
സിനിമാതാരങ്ങളുടെ ജനപ്രീതിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവുക വളരെ സ്വാഭാവികമായ കാര്യമാണ്. അഭിനയിക്കുന്ന ചിത്രങ്ങളുടെ വിജയപരാജയങ്ങളാണ് അതിനെ നേരിട്ട് സ്വാധീനിക്കാറ്. എന്നാല്‍ ദീര്‍ഘകാലം പ്രേക്ഷകരുടെ കണ്‍വെട്ടത്ത് അവരുടെ പ്രിയം നേടി നില്‍ക്കുന്ന താരങ്ങളുടെ ജനപ്രീതിയില്‍ സമകാലികമായുണ്ടാവുന്ന ചില പരാജയങ്ങളൊന്നും അങ്ങനെ പോറല്‍ ഏല്‍പ്പിക്കാറില്ല. അതിന് ഉദാഹരണമാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സിന്‍റെ മലയാളത്തിലെ നായക നടന്മാരുടെ ഏറ്റവും പുതിയ ജനപ്രിയ ലിസ്റ്റ്. ജനപ്രീതിയില്‍ മുന്നിലുള്ള അഞ്ച് നായക നടന്മാരുടെ ലിസ്റ്റ് ആണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സെപ്റ്റംബറിലെ ലിസ്റ്റ് ആണിത്. ഒന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ ഇടംപിടിച്ചിരിക്കുന്ന ലിസ്റ്റില്‍ രണ്ടാമത് മമ്മൂട്ടിയാണ്. മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുല്‍ഖര്‍ സല്‍മാനും അഞ്ചാമത് ഫഹദ് ഫാസിലും. ഇവര്‍ തന്നെ പ്രസിദ്ധീകരിച്ച ഓഗസ്റ്റിലെ ലിസ്റ്റിന്‍റെ തനിയാവര്‍ത്തനമാണ് പുതിയ ലിസ്റ്റും. ഓര്‍മാക്സിന്‍റെ ഇതുവരെയുള്ള മലയാളം പോപ്പുലര്‍ ലിസ്റ്റുകളിലെല്ലാം ആദ്യ സ്ഥാനത്ത് മോഹന്‍ലാല്‍ ആയിരുന്നു.
സമീപകാലത്ത് ഹിറ്റുകള്‍ കുറവായിരുന്ന മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫി പ്രേക്ഷകാവേശം സൃഷ്ടിക്കുന്നതാണ്. ജീത്തു ജോസഫിന്‍റെ നേര്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, മോഹന്‍ലാലിന്‍റെ തന്നെ സംവിധാന അരങ്ങേറ്റമായ ബറോസ്, പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം വൃഷഭ, ലൂസിഫര്‍ രണ്ടാം ഭാഗമായ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍, ജീത്തു ജോസഫിന്‍റെ റാം എന്നിങ്ങനെയാണ് മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫി. അതേസമയം സിനിമകളുടെ തെരഞ്ഞെടുപ്പില്‍ എപ്പോഴും പരീക്ഷണാത്മകത പുലര്‍ത്താറുള്ള മമ്മൂട്ടി കരിയറിലെ മികച്ച കാലത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ കണ്ണൂര്‍ സ്ക്വാഡ് നേടിയ വിജയത്തിന്‍റെ ആഹ്ലാദത്തിലാണ് അദ്ദേഹം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.
ALSO READ : ബജറ്റ് 1.5 കോടി; പഴയ 'വിക്രം' സാമ്പത്തിക വിജയമോ? അന്ന് നേടിയ കളക്ഷന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക