻ നിർമ്മിച്ചവയിൽ ഏറെയും ഐ വി ശശി സിനിമകളാണ്. ഐ വി ശശിയുടെ ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലു , ഇത്രയും കാലം എന്നീ ചിത്രങ്ങൾ നിർമ്മിച്ചു.
ജെ ശശികുമാറിന്റെ മിനിമോൾ, എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രന്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, സുകുമാരനും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തിയ മണിരത്‌നത്തിന്റെ മലയാള ചിത്രം ഉണരൂ തുടങ്ങി സിനിമകളുടെയും നിർമാതാവാണ്. മലയാള സിനിമയുടെ വിതരണ നിർമ്മാണ രംഗത്തെ ഏഴ് പതിറ്റാണ്ടിന്റെ അനുഭവങ്ങൾ ക്രോഡീകരിച്ചതാണ് എൻ ജി ജോണിന്റെ സിനിമയും ഞാനും - 70 വർഷങ്ങൾ എന്ന പുസ്തകം. സംസ്കാരം വ്യാഴാഴ്ച ഇടപ്പള്ളി പൈപ്പ്ലൈൻ റോഡ് തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആദരാഞ്ജലികൾ അര്‍പ്പിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ